തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി മൂര്‍ത്തിയേടത്തു മന സുധാകരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി പി എ പ്രദീപും വസന്തയും കുടുംബവും ആണ് ആനയെ നടയിരുത്തിയത്.

ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പന്‍ ബല്‍റാമിനെയാണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം രാധ, അസി.മാനേജര്‍മാരായ രാമകൃഷ്ണന്‍ ( ക്ഷേത്രം), സുന്ദരരാജന്‍ ( ജീവധനം) പാരമ്പര്യവകാശികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

വഴിപാടു നേര്‍ന്ന പി എ പ്രദീപ്, വസന്ത, കുടുംബാംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.