- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധോണി ഓഫറിനെ രാജസ്ഥാൻ മറികടന്നത് ക്യാപ്ടൻ സ്ഥാനം നൽകി; ദ്രാവിഡിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കൂടുമാറ്റം; ചെന്നൈ കിങ്സിലേക്ക് സഞ്ജു സാംസൺ എത്തുമ്പോൾ ചർച്ചകൾ പലവിധം; 20-20 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകൻ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനോ? നിർണ്ണായകം ഗാംഗുലിയുടെ മനസ്സ്
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തുമ്പോൾ മലയാളി താരം സഞ്ജു വി സാംസണ് എന്തു സംഭവിക്കും? പ്രതീക്ഷയോടെയാണ് ഈ ചോദ്യത്തിന് പലരും ഉത്തരം നൽകുന്നത്. ഇന്ത്യൻ 20-20 ക്രിക്കറ്റ് ടീമിന്റെ അമരത്ത് സഞ്ജു സ്ഥാനം ഉറപ്പിക്കുമെന്നാണ് വിലയിരുത്തൽ. അപ്രതീക്ഷിതമായി നായക സ്ഥാനം പോലും ഈ മലയാളിയെ തേടിയെത്തിയേക്കാം. ഭാവിയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാർത്തെടുക്കുകയാണ് 20-20യിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്. കോച്ചായി രാഹുൽ ദ്രാവിഡ് എത്തുമ്പോൾ തീരുമാനങ്ങളിൽ ദ്രാവിഡിനും പങ്കുണ്ടാകും. ഇത് സഞ്ജുവിന് അനുകൂലമാകുമോ എന്നാണ് ഇനി അറിയേണ്ടത്.
ബിസിസിഐയെ നിയന്ത്രിക്കുന്നത് രണ്ട് ലോബികളാണ്. ബംഗാളും ചെന്നൈയും. വർഷങ്ങളായി ഇതു തന്നെയാണ് അവസ്ഥ. ജഗ്മോഹൻ ഡാൽമിയയും ശ്രീനിവാസനും രണ്ട് പക്ഷത്തു നിന്ന് ഇന്ത്യൻ ക്രിക്കറ്റിനെ ഭരിച്ചു. ഇപ്പോൾ ബംഗാളിൽ നിന്ന് സാക്ഷാൽ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്തുണ്ട്. ദക്ഷിണേന്ത്യയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ വന്മതിലായ രാഹുൽ ദ്രാവിഡിനൊപ്പം ചെന്നൈ ലോബിയും ഇനി സഞ്ജുവിന് ഒപ്പമുണ്ടാകും. ചെന്നൈ സൂപ്പർ കിങ്‌സ് എന്ന ഐപിഎൽ ടീമിൽ സഞ്ജു എത്തുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തന്നെ ചെന്നൈ ടീം സഞ്ജുവിനായി വലവിരിച്ചിരുന്നു. ക്യാപ്ടൻ ധോണിയായിരുന്നു പിന്നിൽ. വലിയ ഓഫറും സഞ്ജുവിന് നൽകി. എന്നാൽ ടീമിന്റെ ക്യാപ്ടൻ സ്ഥാനം മലയാളിക്ക് നൽകി രാജസ്ഥാൻ ഈ നീക്കത്തെ തകർത്തു. എന്നാൽ ഇതുകൊണ്ട് സഞ്ജുവിന് ഗുണമൊന്നും ഉണ്ടായില്ല.
അതുകൊണ്ട് തന്നെ അടുത്ത സീസണിൽ കൂടുതൽ കെട്ടുറുപ്പുള്ള ടീമിലേക്ക് മാറുകയാണ് സഞ്ജു. അടുത്ത സീസണിൽ ഐപിഎല്ലിൽ ധോണി കളിക്കുമോ എന്നത് വ്യക്തമല്ല. കളിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഇതിനിടെയാണ് ധോണിയെ ചെന്നൈ ടീമിൽ എത്തുന്നത്. ധോണിയുടെ പിൻഗാമിയായി സഞ്ജു ചെന്നൈയുടെ വിക്കറ്റ് കീപ്പറാകുമെന്നാണ് സൂചനകൾ. ഇതിനൊപ്പം ഭാവിയിൽ ടീമിന്റെ ക്യാപ്ടനും. ദക്ഷിണേന്ത്യൻ മുഖത്തെ ചെന്നൈ ടീമിന്റെ ക്യാപ്ടനാക്കി കേരളത്തിലേക്കും ഫാൻ ബേസ് കൂട്ടാനാണ് ചെന്നൈ ടീമിന്റെ നീക്കം. കേരളത്തിന് പുതിയ ഐപിഎൽ ടീം കിട്ടാത്ത സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കം. ധോണിയുടെ പിന്തുണയോടെയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുന്നതെന്നതാണ് ഏറ്റവും നിർണ്ണായക വസ്തുത.
ദ്രാവിഡ് കനിഞ്ഞാൽ സഞ്ജു ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാകുമെന്ന് കരുതുന്നവരുണ്ട്. 2020 ടീമിന്റെ ക്യാപ്ടൻ സ്ഥാനത്തേക്ക് രോഹിത് ശർമ്മ എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ യുവതാരത്തിന് 20-20 ടീമിന്റെ ക്യാപ്ടൻസിയിൽ അവസരം നൽകുന്നതാണ് ബിസിസിഐയുടെ രീതി. ധോണിയും കോലിയും ഇങ്ങനെയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്ത് എത്തുന്നത്. ഈ സാഹചര്യം വീണ്ടും ഉയർന്നു വന്നാൽ രോഹിത്തിന് ക്യാപ്ടനാകാൻ കഴിഞ്ഞേക്കില്ല. യുവതാരത്തിന് നറുക്കു വീഴും. കെഎൽ രാഹുലും ഋഷഭ് പന്തും ക്യാപ്ടനാകാൻ സാധ്യത ഏറെയാണ്. എന്നാൽ ഇവരേക്കാൾ മികച്ചത് സഞ്ജുവാണെന്ന് കരുതുന്നവരുമുണ്ട്. ക്യാപ്ടൻസിയുടെ ഭാരം ബാറ്റിങ്ങിനെ ബാധിക്കില്ലെന്ന് സഞ്ജു ഐപിഎല്ലിൽ തെളിയിച്ചതുമാണ്.
അടുത്ത വർഷവും 20-20 ലോകകപ്പുണ്ട്. ഇപ്പോൾ നടക്കുന്നത് 2020ലെ മാറ്റി വച്ച ടൂർണ്ണമെന്റാണ്. ഈ സാഹചര്യത്തിൽ ഇനി വാർത്തെടുക്കാൻ പോകുന്ന ടീമിന്റെ പ്രധാന ലക്ഷ്യം അടുത്ത ലോകകപ്പ് നേട്ടമാണ്. ഇതിനുള്ള ദ്രാവിഡിന്റെ പദ്ധതികളിൽ സഞ്ജുവിന് പ്രധാന റോളുണ്ടാകുമെന്നാണ് സൂചന. സഞ്ജു രാജസ്ഥാൻ വിടുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറാൻ മലയാളി താരം തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ദ്രാവിഡിന്റെ കൂടി താൽപ്പര്യം ഈ കൂടുമാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന. സൗരവ് ഗാംഗുലി കൂടി അനുകൂലമായാൽ സഞ്ജുവിന് ഇന്ത്യൻ ക്രിക്കറ്റിൽ നിർണ്ണായക റോൾ ലഭിച്ചേക്കും.
ഇൻസ്റ്റഗ്രാമിൽ രാജസ്ഥാൻ റോയൽസിനെ അൺഫോളോ ചെയ്ത താരം ചെന്നൈ സൂപ്പർ കിങ്സിന്റെ പേജ് ഫോളോ ചെയ്തിട്ടുണ്ട്. നേരത്തേയും സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഐപിഎൽ അടുത്ത സീസണിൽ രണ്ട് പുതിയ ഫ്രാഞ്ചൈസികൾ കൂടി എത്തുന്നതോടെ 10 ടീമുകളുടെ പോരാട്ടമായി മാറും. അഹമ്മദാബാദും ലക്നൗവുമാണ് പുതിയ ഫ്രാഞ്ചൈസികൾ. ആകെ 74 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാകുക. ഓരോ ടീമും 14 മത്സരങ്ങൾ വീതം കളിക്കും. ഈ ടൂർണ്ണമെന്റ് സഞ്ജുവിന് നിർണ്ണായകമാണ്.
ദേശീയ ട്വന്റി20 ടൂർണമെന്റായ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ അസമിനെ കേരളം എട്ടു വിക്കറ്റിന് തോൽപിച്ചിരുന്നു. നവംബർ 17ന് ആരംഭിക്കുന്ന ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിനുള്ള ട്വന്റി20 ടീമിൽ സഞ്ജു ഉൾപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീം സെമി കാണാതെ പുറത്തായ സാഹചര്യത്തിൽ ടീം ഇന്ത്യയിൽ മാറ്റങ്ങളുണ്ടായേക്കും. മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിൽ ചില പ്രധാന താരങ്ങൾക്കു വിശ്രമം അനുവദിച്ചേക്കുമെന്നും വിവരമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ