തിരുവനന്തപുരം: വമ്പൻ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി. ശമ്പളവും പെൻഷനും കൊടുത്ത് മുടിയുന്ന അവസ്ഥ. ഇതിനിടെയിലും തെരഞ്ഞെടുപ്പ് വർഷത്തിൽ സർക്കാർ ജീവനക്കാരെ കൂടെ നിർത്താൻ ശമ്പള പരിഷ്‌കരണവും പിണറായി സർക്കാർ നടപ്പാക്കുകയാണ്.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കുറഞ്ഞത് 4,650 രൂപയുടെ വർധന ഉറപ്പാക്കിയും വീട്ടുവാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 10 % വരെ നൽകാൻ നിർദേശിച്ചുമുള്ള 11-ാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയാണ്. ശമ്പള വർദ്ധനവിന് പുറമേ നിരവധി മറ്റ് ആനുകൂല്യങ്ങളും റിപ്പോർട്ടിലുണ്ട്. ഇതും ജീവനക്കാർക്ക് തുണയായി മാറും.

വീട്ടുവാടക അലവൻസ് (എച്ച്ആർഎ) നിശ്ചിത തുകയ്ക്കു പകരം ഇനി അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാകും. നഗരങ്ങളിൽ 10 %, ജില്ലാ കേന്ദ്രങ്ങളിൽ 8 %, മുനിസിപ്പാലിറ്റി 6 %, പഞ്ചായത്ത് 4 % എന്നിങ്ങനെയാണിത്. കുറഞ്ഞ എച്ച്ആർഎ 1200 രൂപ, കൂടിയത് 10,000 രൂപ. എല്ലാ ജീവനക്കാർക്കും ഇതിന്റെ ഗുണം കിട്ടും. എച്ച്ആർഎ വർധിപ്പിച്ചതിനാൽ സിറ്റി കോംപൻസേറ്ററി അലവൻസ് ഒഴിവാക്കിയെന്നത് ജീവനക്കാരെ അലോസരപ്പെടുത്തുന്നുമുണ്ട്. എങ്കിലും ലാഭം തന്നെയാകുമെന്നാണ് അവരുടെ പ്രതീക്ഷ.

കുടുംബത്തിന് ഗുണകരമാകുന്ന ചില ആനുകൂല്യങ്ങളും ഉണ്ട്. കിടപ്പു രോഗികളും മറവി രോഗികളുമായ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ 40 % ശമ്പളത്തോടെ മറ്റെല്ലാ സർവീസ് ആനുകൂല്യങ്ങളും നൽകി പരമാവധി ഒരു വർഷം വരെ അവധി നൽകാമെന്ന നിർദ്ദേശമാണ് ഇതിൽ പ്രധാനം. 3 വയസ്സു വരെയുള്ള കുട്ടികളെ സംരക്ഷിക്കാൻ 40% ശമ്പളത്തോടു കൂടി ഒരു വർഷം വരെ അവധിയും കിട്ടും. പിതൃത്വ അവധി 10 ദിവസത്തിനു പകരം 15 ദിവസം ആകും. അതായത് കുട്ടി ജനിച്ചാൽ അച്ഛന് 15 ദിവസം ഇനി അവധി എടുക്കാം.

പെൻഷൻ വാങ്ങുന്നവർക്കും ആശ്വാസമുണ്ട്. 80 വയസ്സു കഴിഞ്ഞ പെൻഷൻകാർക്കു മാസം 1000 രൂപ അധിക ബത്ത നൽകണം. പെൻഷൻ നിർണയ രീതി നിലവിൽ അവസാന 10 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയാണ്. ഇത് അവസാന ശമ്പളത്തിന്റെ പകുതിയാക്കണം. അവസാന സ്ഥാനക്കയറ്റം താൽക്കാലികമെങ്കിൽ മാത്രം 10 മാസ ശരാശരി നോക്കാം. കുടുംബ പെൻഷൻ വാങ്ങുന്ന മാനസിക വെല്ലുവിളിയുള്ള കുട്ടികൾക്കു പൂർണ പെൻഷൻ ഇനി കിട്ടും.

പാർട്ട് ടൈം, കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500, കുറഞ്ഞ ശമ്പളം 22,970 എന്നിങ്ങനെയാണ് ശുപാർശ ചെയ്തിരിക്കുന്നത്. ശമ്പള-പെൻഷൻ പരിഷ്‌കരണങ്ങളുടെ ഭാഗമായി സർക്കാരിന് 4810 കോടി രൂപ അധികബാധ്യത ഉണ്ടാകും. അടുത്ത ശമ്പള പരിഷ്‌കരണം 2026 ജനുവരിയിൽ നടക്കാൻ സാധ്യതയുള്ള കേന്ദ്ര ശമ്പള പരിഷ്‌കരണത്തിനു ശേഷമേ നടത്താവൂ എന്നും ശുപാർശയുണ്ട്.

2019 ജൂലൈ 1 മുതലാണു പ്രാബല്യം. വർധിപ്പിച്ച ശമ്പളം ഏപ്രിൽ മുതൽ വിതരണം ചെയ്യും. ജീവനക്കാരുടെ വിരമിക്കൽ ഒരു വർഷം നീട്ടിവച്ചു ചെലവു ചുരുക്കാമെന്നും റിപ്പോർട്ടിലുണ്ട്. ചെയർമാൻ കെ. മോഹൻദാസും അംഗങ്ങളായ പ്രഫ. എം.കെ. സുകുമാരൻ നായർ, അശോക് മാമ്മൻ ചെറിയാൻ എന്നിവരും ചേർന്നു റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി.

കഴിഞ്ഞ തവണത്തെ 12 % വർധന ഇത്തവണ 10 ശതമാനത്തിൽ ഒതുക്കേണ്ടി വന്നതു സാമ്പത്തിക ഞെരുക്കം കാരണമാണെന്നു ചെയർമാൻ വ്യക്തമാക്കി. ആവശ്യമായ ഭേദഗതികളോടെയാകും കമ്മിഷന്റെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കുക. എങ്കിലും ശമ്പളത്തിന് അതീതമായ പ്രസവാവധി തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം സർക്കാർ അതേ പടി അംഗീകരിക്കും.