- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല ചെമ്പോല കെട്ടുകഥയല്ലെന്ന് ചീരപ്പൻചിറ കുടുംബാംഗം; 1951 ലെ ക്ഷേത്ര കാരായ്മ അവകാശം സംബന്ധിച്ച കേസിൽ ഇത് മാവേലിക്കര കോടതിയിൽ സമർപ്പിച്ചിരുന്നു; സുപ്രീംകോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ചെമ്പോലയാണോ മോൻസന്റെ കയ്യിലെത്തിയത് എന്ന് അറിയില്ല; ഇനി നിർണ്ണായകം പുരാവസ്തു വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ചെമ്പോല മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ചെമ്പോലയാണെന്ന് കണ്ടെത്തിയതോടെ അതിന്റെ ചരിത്രപ്രാധാന്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു സാധാരണ ചെമ്പോലയെ ശബരിമലസംബന്ധിയായി ചില മാധ്യമങ്ങൾ വ്യാജമായി ചമച്ചതാണെന്ന ആരോപണങ്ങൾ ഉയർന്നതോടെയാണ് വിശദീകരണവുമായി ചീരപ്പൻച്ചിറ കുടുംബവുമായി ബന്ധമുള്ള പ്രേംജിത്ത് രംഗത്തെത്തിയത്. പ്രേംജിത്തിന്റെ അമ്മവീട്ടുകാരാണ് ചീരപ്പൻച്ചിറ കുടുംബം.
മോൻസൻ വിവാദം ഉയർന്നതോടെ ശബരിമലയിലെ കാരായ്മ അവകാശം ചീരപ്പൻച്ചിറയ്ക്ക് നൽകിയെന്ന വാദം തന്നെ തെറ്റെന്നും അത്തരമൊരു ചെമ്പോല ഇല്ലെന്നും പ്രചരിപ്പിക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുന്നതായി പ്രേംജിത്ത് ആരോപിക്കുന്നു. മോൻസന്റെ കൈയിലെ ചെമ്പോല ശരിയാണോ എന്നറിയില്ല. എന്നാൽ അത്തരമൊരു ചെമ്പോല ഉണ്ടെന്നത് വസ്തുതയാണെന്ന് പ്രേംജിത്ത് മറുനാടനോട് പറഞ്ഞു. 1951 ൽ ഇതുസംബന്ധിച്ച് കേസുണ്ടായപ്പോൾ മാവേലിക്കര കോടതിയിൽ രേഖയായി സമർപ്പിച്ചതാണ് ആ ചെമ്പോല. അത് അവർ അംഗീകരിച്ച് നമ്പരിട്ടിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ നെയ് വിളക്ക്, വേലൻപാട്ട്, പുള്ളുവൻപാട്ട്, വെടിവഴിപാട് എന്നിവയുടെ അവകാശം ചീരപ്പൻച്ചിറ കുടുംബത്തിന് അനുവദിച്ചുകൊണ്ടുള്ളതാണ് ചെമ്പോല.
മാവേലിക്കര കോടതിയിൽ ചീരപ്പൻച്ചിറയ്ക്ക് അനുകൂലമായ വിധിയുണ്ടായി. അതിനെതിരെ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ പോയി. ഹൈക്കോടതിയും മാവേലിക്കര കോടതി വിധി ശരിവച്ചതോടെ 1958 ൽ കേസ് സുപ്രീംകോടതിയിലെത്തി. എന്നാൽ അപ്പോഴേയ്ക്കും കേസ് നടത്തിയിരുന്നയാൾ മരിച്ചു. അതിന് ശേഷം ചീരപ്പൻച്ചിറയിലെ ആരും കേസിന് പിന്നാലെ പോകാതെയായി. പിന്നീട് കേസ് എക്സ് പാർട്ടി വിധിയായെന്നാണ് കരുതുന്നത്. അക്കാലം മുതൽ സുപ്രീംകോടതിയിൽ കസ്റ്റഡിയിലായിരുന്നു ചെമ്പോല. മോൻസന്റെ കയ്യിലെ ചെമ്പോല യഥാർത്ഥ ചെമ്പോലയാണെങ്കിൽ അതെങ്ങനെയാണ് മോൻസന്റെ കയ്യിലെത്തിയതെന്ന് അറിയില്ലെന്നും പ്രേംജിത്ത് പറയുന്നു.
12 വർഷം മാത്രമേ കോടതിയിൽ രേഖകൾ സൂക്ഷിക്കാറുള്ളു. അതിന് ശേഷം അവ നശിപ്പിച്ചുകളയാറാണ് പതിവ്. ഈ ചെമ്പോല മോൻസന്റെ കയ്യിലുണ്ടെന്ന് ഒരു വീഡിയോ രണ്ടുമൂന്ന് മാസം മുമ്പ് താൻ കണ്ടിരുന്നു. അത് വില കൊടുത്തുവാങ്ങണമെന്ന് കരുതിയിരുന്നതാണ്. എന്നാൽമനസ് മടുത്തതുകൊണ്ട് അതിന് കഴിഞ്ഞില്ല. ഇപ്പോഴാണ് മോൻസൻ തട്ടിപ്പുകാരനാണെന്നൊക്കെ അറിയുന്നത്. ചെമ്പോല യഥാർത്ഥത്തിലുള്ളതാണോ വ്യാജമാണോ എന്നൊക്കെ പുരാവസ്തു വിദഗ്ദ്ധർ തീരുമാനിക്കട്ടെ എന്നും പ്രേംജിത്ത് പറഞ്ഞു.
24 ന്യൂസാണ് ഈ വാർത്ത നൽകിയത്. ചെമ്പോല ഉയർത്തിക്കാട്ടുന്നത് സഹീൻ ആന്റണിയാണ്. വാർത്തയിൽ എവിടേയും മോൻസൺ മാവുങ്കൽ ഇത് തന്റെ ശേഖരത്തിൽ ഉള്ളതാണെന്ന് അവകാശപ്പെട്ടിട്ടില്ല. റിപ്പോർട്ടറാണ് അങ്ങനെ പറയുന്നത്. ഈ സാഹചര്യത്തിൽ മോൻസണെ ഈ കേസിൽ പ്രതിയാക്കാൻ കഴിയുമോ എന്ന ചർച്ചയും സജീവമാണ്. തൽക്കാലം ശബരിമല കേസ് പൊലീസ് ഓപ്പൺ ചെയ്യില്ല. കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് പൊലീസിന് കിട്ടിയ നിർദ്ദേശം. 24 ന്യൂസിനെ പ്രതിയാക്കി കേസും എടുക്കില്ല. കോടതി നിർദ്ദേശം ഉണ്ടെങ്കിൽ മാത്രം ഇതു മതിയെന്നാണ് സർക്കാർ നിലപാട്. ദേശാഭിമാനിയും ഇതേ വാർത്ത നൽകിയ സാഹചര്യത്തിൽ കൂടിയാണ് ഇത്.
350ലേറെ വർഷം പഴക്കം അവകാശപ്പെടുന്ന രേഖ ഉദ്ധരിച്ച് ശബരിമല ദ്രാവിഡ ആരാധനാലയമായിരുന്നെന്നും യുവതീപ്രവേശനത്തിന് വിലക്കില്ലെന്നും 2018 ഡിസംബറിൽ പാർട്ടി പത്രത്തിലും 24 ന്യൂസ് ചാനലുകളിലും വാർത്ത വന്നു. ചീരപ്പൻചിറ ഈഴവകുടുംബത്തിനും മലയരയ സമുദായത്തിനും ക്ഷേത്രാചാരങ്ങളിൽ അധികാരമുണ്ടെന്നും പറഞ്ഞിരുന്നു. മോൻസന്റെ ശേഖരത്തിലുള്ളത് പന്തളം കൊട്ടാരത്തിന്റെ തീട്ടൂരമെന്ന് പരാമർശിച്ചായിരുന്നു ഇത്. ചരിത്രകാരനായ ഡോ.എം.ആർ.രാഘവവാര്യർ അഭിപ്രായം പറയുകയും ചെയ്തു.
തന്നെ കാണിച്ച ചെമ്പുതകിടിലുള്ള രേഖയുടെ ആധികാരികത പരിശോധിക്കപ്പെട്ടതല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ ചെമ്പോല വ്യാജമാണെന്ന് കണ്ടാൽ നിയമനടപടി സ്വീകരിക്കുമെന്ന് പന്തളം രാജകുടുംബവും അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ശങ്കു ടി ദാസ് പരാതി നൽകിയത്. എന്നാൽ ഇതുവരേയും പൊലീസ് എഫ് ഐ ആർ ഇട്ടിട്ടില്ല. ഉന്നത നിർദ്ദേശത്തെ തുടർന്നാണ് ഇതെന്നാണ് സൂചന. അതിനിടെ പുതിയ വെളിപ്പെടുത്തലുകളും ചെമ്പോലയിൽ എത്തുന്നുണ്ട്.
ശബരിമലയിലെ അവകാശത്തർക്കം സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വവും അയ്യപ്പനെ കളരിമുറകൾ അഭ്യസിപ്പിച്ച ചീരപ്പൻചിറ കുടുംബക്കാരും തമ്മിൽ നടന്ന വ്യവഹാരത്തിൽ ഹൈക്കോടതിയിൽ ഒരു ചെമ്പോല തെളിവായി എത്തിയിരുന്നു. 1960കളിലും എഴുപതുകളുടെ ആദ്യവുമായിരുന്നു കോടതി വ്യവഹാരം. അന്ന് ഹാജരാക്കപ്പെട്ട ചെമ്പോലയും ഇപ്പോൾ ദേശാഭിമാനിയും 24 ന്യൂസും ശബരിമലയുടെ അവകാശം സംബന്ധിച്ച് തെളിവായി അവതരിപ്പിച്ച ചെമ്പോലയും ഒന്നു തന്നെയാണോ എന്ന് സംശയം ചിലർ ഉയർത്തുന്നുണ്ട്.
ശബരിമലയിലെ അനുഷ്ഠാനങ്ങളുടെ യഥാർത്ഥ അവകാശികളെ സംബന്ധിച്ച് പന്തളം രാജകുടുംബത്തിന്റേതെന്ന പേരിൽ മോൻസൺ മാവുങ്കലിൽ നിന്ന് ലഭിച്ച, മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ചൊമ്പോല പ്രമാണം മുൻനിർത്തി ദേശാഭിമാനി 2018ൽ നല്കിയ വാർത്തയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അതേ ചെമ്പോല തന്നെയാണോ അരനൂറ്റാണ്ട് മുമ്പ് ഹൈക്കോടതിയിൽ എത്തിയ ചെമ്പോല എന്ന സംശയമാണ് ഉയരുന്നത്. അന്ന് ഹാജരാക്കിയ ചെമ്പോല വ്യാജമാണെന്ന് അത് പരിശോധിച്ച എപ്പിഗ്രാഫിസ്റ്റും ഭാഷാപണ്ഡിതനുമായ വി.ആർ. പരമേശ്വരൻ പിള്ള വെളിപ്പെടുത്തിയിരുന്നു.
ചരിത്രകാരനായ പ്രൊഫ. എ. ശ്രീധരമേനോനെയും വി.ആർ. പരമേശ്വരൻ പിള്ളയെയുമായിരുന്നു ചെമ്പോലയുടെ ആധികാരികത പരിശോധിക്കാൻ നിയോഗിച്ചിരുന്നത്. ചെമ്പോല വ്യാജമായിരുന്നു എന്ന ഇവരുടെ കണ്ടെത്തൽ സംബന്ധിച്ച് അക്കാലത്തെ പത്രങ്ങളിലൂടെ നാടൻകലാ ഗവേഷകനായ സി.എം.എസ് ചന്തേര പ്രതികരിച്ചിരുന്നതായി ചന്തേരയുടെ മകൻ ഡോ. സഞ്ജീവൻ അഴീക്കോട് ഫെയ്സ് ബുക്കിൽ എഴുതുന്നു.
മറുനാടന് മലയാളി ബ്യൂറോ