റിയാദ്: സൗദിയിൽ മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് അപകടം. ദാരുണ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലേക്ക് റിയാദിൽനിന്നുള്ള യാത്രാമധ്യേ പഴയ ഖുറൈസ് പട്ടണത്തിൽവെച്ചുണ്ടായ അപകടത്തിൽ മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി, മുക്കട്ട വയൽ സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്ബർ (37) ആണ് അതിദാരുണമായി മരിച്ചത്. വെള്ളിയാഴ്ച ജുമുഅക്ക് തൊട്ടുമുമ്പാണ് സംഭവം. വാഹനങ്ങളുടെ ഫിൽട്ടർ ബിസിനസിലേർപ്പെട്ട റിയാദിലെ അലൂബ് കമ്പനിയുടെ സെയിൽസ്മാനായ അക്ബർ അൽ ഹസ മേഖലയിലാണ് ജോലി ചെയ്തിരുന്നത്.

മിനിട്രക്കുമായി റിയാദിൽവന്ന് കമ്പനി ഗോഡൗണിൽനിന്ന് ലോഡുമായി മടങ്ങുേമ്പാൾ പഴയ ഖുറൈസ് പട്ടണത്തിൽ വെച്ച് ഹൈവേയിൽനിന്ന് ബ്രാഞ്ച് റോഡിലേക്ക് അപ്രതീക്ഷിതമായി തിരിഞ്ഞ ട്രയിലറിന് പിന്നിൽ ഇടിച്ചായിരുന്നു അപകടം നടന്നത്.

ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ അക്ബർ തൽക്ഷണം മരിച്ചു. നാല് മാസം മുമ്പ് സന്ദർശനവിസയിലെത്തിയ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം അൽ ഹസയിലുണ്ടായിരുന്നു. അവരെ കമ്പനിയധികൃതർ ശനിയാഴ്ച നാട്ടിലേക്ക് കയറ്റിവിട്ടിരിന്നു.