ലഖ്നൗ: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അതിജീവിതയുടെ അമ്മയെ വെടിവെച്ച് കൊലപ്പെടുത്തി 22കാരന്‍ ജീവനൊടുക്കി. പ്രതി നടത്തിയ വെടിവെപ്പില്‍ അതിജീവിതയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് യുവാവ് അറസ്റ്റിലായത്. രണ്ടുമാസം മുന്‍പ് കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങി. പിന്നാലെ അമ്മയ്ക്കൊപ്പം ഇയാള്‍ ഡല്‍ഹിയിലേക്ക് താമസം മാറിയിരുന്നു. ഇതിനിടെയാണ് ഉന്നാവിലെത്തി ആക്രമണം നടത്തിയത്.

അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ 22-കാരനായ പ്രതി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ പിന്നീട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയെന്നാണ് കണ്ടെത്തല്‍.

പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് നേരത്തെ ചിത്രീകരിച്ച ഒരു വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. വെടിവെപ്പ് നടത്തിയതില്‍ കുറ്റസമ്മതം നടത്തിയ ഇയാള്‍, തനിക്കെതിരേയുള്ള പീഡനക്കേസ് വ്യാജമാണെന്നാണ് വീഡിയോയില്‍ അവകാശപ്പെടുന്നത്.

അതിജീവിതയുടെ വീട്ടുവളപ്പിലേക്ക് മതില്‍ചാടി കടന്ന പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി കുടുംബാംഗങ്ങള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അതിജീവിതയുടെ അമ്മയായ 48-കാരിയെ പിന്നീട് പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതിജീവിതയുടെ അച്ഛനും രണ്ട് സഹോദരിമാര്‍ക്കും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും ഏതാനും മീറ്ററുകള്‍ക്ക് അകലെയാണ് പ്രതിയെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.