- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
10,000 പട്ടാളക്കാർ കൊല്ലപ്പെട്ടെന്നും 16,000 പേർക്ക് പരിക്കേറ്റെന്നും റഷ്യൻ സർക്കാർ രേഖ; വിവാദമായപ്പോൾ രേഖ നീക്കം ചെയ്ത് റഷ്യൻ സർക്കാർ; പിന്നിൽ യുക്രെയിൻ അനുകൂല റഷ്യൻ ജീവനക്കാരനെന്ന് സൂചന; റഷ്യ വ്യക്തമായ മുന്നേറ്റം നടത്തിയെന്നും മറ്റുചില റിപ്പോർട്ടുകൾ; പുടിന്റെ സേനയുടെ ദുരിതം ആഘോഷിച്ച് യുക്രെയിൻ
കീവ്: യുദ്ധം ആരംഭിച്ച് നാലാഴ്ച്ചയ്ക്കുള്ളിൽ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 10,000 സൈനികരെ. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് റഷ്യ വിചാരിച്ച ഒരു യുദ്ധത്തിൽ, തീർത്തും വിശ്വസിക്കാനാകാത്ത ഒരു സംഖ്യയാണത്. എന്നാൽ ഇത് പറഞ്ഞത് മറ്റാരുമല്ല, ഒരു റഷ്യൻ അനുകൂല വെബ്സൈറ്റ് തന്നെയാണ്. ഏതായാലും കാര്യം വിവാദമായപ്പോൾ അവർ അത് പിൻവലിക്കുകയും ചെയ്തു. യുക്രെയിൻ അനുകൂല റഷ്യൻ ജീവനക്കാരനാണ് ഇതിന്റെ പിന്നിലെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന വിശദീകരണം.
സർക്കാർ അനുകൂല മാധ്യമമായ പ്രവദയുടെ വെബ്സൈറ്റിലായിരുന്നു ഈ വാർത്ത വന്നത്. മാത്രമല്ല, പ്രതിരോധ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കായിട്ടായിരുന്നു ഇത് പരാമർശിച്ചിരുന്നത്. 9,861 സൈനികർ മരണമടയുകയും 16,153 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തതായാണ് പ്രതിരോധമന്ത്രാലയത്തെ ഉദ്ദരിച്ചുകൊണ്ട് ഇതിൽ വാർത്ത നൽകിയിരുന്നത്. ഇതിനു മുൻപ് ഇത്രയധികം റഷ്യൻ സൈനികർ മരണമടഞ്ഞത് 1979-ൽ നടന്ന അഫ്ഗാൻ അധിനിവേശക്കാലത്തായിരുന്നു. അന്ന് ഏകദേശം 15,000 സൈനികരെയാണ് റഷ്യയ്ക്ക് നഷ്ടമായത്.
യുക്രെയിൻ അവകാശപ്പെട്ടിരുന്നത് ഇതുവരെ 15,000 റഷ്യൻ സൈനികരെ വധിച്ചിട്ടുണ്ട് എന്നാണ്. അതേസമയം, അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് 7000 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടാകാം. മാർച്ച് 2 ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കിൽ 498 റഷ്യൻ സൈനികർ മരണമടഞ്ഞതായി റഷ്യ സമ്മതിച്ചിരുന്നു. അതിനുശേഷം ഒരു ഔദ്യോഗിക അറിയിപ്പ് ഇത് സംബന്ധിച്ച് ഉണ്ടായിട്ടില്ല.
ഇപ്പോൾ പുറത്തുവന്ന കണക്കുകൾ യുക്രെയിനിന്റെ സൈനിക വിജയം വിളിച്ചോതുന്നതാണെങ്കിലും, യുദ്ധം റഷ്യയ്ക്ക് അനുകൂലമായി തിരിയുന്നു എന്നാണ് മറ്റു ചില റിപ്പോർട്ടുകൾ നൽകുന്ന സൂചന. റഷ്യൻ സൈന്യം വളരെ സുപ്രധാന മുന്നേറ്റങ്ങൾ നടത്തിക്കഴിഞ്ഞതായി ചില അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നു. യുക്രെയിനിലെ പല ലക്ഷ്യ സ്ഥാനങ്ങളും തകർക്കാൻ റഷ്യ ഡ്രോണുകൾ അതിവിദഗ്ദമായി ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ തങ്ങളുടെ സേനയിൽ കനത്ത നാശം വിതറിയ നിരവധി തുർക്കി നിർമ്മിത ടി ബി 2 ഡ്രോണുകൾ റഷ്യ നശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
റഷ്യയുടെ കൂടുതൽ കൂടുതൽ മിസൈലുകൾ ലക്ഷ്യം കാണാൻ തുടങ്ങിയതോടെ യുക്രെയിന്റെ ഗ്രൗണ്ട് ടു എയർ പ്രതിരോധ സംവിധാനം റഷ്യ പാടെ തകർത്തിരിക്കാമെന്നും ഈ റിപ്പോർട്ടിൽ അനുമാനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കീവിലെ ഒരു സൈനിക കേന്ദ്രത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ അവിടെ ഭൂഗർഭ അറക്കുള്ളിൽ സൂക്ഷിച്ചിരുന്ന ആയുധ ശേഖരം പൂർണ്ണമായും നശിച്ചതായി മറ്റു ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 35 സൈനികരാണ് ഈ ആക്രമത്തിൽ യുക്രെയിന് നഷ്ടമായത്. 134 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
അതേസമയം റഷ്യയുടെ കിൻഷാൽ ഹൈപ്പർസോണിക് മിസൈലിന് മിസൈൽ വേധ പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാനുള്ള കഴിവുണ്ട് എന്നാണ് ബ്രിട്ടീഷ് പ്രതിരോധ വിദഗ്ദർ പറയുന്നത്. യുക്രെയിന്റെ മിസൈൽ പ്രതിരോധ സംവിധാനം പൂർണ്ണമായും കാര്യക്ഷമമാണെന്ന അവകാശവാദത്തേയും അവർ ചോദ്യം ചെയ്യുന്നു. അതിനിടയിൽ മരിയുപോൾ നഗരം പൂർണ്ണമായും നശിപ്പിക്കുവാനാണ് റഷ്യ പദ്ധതി തയ്യാറാക്കുന്നത് എന്നൊരു രഹസ്യാന്വേഷണ റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. മറ്റു നഗരങ്ങൾക്കുള്ള മുന്നറിയിപ്പായി മരിയുപോളിനെ ഒരു ശ്മശാന ഭൂമിയാക്കുവാനാണ് റഷ്യ പദ്ധതി തയ്യാറാക്കുന്നത്.
സാധാരണക്കാർക്കുള്ള് ഭക്ഷണവും വെള്ളവും തടയുക, സാധാരണക്കാരുടെ ആവാസമേഖലകൾ ലക്ഷ്യം വച്ച് ആക്രമണം നടത്തുക, തോന്നിയിടത്തോക്കെ ബോംബുകൾ വർഷിച്ച്, കരസേനയ്ക്ക് മുന്നേറ്റത്തിനുള്ള അവസരമൊരുക്കുക തുടങ്ങിയ തന്ത്രങ്ങളെല്ലാം സിറിയൻ യുദ്ധഭൂമിയിൽ റഷ്യൻ സൈന്യം പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങളാണ്. അതുതന്നെയാണ് ഇപ്പോൾ ഇവിടെ നടപ്പാക്കുന്നതും.
അതിനിടയിലെ, ഇതുവരെ പിന്നാമ്പുറത്ത് ഒതുങ്ങിനിന്ന് റഷ്യയെ സഹായിച്ചിരുന്ന ബെലാറൂസ് യുദ്ധത്തിൽ നേരിട്ട് ഇടപെടുമെന്ന ഒരു റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. പടിഞ്ഞാറൻ യുക്രെയിനിലൂടെ അവരുടെ സായുധ സേന കീവിനെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഏതായാലും യുദ്ധം നൽകിയ കെടുതിയുടെ മുഴുവൻ ചിത്രമാണ് ലണ്ടൻ സന്ദർശിക്കുന്ന യുക്രെയിൻ പ്രതിരോധകാര്യ മന്ത്രിയുടെ വാക്കുകളിൽ ഉള്ളത്, നിരവധി ചെറു നഗരങ്ങൾ ഭൂമുഖത്തു നിന്നും തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു, റഷ്യൻ സൈന്യത്തിന് യുക്രെയിൻ സേനയെ ഭയമാണ് അതിനാൽ അവർ യുക്രെയിനിലെ സാധാരണക്കാരോടാണ് യുദ്ധം ചെയ്യുന്നത്. യുക്രെയിൻ പ്രതിരോധ മന്ത്രി പറയുന്നു.
മറുനാടന് ഡെസ്ക്