- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ശക്തമായ മഴ തുടരും; ഏപ്രിൽ മാസത്തിലും മാനം ഇരുളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; മുന്നറിയിപ്പ് നൽകി അധികൃതർ

റിയാദ്: സൗദി അറേബ്യയിൽ വരാനിരിക്കുന്ന ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ നിർദേശം നൽകി.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി തിങ്കളാഴ്ച നൽകിയ അറിയിപ്പ് പ്രകാരം, സൗദിയിൽ മഴക്കാലം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് ഏപ്രിൽ മാസത്തിലാണ്. ഈ വർഷം ഏപ്രിലിൽ മിക്ക പ്രദേശങ്ങളിലും ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ജിസാൻ, അസീർ പ്രവിശ്യകളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം, ചിലയിടങ്ങളിൽ താപനില സാധാരണയേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വരും വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന സാഹചര്യത്തിലാണ് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അത്തരം ഇടങ്ങളിൽ നിന്നും താഴ്വരകളിൽ നിന്നും വിട്ടുനിൽക്കണം. മഴവെള്ളപ്പാച്ചിലിലോ വെള്ളക്കെട്ടുകളിലോ നീന്താൻ ശ്രമിക്കരുതെന്നും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
മഴയുടെ സാധ്യതകൾ മേഖല തിരിച്ചും പ്രവചിക്കപ്പെട്ടിട്ടുണ്ട്. റിയാദ് പ്രവിശ്യയിലെ വാദി അൽ ദവാസിർ, സുലൈൽ, അഫ്‌ലാജ്, അൽ റെയ്ൻ, അൽ ഹരീഖ്, അൽ ദലം, ഹോത്ത ബാനി തമീം എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യയിലും സമാനമായ രീതിയിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടേക്കാം. മക്ക, ത്വാഇഫ്, മൈസാൻ, അദം, അൽ അർദിയാത്ത് എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുള്ള നേരിയതോ മിതമായതോ ആയ മഴയും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നു.
തലസ്ഥാനമായ റിയാദും പ്രാന്തപ്രദേശങ്ങളായ അൽ മുസാഹ്മിയ, ദറഇയ, ഖർജ് തുടങ്ങിയ ഇടങ്ങളിലും നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കുന്നത്. തബൂക്ക്, അൽ ജൗഫ്, ഹാഇൽ, വടക്കൻ അതിർത്തി മേഖലകൾ, മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ, അൽ ഖസീം എന്നീ പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


