- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിന്റെ അന്ധകാരത്തെ സ്‌നേഹാഗ്‌നി കൊണ്ട് കീഴടക്കിയ ചരിത്രപരമായ വിപ്ലവം; വിദ്വേഷം വെടിഞ്ഞ് ഐക്യത്തിന്റെ പാത സ്വീകരിക്കണം; വിശുദ്ധരുടെ ത്യാഗനിര്‍ഭരമായ ജീവിതം മാതൃകയാക്കി ലോകമെങ്ങും സ്‌നേഹസന്ദേശം എത്തിക്കണമെന്ന് മാര്‍പ്പാപ്പ; വിശ്വശാന്തിയുടെ ഉയിര്‍പ്പുതിരുനാള്‍; യുദ്ധക്കെടുതികള്‍ക്കിടയില്‍ പ്രത്യാശയുടെ പ്രകാശമായി ഈസ്റ്റര്‍

കൊച്ചി: മരണത്തെ തോല്‍പിച്ച് യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അന്ധകാരത്തിന്മേല്‍ പ്രകാശവും അധര്‍മ്മത്തിന്മേല്‍ ധര്‍മ്മവും നേടിയ വിജയത്തിന്റെ വിളംബരമായി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പള്ളികളില്‍ നടന്ന ഉത്ഥാന തിരുനാള്‍ ചടങ്ങുകളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധം പടരുന്ന പശ്ചാത്തലത്തില്‍, സമാധാനത്തിനായുള്ള പ്രത്യേക യാചനകളോടെയായിരുന്നു ഇത്തവണത്തെ ആഘോഷങ്ങള്‍.
മിഡില്‍ ഈസ്റ്റിലടക്കം വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളിലും അനീതികളിലും തളരാതെ വിശ്വസമാധാനത്തിനായി നിലകൊള്ളണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷം വെടിഞ്ഞ് ഐക്യത്തിന്റെ പാത സ്വീകരിക്കണമെന്നും വിശുദ്ധരുടെ ത്യാഗനിര്‍ഭരമായ ജീവിതം മാതൃകയാക്കി ലോകമെങ്ങും സ്‌നേഹസന്ദേശം എത്തിക്കണമെന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ ദേവാലയങ്ങളിലും ഈസ്റ്റര്‍ ദിന ആഘോഷം സജീവമാണ്.
വിഭജനത്തിന് പകരം ഐക്യം കെട്ടിപ്പടുക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ സന്ദേശത്തില്‍ പറഞ്ഞു. ക്രൂശീകരണത്തിന് ശേഷം ഒരു ഉയിര്‍പ്പുണ്ടെന്ന സത്യം വലിയ പ്രത്യാശയാണ് നല്‍കുന്നത്. വര്‍ഗീയതയും വിദ്വേഷവും പടരുന്ന ഇക്കാലത്ത് സമാധാനം എന്നത് വിദൂര സ്വപ്നമായി തോന്നാം. എന്നാല്‍ ക്രിസ്തു കാണിച്ചുതന്ന സ്‌നേഹത്തിലൂടെ പ്രതിസന്ധികളെ മറികടക്കാനാകുമെന്നും ഓരോ മനുഷ്യനിലും ദൈവരൂപം ദര്‍ശിക്കുമ്പോഴാണ് ഈസ്റ്റര്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരണത്തിന്റെ അന്ധകാരത്തെ സ്‌നേഹാഗ്‌നി കൊണ്ട് കീഴടക്കിയ ചരിത്രപരമായ വിപ്ലവമാണ് മിശിഹായുടെ ഉത്ഥാനമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു. യുദ്ധക്കളങ്ങളില്‍ നിന്നുള്ള നിസ്സഹായരുടെ നിലവിളികള്‍ ഹൃദയഭേദകമായ ഈ കാലഘട്ടത്തില്‍ അതിജീവനത്തിന്റെ കരുത്താണ് ഈസ്റ്റര്‍ പകരുന്നത്. ശൂന്യമായ കല്ലറ വെളിപ്പെടുത്തുന്നത് ദൈവത്തിന്റെ കാലാതീതമായ സാന്നിധ്യമാണ്. പ്രതിസന്ധികളെ ഭയപ്പെടാതെ പുതിയ ജീവിതത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുട്ടിനെ മറികടന്ന് പ്രകാശത്തിലേക്ക് നീങ്ങാനുള്ള ആഹ്വാനമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് കെ.സി.ബി.സി വ്യക്തമാക്കി. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിന് പകരുന്നത് പുതുജീവന്റെ അനുഭവമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ. തോമസ് തറയില്‍ പറഞ്ഞു. സമാധാനപൂര്‍ണ്ണമായ ഒരു പുതിയ പ്രഭാതത്തിനായി പ്രത്യാശയോടെ കാത്തിരിക്കാന്‍ ഈ ദിനം ഏവരെയും പ്രചോദിപ്പിക്കട്ടെയെന്നും സഭ ആശംസിച്ചു.


