തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ വിവാദ പരാമർശം കേരള സമൂഹത്തിൽ ഉണ്ടാക്കിയ വിള്ളലുകൾ ചെറുതൊന്നുമല്ല. നാർക്കോട്ടിക് ജിഹാദ് എന്ന പരാമർശവുമായി എത്തിയ ബിഷപ്പിനെ തള്ളിപ്പറയാൻ സർക്കാറും പ്രമുഖരും മടിച്ചതോടെ വിവാദം ആളിക്കത്തുകയായിരുന്നു. ഇതിനിടെയാണ് മതസൗഹാർദ്ദം തളരാതിരിക്കാൻ യോഗം വിളിക്കണമെന്ന ആവശ്യനുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നത്. എന്നാൽ സർക്കാർ ഇതിനോട് മടിച്ചു നൽക്കുകയും ചെയ്തു. മാർ ക്ലീമീസ് മതസൗഹാർദ യോഗം വിളിച്ചെങ്കിലും സീറോ മലബാർ സഭ വിട്ടു നിന്നത് തിരിച്ചടിയായി മാറി.

വിവിധ മത, സമുദായ നേതാക്കളുടെ യോഗത്തിൽനിന്ന് സിറോ മലബാർ കത്തോലിക്കാ സഭാ പ്രതിനിധികൾ വിട്ടുനിന്നത് പ്രശ്‌നപരിഹാര ശ്രമങ്ങൾക്ക് തിരിച്ചടിയായി. സഭയിലെ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് നടത്തിയ ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് പരാമർശങ്ങളെ തുടർന്നുള്ള അന്തരീക്ഷം ലഘൂകരിക്കുന്നതിനാണ് മലങ്കര കത്തോലിക്കാ സഭയിലെ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് മതസൗഹാർദ യോഗം വിളിച്ചത്.

സർക്കാരിന്റെകൂടി പിന്തുണ ഈ ശ്രമത്തിനുണ്ടായിരുന്നതായാണ് വിലയിരുത്തൽ. എന്നാൽ പാലാ ബിഷപ്പിനെ അംഗീകരിക്കാത്ത നിലപാടുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്നാണ് സീറോ മലബാർ സഭയുടെ കടുംപിടുത്തം. എന്നാൽ നാർക്കോടിക് ജിഹാദ് എന്ന വാദത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സമസ്തയും വ്യക്തമാക്കുന്നു.

മാർ ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയുടെ ഉള്ളടക്കത്തെ ശരിവെക്കുംവിധം പാലാ ഉൾപ്പെടുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സഭയുടെ മുഖപത്രമായ ദീപികയിൽ ലേഖനമെഴുതുകയും ചെയ്തു. ബിഷപ്പിന്റെ നിലപാടിനെ തള്ളിപ്പറയുന്ന തരത്തിലുള്ള സമാധാന ശ്രമങ്ങളോട് ആഭിമുഖ്യമില്ലാത്തതിനാലാണ് വിട്ടുനിൽക്കാൻ സഭ തീരുമാനിച്ചത്.

പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ക്രൈസ്തവ, മുസ്ലിം മതനേതാക്കളെ കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദർശിക്കുകയും സംയുക്ത യോഗം വിളിച്ചുചേർക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി സർവകക്ഷി യോഗം വിളിക്കുന്നതിനോട് സർക്കാരിന് താത്പര്യമില്ല. ഇതിനിടെയിലാണ് കർദിനാളിന്റെ താത്പര്യത്തിൽ മതസൗഹാർദ യോഗം ചേർന്നത്. ഈ യോഗവും സർവകക്ഷി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടു. വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം ചൂണ്ടികാട്ടി സർക്കാർ താമസിയാതെ യോഗം വിളിച്ചേക്കും.

മാർ ജോസഫ് പെരുന്തോട്ടം തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിലും യോഗത്തിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ചില മുസ്ലിം സംഘടനകളാകട്ടെ മാർ കല്ലറങ്ങാട് വിവാദപ്രസ്താവന പിൻവലിച്ചാലേ ചർച്ചയ്ക്ക് പ്രസക്തിയുള്ളൂവെന്ന നിലപാടും എടുത്തിരുന്നു. സിറോ മലബാർ സഭ വിട്ടുനിന്നെങ്കിലും മതസൗഹാർദ യോഗത്തിന്റെ ശുപാർശകൾകൂടി ഉൾക്കൊണ്ട് മുന്നോട്ടുപോകാനായിരിക്കും സർക്കാർ ശ്രമിക്കുക.

അതിനിടെ പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് രംഗത്തുവന്നത്. വിഷയത്തിൽ രണ്ടാഴ്‌ച്ച പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി പാലാ ബിഷപ്പിന എതിർത്ത് സംസാരിച്ചത് എന്നതും ശ്രദ്ധേയമാണ്. സാമൂഹ്യ തിന്മമകളെ ഏതെങ്കിലും മതവുമായി ചേർത്തുവയ്ക്കരുതെന്നും ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ തിന്മകൾക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നൽകുന്ന പ്രവണതകൾ മുളയിലെ നുള്ളികളയണം. സാമൂഹ്യ തിന്മകൾക്ക് നേതൃത്വം നൽകുന്നത് സമൂഹത്തിന്റെ പൊതുവായ താത്പര്യങ്ങൾക്ക് വിരുദ്ധമായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി ചേർത്ത് ഉപമിക്കരുത്. ഇത് സമൂഹത്തിലെ വേർതിരിവുകൾ വർധിക്കുവാൻ മാത്രമേ ഉപകരിക്കു. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ തീവ്രവാദ പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തികാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും. ജാതിക്കും അതീതമായി ചിന്തിക്കാനും ജീവിക്കാനും പഠിപ്പിച്ച ഗുരുവിന്റെ ഓർമ പുതുക്കുന്ന ഈ ദിനത്തിൽ ജാതിയേയും മതത്തേയും വിഭജനത്തിനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.