തിരുവല്ല: ഗൾഫ് രാജ്യങ്ങളിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് തിരുവല്ല കല്ലുങ്കൽ മണത്തറ വീട്ടിൽ റിനോ തോമസ് ലക്ഷങ്ങൾ തട്ടിയെടുത്തത് ഉറ്റ സുഹൃത്തുക്കളും സഹപ്രവർത്തകരും ആയവരിൽ നിന്ന്. ലക്ഷങ്ങൾ വെട്ടിച്ച റിനോയ്ക്കെതിരേ പരാതി ലഭിച്ചിട്ടും കേസെടുക്കാതെ തിരുവല്ല പൊലീസ് വിട്ടയച്ചു. ഇതിനായി സിപിഎമ്മിന്റെ നേതാക്കൾ നടത്തിയ ഇടപെടലും മറുനാടൻ ഇന്നലെ വാർത്തയാക്കിയിരുന്നു.

ഇതിന് പിന്നാലെ മറുനാടൻ ഓഫീസിലേക്ക് വിളിച്ച റിനോ തോമസ് താൻ ആരുടെയും പണം തട്ടിയിട്ടില്ലെന്നും സുഹൃത്തുക്കൾ തമ്മിലുള്ള കൊടുക്കൽ വാങ്ങൽ മാത്രമാണെന്നും ഉടൻ പണം മടക്കി നൽകി സെറ്റിൽ ചെയ്യുമെന്നും അറിയിച്ചു. തനിക്ക് വേണ്ടിയല്ല പണം വാങ്ങിയത്. ഒരു റിക്രൂട്ട്മെന്റ് ഏജൻസിക്ക് വേണ്ടിയാണ്. അതിന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയത് എന്തിനാണെന്ന ചോദ്യത്തിന് മുന്നിൽ റിനോ തപ്പിത്തടഞ്ഞു.

സുഹൃത്തുക്കൾ തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ആണെങ്കിൽ എന്തു കൊണ്ടാണ് സെറ്റിൽ ചെയ്യുന്നത് എന്ന ചോദ്യത്തിനും ഇയാൾക്ക് മറുപടിയില്ലായിരുന്നു. മൂന്നു മാസത്തിനകം പണം മടക്കി നൽകാമെന്ന് താൻ അറിയിച്ചിരുന്നുവെന്നും റിനോ പറയുന്നു.
എന്നാൽ, ഇയാളെ കുറിച്ച് മറുനാടൻ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു.

പരിചയപ്പെടുന്ന ആരിൽ നിന്നും ഇയാൾ കബളിപ്പിച്ച് പണം വാങ്ങാൻ മിടുക്കനാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ജാലഹള്ളിയിലെ ആശുപത്രിയിൽ ഒപ്പം ജോലി ചെയ്തിരുന്നവരും ഒരേ മുറിയിൽ താമസിച്ചിരുന്നവരുമായ യുവാക്കളിൽ നിന്നാണ് മൂന്നു ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തത്. സാമ്പത്തികമായി അത്ര മെച്ചമല്ലാത്ത കുടുംബങ്ങളിലെ അംഗങ്ങളായ യുവാക്കൾ വസ്തു പണയപ്പെടുത്തിയും പലിശയ്ക്ക് എടുത്തുമാണ് പണം നൽകിയത്. കുറച്ചു തുക അക്കൗണ്ട് വഴി നൽകി. ശേഷിച്ചത് നേരിട്ടാണ് കൊടുത്തത്.

നഴ്സുമാരായ യുവതികളിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ട്. ഇവരിൽ ചിലർ ഇയാൾക്കെതിരേ പീഡന ആരോപണവും ഉന്നയിക്കുന്നു. പണം നഷ്ടമായ യുവതികൾ മാനം പോകുമെന്ന് ഭയന്ന് ഇയാൾക്ക് എതിരേ പരാതി നൽകാൻ മടിക്കുകയാണെന്ന് സ്വകാര്യ സംഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഭാഗം ന്യായീകരിക്കാൻ വേണ്ടി മറുനാടൻ ഓഫീസിലേക്ക് വിളിച്ച റിനോയ്ക്ക് പക്ഷേ, ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകാനായില്ല.

അതേ സമയം, രാഷ്ട്രീയ പാർട്ടിക്കാർക്കൊപ്പം നിന്നാണ് പൊലീസും തങ്ങളോട് സംസാരിച്ചതെന്ന് തിരുവല്ലയിൽ പരാതി നൽകിയ തൃക്കുന്നപ്പുഴ സ്വദേശി സുജിത്ത് പറഞ്ഞു. രണ്ടു മാസം മുമ്പാണ് താനും സുഹൃത്ത് വിഷ്ണുവും റിനോയ്ക്ക് പണം നൽകിയത്. ഒരു ചേട്ടനെപ്പോലെ അയാളെ വിശ്വസിച്ചിരുന്നു. അതു കൊണ്ടാണ് പണം കൊടുത്തതും. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പണം തിരികെ ചോദിച്ചു. തന്നില്ല. ഇയാൾ വരുന്നുണ്ടെന്ന് മനസിലാക്കി തിരുവല്ല സ്റ്റേഷനിൽ കാത്തു നിന്നു. വന്നിറങ്ങിയ റിനോ നേരെ വക്കീൽ ഓഫീസിലേക്ക് പോയി. അതിന് ശേഷം സിപിഎം നേതാക്കളെയും കൂട്ടി റിനോയും പിതാവും വന്നു. ഒരു മാസത്തിനകം പണം തങ്ങൾക്ക് മടക്കി കിട്ടണമെന്നാണ് സുജിത്തും വിഷ്ണുവും ആവശ്യപ്പെട്ടത്. മൂന്നു മാസമെടുക്കുമെന്ന് റിനോയും അഭിഭാഷകനും പറഞ്ഞു. മൂന്നു മാസം കാത്തിരിക്കാൻ പൊലീസ് തങ്ങളെ ഉപദേശിച്ചുവെന്നും സുജിത്ത് പറയുന്നു.

റിനോയ്‌ക്കെതിരെ പല കേസുകൾ; മിക്കതും മുക്കിയത് സിപിഎം നേതാക്കൾ

സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളിലും റിനോയ്‌ക്കെതിരേ പരാതിയുണ്ട്. ഇവിടെയെല്ലാം സിപിഎം നേതാക്കളുടെ ഇടപെടൽ മൂലം അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്ന് പണം നഷ്ടമായവർ ആരോപിക്കുന്നു. തൃശൂർ തൃക്കൂർ പുല്ലാനിക്കൽ പിആർ വിനോദ് ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് തൃശൂർ എസിപിക്ക് പരാതി നൽകിയിരുന്നു. ഒരു അന്വേഷണവും ഇക്കാര്യത്തിൽ നടന്നില്ല. തിരുവല്ല സ്വദേശി റിനോ തോമസ് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് 1.47 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. ഫെഡറൽ ബാങ്കിന്റെ ചെന്നൈ ടി നഗർ ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പറഞ്ഞ സമയത്ത് ജോലി കിട്ടാതെ വന്നപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു.

അതിന് ശേഷം ദോഹയിലുള്ള ഹമദ് മെഡിക്കൽ റിക്രൂട്ട്‌മെന്റ്വിങ് മാനേജർ ആണെന്ന് പറഞ്ഞ് ഖലിഫ ബിൻ ജാസ്മിൻ എന്നയാളുടെ മെയിലിൽ നിന്ന് കുറേ ഫോമും മറ്റും അയച്ചു തന്നു. അതിന് ശേഷം മൊഹമ്മദ് റഷീദ് എന്നയാളുടെ മെയിലിൽ നിന്നും സന്ദേശങ്ങൾ വന്നു. ഇതെല്ലാം റിനോ തോമസ് വ്യാജമായി നിർമ്മിച്ചതാകാമെന്ന് വിനോദ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ജോണി മാത്യു എന്ന ഇ മെയിൽ അഡ്രസ് വഴിയാണ് റിനോ തോമസ് ആശയവിനിമയം നടത്തിയിരുന്നത്.

കൂടുതൽ അന്വേഷിച്ചപ്പോൾ സമാന രീതിയിലുള്ള തട്ടിപ്പ്, വഞ്ചന കേസുകൾ റിനോയ്ക്ക് എതിരേ ഡൽഹിയിലും കേരളത്തിലുമുള്ളതായി മനസിലാക്കിയെന്ന് വിനോദ് പറയുന്നു. ഗൾഫിലെ പല ആശുപത്രികളുടെയും പേരിൽ ഇയാൾ വ്യാജരേഖ ചമച്ചതായി സംശയിക്കുന്നുവെന്നും വിനോദ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഗൾഫിലുള്ള നമ്പരാണ് ഇയാൾ വാട്‌സാപ്പിൽ ഉപയോഗിച്ചിരുന്നത്. നാട്ടിൽ മറ്റൊരു നമ്പരാണ് തട്ടിപ്പിന് ഉപയോഗിച്ചത്.

പാലക്കാട് നെന്മാറ പോത്തുണ്ടി അയർപ്പള്ളം പടിഞ്ഞാറേ വീട്ടിൽ എം. വിഷ്ണു, ഹരിപ്പാട് തൃക്കുന്നപ്പുഴ അജിത്ത് നിവാസിൽ സുജിത്ത് എന്നിവർ ഫെബ്രുവരി നാലിന് തിരുവല്ല പൊലീസ് സ്റ്റേഷനിൽ റിനോ തോമസിനെതിരേ പരാതി നൽകി. തങ്ങളുടെ കൈയിൽ നിന്ന് വിദേശജോലി വാഗ്ദാനം ചെയ്ത് 2.64 ലക്ഷം തട്ടിയെന്നായിരുന്നു പരാതി. പരാതിയുമായി ചെന്ന യുവാക്കളെ തിരുവല്ല പൊലീസ് നിരുത്സാഹപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. നിങ്ങളുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു ഉപദേശം. തുടർന്ന് റിനോ തോമസിനെ വിളിച്ചു വരുത്തി.

വിവരമറിഞ്ഞ് സ്റ്റേഷനിൽ വന്ന സിപിഎം നേതാവ് ഇയാളുമായി സ്ഥലം വിടുകയായിരുന്നു. പരാതിക്കാരെ രസീതും നൽകി വിട്ടയച്ചതല്ലാതെ കേസെടുക്കാൻ പൊലീസ് തയാറായില്ല. ഇയാൾക്കെതിരേ തിരുവല്ല സ്റ്റേഷനിൽ തന്നെ മുൻപ് തട്ടിപ്പ് കേസുണ്ടായിട്ടുണ്ട്. ഇയാൾക്ക് എവിടെ ഒക്കെ കേസുണ്ട് എന്ന് അന്വേഷിക്കാൻ പൊലീസ് തയാറല്ല. എന്തു കൊണ്ടാണ് പ്രതിയെ വിട്ടയച്ചതെന്ന് പരാതിക്കാർ ചോദിച്ചപ്പോൾ അയാൾ പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട് എന്നായിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി കോടികളുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ട് എന്നാണ് വിവരം.

ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയിൽ വരെ ഇയാൾ തട്ടിപ്പ് നടത്തിയ വാർത്ത വന്നിരുന്നു. ഇത്തരമൊരാളെയാണ് സിപിഎം നേതാവിന്റെ സ്വാധീനത്തിന് വഴങ്ങി തിരുവല്ല പൊലീസ് വിട്ടയച്ചിരിക്കുന്നത്. പ്രമാദമായ കേസുകൾ ഒതുക്കുന്നത് തിരുവല്ല പൊലീസിൽ പതിവായിരിക്കുകയാണ്. ഹോം സ്റ്റേ വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അടിച്ച കേസിൽ പിടിയിലായ പ്രതികൾ ചിറ്റയം ഗോപകുമാർ എംഎൽഎയുമായി അടുത്തു ബന്ധമുള്ളയാൾ ആറു ലക്ഷം രൂപയുടെ നോട്ട് വെളുപ്പിക്കാൻ കൊണ്ടുവന്നതായി മൊഴി നൽകിയിരുന്നു. അയാൾക്കെതിരേ കേസ് എടുക്കാനോ ചോദ്യം ചെയ്യാനോ തിരുവല്ല പൊലീസ് തയാറായിരുന്നില്ല.