തിരുവനന്തപുരം: ഡൽഹി തിരുവനന്തപുരം നിസ്സാമുദ്ദീൻ എക്സ്‌പ്രസ്സിൽ വൻ കവർച്ച.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീവണ്ടിയിലെ മൂന്നുവനിതാ യാത്രക്കാരെ മയക്കിക്കിടത്തിയായിരുന്നു മോഷണം.തിരുവല്ല സ്വദേശികളായ വിജയകുമാരി മകൾ അഞ്ജലി കോയമ്പത്തൂർ സ്വദേശിനിയായ ഗൗസല്യ എന്നിവരാണ് കവർച്ചക്കിരയായത്. ഇവരുടെ മൊബൈൽ ഫോണും ആഭരണങ്ങളും സംഘം കൊള്ളയടിച്ചു.
തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.

ചെങ്ങന്നൂരിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകൾ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാർ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിജയകുമാരിയുേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയതായാണ് പരാതി. നിസ്സാമുദ്ദീനിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.

രാവിലെ യാത്രക്കാർ ഇറങ്ങിയ ശേഷം ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയിൽ കണ്ടെത്തിയത്. വിജയകുമാരിയെ പൊലീസ് വിളിച്ചെണീച്ചപ്പോൾ ആണ് കൊള്ളവിവരം പുറത്തറിയുന്നത്. ആർപിഎഫ് തൈക്കാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതോടെ മകൾക്ക് ബോധം തെളിഞ്ഞു എന്നാൽ ഇവർ ഇപ്പോഴും അർധബോധാവസ്ഥയിലാണുള്ളത്. ഇരുവരേയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

നിസ്സാമുദ്ദീൻ എക്സ്‌പ്രസ്സിലെത്തിയ കോയമ്പത്തൂർ സ്വദേശി ഗൗസല്യയാണ് കവർച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാൾ. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് കവർച്ച ചെയ്തത്. ഗൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കവർച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരിൽ നിന്നും ആഹാരം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവർ അബോധാവസ്ഥയിലായതെന്നാണ് പൊലീസിന്റെ നിഗമനം.

വിശദമായ മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യാവസ്ഥയിലല്ല മൂന്ന് പേരുമെന്നാണ് പൊലീസ് പറയുന്നത്. അബോധവാസ്ഥയിലായ വിജയകുമാരിയുടെ കമ്മലടക്കം മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. ബോധം നശിക്കാനുള്ള സ്പ്രയോ മരുന്നോ നൽകിയ ശേഷമാണ് കവർച്ച നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.അതേതസമയം തീവണ്ടിയിൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നാണ് സൂചന.