- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫ് രാജ്യങ്ങളിലെ ആശുപത്രികളിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ദേശീയ മാധ്യമങ്ങളിൽ ചിത്രം സഹിതം വാർത്ത; പ്രതിയെ പൊലീസ് സിപിഎം നേതാക്കളുടെ സമ്മർദ്ദ പ്രകാരം വിട്ടയച്ചു എന്ന് ആരോപണം: പണം തിരികെ കൊടുക്കാമെന്ന് സമ്മതം കിട്ടിയെന്ന് പൊലീസ്; തിരുവല്ലക്കാരൻ റിനോ തോമസിനെ രക്ഷിച്ചെടുത്ത വിപ്ലവ കഥ
തിരുവല്ല: വിദേശ രാജ്യങ്ങളിലെ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നുള്ള പരാതിയിൽ സ്റ്റേഷനിൽ ഹാജരായ ആരോപണ വിധേയനെ പൊലീസ് സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് വിട്ടയച്ചുവെന്ന് ആരോപണം. വാങ്ങിയ പണം തിരികെ നൽകാമെന്ന് സമ്മതിച്ചതിനാലാണ് വിട്ടയച്ചതെന്ന് പൊലീസിന്റെ വിശദീകരണം.
തിരുവല്ല കല്ലുങ്കൽ മണത്തറ വീട്ടിൽ റിനോ തോമസിനെയാണ് വിട്ടയച്ചത്. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് തട്ടിപ്പ് കേസിൽ പ്രതിയായ യുവാവിനെ ഒരു അന്വേഷണത്തിന് പോലും മുതിരാതെ വിട്ടയച്ചത്. സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളിലും റിനോയ്ക്കെതിരേ പരാതിയുണ്ട്. ഇവിടെയെല്ലാം സിപിഎം നേതാക്കളുടെ ഇടപെടൽ മൂലം അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്ന് പണം നഷ്ടമായവർ ആരോപിക്കുന്നു.
തൃശൂർ തൃക്കൂർ പുല്ലാനിക്കൽ പിആർ വിനോദ് ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് തൃശൂർ എസിപിക്ക് പരാതി നൽകിയിരുന്നു. ഒരു അന്വേഷണവും ഇക്കാര്യത്തിൽ നടന്നില്ല. തിരുവല്ല സ്വദേശി റിനോ തോമസ് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് 1.47 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. ഫെഡറൽ ബാങ്കിന്റെ ചെന്നൈ ടി നഗർ ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പറഞ്ഞ സമയത്ത് ജോലി കിട്ടാതെ വന്നപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു.
അതിന് ശേഷം ദോഹയിലുള്ള ഹമദ് മെഡിക്കൽ റിക്രൂട്ട്മെന്റ്വിങ് മാനേജർ ആണെന്ന് പറഞ്ഞ് ഖലിഫ ബിൻ ജാസ്മിൻ എന്നയാളുടെ മെയിലിൽ നിന്ന് കുറേ ഫോമും മറ്റും അയച്ചു തന്നു. അതിന് ശേഷം മൊഹമ്മദ് റഷീദ് എന്നയാളുടെ മെയിലിൽ നിന്നും സന്ദേശങ്ങൾ വന്നു. ഇതെല്ലാം റിനോ തോമസ് വ്യാജമായി നിർമ്മിച്ചതാകാമെന്ന് വിനോദ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ജോണി മാത്യു എന്ന ഇ മെയിൽ അഡ്രസ് വഴിയാണ് റിനോ തോമസ് ആശയവിനിമയം നടത്തിയിരുന്നത്.
കൂടുതൽ അന്വേഷിച്ചപ്പോൾ സമാന രീതിയിലുള്ള തട്ടിപ്പ്, വഞ്ചന കേസുകൾ റിനോയ്ക്ക് എതിരേ ഡെൽഹിയിലും കേരളത്തിലുമുള്ളതായി മനസിലാക്കിയെന്ന് വിനോദ് പറയുന്നു. ഗൾഫിലെ പല ആശുപത്രികളുടെയും പേരിൽ ഇയാൾ വ്യാജരേഖ ചമച്ചതായി സംശയിക്കുന്നുവെന്നും വിനോദ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഗൾഫിലുള്ള നമ്പരാണ് ഇയാൾ വാട്സാപ്പിൽ ഉപയോഗിച്ചിരുന്നത്. നാട്ടിൽ മറ്റൊരു നമ്പരാണ് തട്ടിപ്പിന് ഉപയോഗിച്ചത്.
പാലക്കാട് നെന്മാറ പോത്തുണ്ടി അയർപ്പള്ളം പടിഞ്ഞാറേ വീട്ടിൽ എം. വിഷ്ണു, ഹരിപ്പാട് തൃക്കുന്നപ്പുഴ അജിത്ത് നിവാസിൽ സുജിത്ത് എന്നിവർ ഫെബ്രുവരി നാലിന് തിരുവല്ല പൊലീസ് സ്റ്റേഷനിൽ റിനോ തോമസിനെതിരേ പരാതി നൽകി. തങ്ങളുടെ കൈയിൽ നിന്ന് വിദേശജോലി വാഗ്ദാനം ചെയ്ത് 2.64 ലക്ഷം തട്ടിയെന്നായിരുന്നു പരാതി. പരാതിയുമായി ചെന്ന യുവാക്കളെ തിരുവല്ല പൊലീസ് നിരുത്സാഹപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. നിങ്ങളുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു ഉപദേശം. തുടർന്ന് റിനോ തോമസിനെ വിളിച്ചു വരുത്തി.
വിവരമറിഞ്ഞ് സ്റ്റേഷനിൽ വന്ന സിപിഎം നേതാവ് ഇയാളുമായി സ്ഥലം വിടുകയായിരുന്നു. പരാതിക്കാരെ രസീതും നൽകി വിട്ടയച്ചതല്ലാതെ കേസെടുക്കാൻ പൊലീസ് തയാറായില്ല. ഇയാൾക്കെതിരേ തിരുവല്ല സ്റ്റേഷനിൽ തന്നെ മുൻപ് തട്ടിപ്പ് കേസുണ്ടായിട്ടുണ്ട്. ഇയാൾക്ക് എവിടെ ഒക്കെ കേസുണ്ട് എന്ന് അന്വേഷിക്കാൻ പൊലീസ് തയാറല്ല. എന്തു കൊണ്ടാണ് പ്രതിയെ വിട്ടയച്ചതെന്ന് പരാതിക്കാർ ചോദിച്ചപ്പോൾ അയാൾ പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട് എന്നായിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി കോടികളുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ട് എന്നാണ് വിവരം.
ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയിൽ വരെ ഇയാൾ തട്ടിപ്പ് നടത്തിയ വാർത്ത വന്നിരുന്നു. ഇത്തരമൊരാളെയാണ് സിപിഎം നേതാവിന്റെ സ്വാധീനത്തിന് വഴങ്ങി തിരുവല്ല പൊലീസ് വിട്ടയച്ചിരിക്കുന്നത്. പ്രമാദമായ കേസുകൾ ഒതുക്കുന്നത് തിരുവല്ല പൊലീസിൽ പതിവായിരിക്കുകയാണ്. ഹോം സ്റ്റേ വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അടിച്ച കേസിൽ പിടിയിലായ പ്രതികൾ ചിറ്റയം ഗോപകുമാർ എംഎൽഎയുമായി അടുത്തു ബന്ധമുള്ളയാൾ ആറു ലക്ഷം രൂപയുടെ നോട്ട് വെളുപ്പിക്കാൻ കൊണ്ടുവന്നതായി മൊഴി നൽകിയിരുന്നു. അയാൾക്കെതിരേ കേസ് എടുക്കാനോ ചോദ്യം ചെയ്യാനോ തിരുവല്ല പൊലീസ് തയാറായിരുന്നില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്