കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിൽ അപ്രതീക്ഷിതമായാണ് എക്‌സൈസും കസ്റ്റംസും എത്തിയത്. മയക്കു മരുന്ന് കടത്തി കൊണ്ടു വന്ന ഐ 20 കാർ കസ്റ്റഡിയിൽ എടുത്തു. ആറു പേരെയും പിടികൂടി. പിന്നീട് ഇതിൽ ഒരാളെ വിട്ടയച്ചു. ആഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിൽ വിശദാംശങ്ങൾ തേടി എത്തിയ മറുനാടൻ തിരിച്ചറിഞ്ഞത് മൂന്ന് പട്ടികളുടെ ദുരവസ്ഥയാണ്. പിടിയിലായവരുടെ മൂന്ന് റോഡ് വീലറുകൾ.

കാക്കനാട് വാഴക്കാല മേലേപ്പാടം റോഡിൽ മർഹബ അപ്പാർട്ട്‌മെന്റിൽ നിന്നും മാരകമയക്കുമരുന്നായ എംഡിഎംഎ (84 ഗ്രാം) വിൽപ്പനയ്ക്കായി കൈവശം വച്ചതിന് ഒരു യുവതിയടക്കം 5 പേരെ എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ ശങ്കറും പാർട്ടിയും ചേർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ഇതോടെയാണ് മൂന്ന് റോഡ് വീലർ പട്ടികൾ ആരുമില്ലാതെ ആയത്. കാർ പിടിച്ചെടുത്തെങ്കിലും അതും മർഹബ അപ്പാർട്ട്‌മെന്റിൽ നിന്ന് കൊണ്ടു പോയില്ല. മൂന്ന് പട്ടികളും അതിന് അകത്താണ് കിടക്കുന്നത്. യജമാനന്മാരില്ലാത്തതു കൊണ്ട് ഈ പട്ടികൾ ആഹാരമൊന്നും കഴിക്കുന്നില്ല.

ഏഴു പേരെയാണ് ഇവിടെ നിന്നും പൊലീസ് പിടിച്ചത്. അതിൽ രണ്ടു പേരെ വിട്ടയച്ചു. മയക്കുമരുന്നുമായി ബന്ധമില്ലെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. യജമാനന്മാരെ കൊണ്ടു പോയവർ ഈ പട്ടികളെ മർഹബ അപ്പാർട്ട്‌മെന്റിൽ തന്നെ വിട്ടു. കാറിലായിരുന്നു പ്രതികളെ അറസ്റ്റു ചെയ്യുമ്പോഴും പട്ടികളുണ്ടായിരുന്നത്. പട്ടികളുടെ സുരക്ഷ ഓർത്ത് കസ്റ്റഡിയിൽ എടുത്തെങ്കിലും കാറിനേയും അവിടെ തന്നെ ഇടുകയായിരുന്നു എക്‌സൈസ്.

ഒരു പട്ടിക്ക് അമ്പതിനായിരം രൂപവരെ വില വരും. അക്രമകാരികളാകുന്ന വിഭാഗത്തിലെ നായക്കളാണ് ഇവർ. അമ്മ പട്ടിയും രണ്ട് കുട്ടികളും. ഇതിൽ യജമാന്മാരെ കാണാതെ അമ്മ പട്ടി കാറിന്റെ സ്റ്റിയറിംഗിൽ തല ചായ്ച്ച് ഇരിക്കുന്നതാണ് മറുനാടന് കാണായത്. കുട്ടികളും നിരാശർ. പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ മർഹബ അപ്പാർട്ടമെന്റിലെ ഉടമകൾ ശ്രമിച്ചെങ്കിലും ഒന്നും കഴിക്കാതെ അവർ അവിടെ തുടരുകയാണ്. ലഹരി കേസിൽ അകത്തായവരുമായി ഈ പട്ടികൾക്ക് ആത്മബന്ധം ഉണ്ടായിരുന്നുവെന്നാണ് അവിടെ ഉള്ളവർ പറയുന്നത്.

ആദ്യം രണ്ടു പേർ വന്ന് അപാർട്ട്‌മെന്റിൽ മുറി എടുക്കുന്നു. യോയോ വഴി മുറിയെടുക്കാനാകുന്ന സംവിധാനമാണ്. പിന്നീട് അഞ്ചു പേരുമെത്തി. അപ്രതീക്ഷിതമായാണ് എക്‌സൈസ് സംഘം ഇവിടേക്ക് എത്തിയതും എല്ലാവരേയും പിടിച്ചത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ഷബ്‌ന, ഇടുക്കി വണ്ണപ്പുറംസ്വദേശി മുഹമ്മദ് അഫ്‌സൽ,കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരെയാണ് അറസ്റ്റിലായത്.

എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയപരിശോധനയിലാണ് എംഡിഎഎ കണ്ടെടുത്തത്. മയക്കുമരുന്നു കടത്തിക്കൊണ്ടുവന്ന ഐ 20 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നു കടത്തുമ്പോൾ സംശയം തോന്നാതിരിക്കാനായി മുന്തിയ ഇനം നായ്ക്കളേയും ഇവർ കാറിൽ കൊണ്ടുവരാറുണ്ടെന്ന് മനസ്സിലാക്കിയാണ് എക്‌സൈസ് അവിടെ എത്തിയത്.

ഐ 20 കാറിൽ ഇന്നലെ രാവിലെയാണ് ഈ അപാർട്ട്‌മെന്റിൽ രണ്ട് പെൺകുട്ടികളും രണ്ട് യുവാക്കളും എത്തിയത്. അതിന് രണ്ട് ദിവസം മുമ്പ് ബാക്കിയുള്ളവർ എത്തി റൂം എടുത്തിരുന്നു. ഫ്രഷ് ആകാൻ റൂം തേടിയാണ് എത്തിയത്. ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തുവെന്നും വൈകിട്ട് മാറുമെന്നും പറഞ്ഞു. ഇതിനിടെയാണ് അന്വേഷണ സംഘം എത്തിയത്. പ്രതികളെ പിടിച്ച ശേഷം കാറിന് അടുത്ത് അവർ എത്തി. അപ്പോഴാണ് പട്ടികളെ കണ്ടത്.

കാർ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ പട്ടികൾ ചാടി വീണു. അതിന് ശേഷം പ്രതികളെ ഉപയോഗിച്ച് അവരെ ശാന്തരാക്കി. അതിന് ശേഷമാണ് കാർ പരിശോധിച്ചത്. അപ്പോഴും ലഹരി കിട്ടി. അതിന് ശേഷം പട്ടികളെ വീണ്ടും കാറിലാക്കി. നോക്കണമെന്ന് അപാർട്ടമെന്റ് ഉടമകളോട് നിർദ്ദേശിച്ചു. അതിന് ശേഷമാണ് എക്‌സൈസ് സ്ഥലത്തു നിന്ന് പോയത്.