തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിനിയായ 13-കാരിയെ തട്ടിയെടുക്കാനും ശ്രമം നടന്നുവെന്ന് സൂചന. കുട്ടിയെ കണ്ടെത്തുമ്പോള്‍ ഒരുകൂട്ടം സ്ത്രീകള്‍ കുട്ടിക്കുവേണ്ടി അവകാശവാദം ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. ഇതിനൊപ്പം കുട്ടി കന്യാകുമാരിയിലേക്ക് പോയ അതേ കമ്പാര്‍ട്‌മെന്റിലും ചില ഇതര സംസ്ഥാനക്കാര്‍ ഉണ്ടായിരുന്നു. ഇവരാണോ കുട്ടിയെ കന്യാകുമാരിയില്‍ നിന്നും ചെന്നൈ വഴി അസമിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന സംശയം സജീവമാണ്. കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെ കുട്ടിയുടെ ഫോട്ടോ എടുത്ത ബബിതയും ആ കമ്പാര്‍ട്ട്‌മെന്റില്‍ ഇതര സംസ്ഥാനക്കാര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ വിശാഖപട്ടണത്ത് നിന്നും തീവണ്ടിയില്‍ യാത്ര തുടരുകയും ചെയ്തു.

വിശാഖപട്ടണത്ത് തിരച്ചിലിന് വന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളുടെ തുടര്‍ച്ചയായ ചോദ്യങ്ങളില്‍ ഇവര്‍ പതറി. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചതിനെത്തുടര്‍ന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. 'കുട്ടി മുകളിലെ ബെര്‍ത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. അടുത്തിരുന്ന കുടുംബത്തോട് ചോദിച്ചപ്പോള്‍ തങ്ങളുടെ കുട്ടിയല്ലെന്ന് പറഞ്ഞു. അപ്പുറത്തെ ക്യാബിനില്‍ ഇരിക്കുന്ന സ്ത്രീകളുടെ കുട്ടിയാണെന്ന് പറഞ്ഞു. അവര്‍ കുട്ടിക്കായി അവകാശവാദം ഉന്നയിച്ചു. തങ്ങളുടെ കുട്ടിയാണെന്ന് പറഞ്ഞു. തുടര്‍ച്ചയായ ചോദ്യങ്ങളില്‍ അവര്‍ പതറി. ഇതിനിടെ കുട്ടിയെ ഉണര്‍ത്തി പ്രചരിക്കപ്പെട്ട ഫോട്ടോയുമായി താരതമ്യംചെയ്ത് ഉറപ്പിച്ചു', മലയാളി അസോസിയേഷനിലെ എ.ആര്‍.ജി. ഉണ്ണിത്താന്‍ വിശദീകരിച്ചിരുന്നു.

'ഇതരസംസ്ഥാന തൊഴിലാളികളായിരുന്ന സ്ത്രീകളായിരുന്നു കുട്ടിക്കുവേണ്ടി അവകാശവാദം ഉന്നയിച്ചത്. ടിക്കറ്റും മറ്റും ചോദിച്ചപ്പോള്‍ സംഘം പരിഭ്രമിച്ചു. കുട്ടിയുമായി പുറത്തിറങ്ങിയപ്പോള്‍ അവര്‍ കാര്യമായി പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. കുട്ടിയുടെ പേര് ചോദിച്ചപ്പോള്‍ കൃത്യമായി പറഞ്ഞു. കേരളത്തില്‍നിന്ന് അച്ഛനേയും അമ്മയേയും വിട്ട് വന്നതാണോ എന്ന ചോദിച്ചപ്പോള്‍ കുട്ടി അതേയെന്ന് മറുപടി പറഞ്ഞു. ഇത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. തുടര്‍ന്ന് ആര്‍.പി.എഫിന്റെ വനിതാ കോണ്‍സ്റ്റബിളിന് കുട്ടിയെ കൈമാറി', കുട്ടിയെ കണ്ടെത്തിയ സംഘത്തിന് പറയാനുള്ളത് ഇതാണ്. ഇതിനൊപ്പം ബബിതയുടെ വെളിപ്പെടുത്തല്‍ കൂടിയാകുമ്പോള്‍ കന്യാകുമാരിയിലേക്കുള്ള യാത്രയിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരിലും സംശയം എത്തുന്നു.

ക്ലാസ് കഴിഞ്ഞ് പതിവുപോലെ തമ്പാനൂരില്‍നിന്ന് നെയ്യാറ്റിന്‍കരയിലേക്കു പോകാനായി തീവണ്ടിയില്‍ കയറി. ഉച്ചയ്ക്ക് ഒരുമണി സമയം. കൂടെ രണ്ടു കൂട്ടുകാരികളും ഉണ്ടായിരുന്നു. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ഇരിക്കുമ്പോഴാണ് കുട്ടിയെ കണ്ടത്. കുട്ടിയുടെ വേഷവും കരഞ്ഞു തളര്‍ന്നപോലുള്ള മുഖഭാവവും കണ്ടപ്പോള്‍ത്തന്നെ ഒരു സംശയംതോന്നി. ഒരു ബാഗുണ്ടായിരുന്നു. അതില്‍ മണ്ണ് പറ്റിപ്പിടിച്ചിരുന്നു. കൈയില്‍ നോട്ട് ചുരുട്ടി പിടിച്ചിരുന്നു. പിന്നെ ബസ് ടിക്കറ്റ് പോലെ എന്തോ ഉണ്ടായിരുന്നു. വീട്ടില്‍നിന്നിറങ്ങിവന്നതുപോലുള്ള വേഷം. ഞങ്ങള്‍ക്കു തൊട്ടടുത്തുള്ള സീറ്റുകളില്‍ ഹിന്ദിക്കാരെപ്പോലെ കുറച്ചുപേരും-ബബിത പറയുന്നു.

അക്കൂട്ടത്തിലുള്ളതാവാം, ചിലപ്പോള്‍ മാറിയിരിക്കുന്നതായിരിക്കാമെന്നു കരുതി. എന്നാലും ഒരു പന്തികേട് തോന്നിയതുകൊണ്ട് ഫോട്ടോയെടുത്തു. കുട്ടി അതു ശ്രദ്ധിച്ചു, പിന്നെ തുറിച്ചുനോക്കി. എന്തെങ്കിലും ചോദിക്കണമെന്നു കരുതിയെങ്കിലും മറ്റ് സീറ്റുകളിലിരിക്കുന്നവരുടെ ആരെങ്കിലും ആയിരിക്കുമെന്നു കരുതി മിണ്ടാതെയിരുന്നു-ഇതായിരുന്നു ബബിതയുടെ വിശദീകരണം. അതായത് ഈ തീവണ്ടിയിലും ചില ഹിന്ദിക്കാരുണ്ടായിരുന്നു. അവരുടെ ഉപദേശമനുസരിച്ചാണോ കുട്ടി ചെന്നൈയില്‍ നിന്ന് താംബരം തീവണ്ടിയില്‍ കയറിയതെന്നും സംശയമുണ്ട്.

കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവില്‍ ആര്‍പിഎഫിന്റെ സംരക്ഷണയിലാണ്. വൈകാതെ ചൈല്‍ഡ്‌ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താംബരം എക്‌സ്പ്രസില്‍ കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നല്‍കുക. കുട്ടിയ്ക്ക് കൗണ്‍സലിംഗ് കൊടുക്കും. അതേസമയം, കുട്ടിയെ വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം.