ഷാർജ: ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10ലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ തീപിടിത്തം. ഷാർജ സിവിൽ ഡിഫൻസ് ടീമുകളും ഷാർജ പൊലീസിലെ പ്രത്യേക വിഭാഗങ്ങളും സംയുക്തമായി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:51-നാണ് തീപിടിത്തത്തെ കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിക്കുന്നത്. ഉടൻ തന്നെ അടിയന്തര രക്ഷാസേന സ്ഥലത്തെത്തി നടപടികൾ തുടങ്ങി.

വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ആയതിനാൽ തീ അതിവേഗം പടരാൻ സാധ്യതയുണ്ട്. അതിനാൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനും സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാനുമുള്ള തീവ്രശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.