തിരുവനന്തപുരം: എസ് ബി ഐ ജനറൽ മാനേജരുൾപ്പെട്ട 4.76 കോടി രൂപയുടെ വിദ്യാധി രാജ - ആര്യൻസ് ഇൻഫോവ വായ്പാ അഴിമതി കേസിൽ എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജരടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കി. തിരുവനന്തപുരം സി ബി ഐ കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സോണൽ ഓഫീസിലെ കൊമേഴ്സ്യൽ ബ്രാഞ്ച് അസി. ജനറൽ മാനേജർ വി. രഘുനാഥ് , സോണൽ ഓഫീസിസ് സെൻട്രലൈസ്ഡ് ക്ലിയറിങ് പ്രോസസിങ് സെൽ മാനേജർ ജെ. രാജൻ , സോണൽ ഓഫീസ് ഡെപ്യൂട്ടി മാനേജർ ഗിരീഷ്. കെ. ഗോറെ ,തലസ്ഥാനത്തെ എസ് ബി ഐ ആൽത്തറ ബ്രാഞ്ച് മാനേജരും നിലവിൽ മുംബൈ സ്റ്റേറ്റ് ബാങ്ക് ഭവനിലെ പേഴ്സൊണൽ ബാങ്കിങ് ബിസിനസ് യൂണിറ്റ് കോർപ്പറേറ്റ് ആന്റ് ഇൻസ്റ്റിറ്റ്യൂഷണൽ ടൈ അപ്സ് ഡിപ്പാർട്ട്മെന്റ് ചീഫ് മാനേജരുമായ കെ.സുരേഷ് കുമാർ , തിരുപുറം സ്വദേശി പി. എൻ. കൃഷ്ണപിള്ള , തിരുവനന്തപുരം ശ്രീ വിദ്യാധിരാജ വിദ്യാസമാജം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ട്രെഷറർ പ്രഭാകരൻ നായർ , തമ്പാനൂരിൽ ആര്യൻസ് ഇൻഫോ വെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുണ്ടായിരുന്ന തൊഴിൽ തട്ടിപ്പ് സ്ഥാപനത്തിന്റെ ഡയറക്ടർ ആർ. കരുണാകരൻ നായർ , മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ , ജാമ്യ വസ്തുക്കളുടെ മൂല്യ നിർണ്ണയം നടത്തുന്ന എസ് ബി ഐ അംഗീകൃത വാല്യുവർ ശാസ്തമംഗലം രഞ്ജിനിയിൽ ആർ.സി. നായർ , വായ്പ തരപ്പെടുത്തി നൽകിയ ഇടനിലക്കാരൻ തൈക്കാട് പൗണ്ട് റോഡിൽ കെ.ജി. ശശികുമാരൻ നായർ എന്നിവരാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ച വായ്പാ തട്ടിപ്പ് കേസിലെ ഒന്നു മുതൽ പത്തു വരെയുള്ള പ്രതികൾ.

സി ബി ഐ എഫ് ഐ ആറും കുറ്റപത്രവും റദ്ദാക്കിയ സി ബി ഐ ജഡ്ജി കെ. സനിൽകുമാർ തെളിവുകൾ ഹാജരാക്കാതെ കേസ് ചാർജ് ചെയ്ത തിരുവനന്തപുരം സിബിഐ യൂണിറ്റിനെ രൂക്ഷമായി വിമർശിക്കുകയും ശാസിക്കുകയും ചെയ്തു. അഴിമതിയുടെയും വഞ്ചനയുടെയും ഘടകങ്ങൾ നിലനിൽക്കാത്ത കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വിധിന്യായങ്ങൾ ഉദ്ധരിച്ച് കൊണ്ട് 44 പേജുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പ്രൊസിക്യൂഷൻ കേസ് ഊതി വീർപ്പിച്ച കേസാണെന്നും വിധിന്യായത്തിൽ കോടതി കുറ്റപ്പെടുത്തി. പ്രതികൾക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകൾ ഹാജരാക്കാത്തതിനെയും കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു. കേസ് നിയമ നടപടികളുടെ ദുരുപയോഗമാണെന്നും വിധിന്യായത്തിൽ കുറ്റപ്പെടുത്തിയാണ് സിബിഐ കേസ് കോടതി തള്ളിയത്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമാണ് തെളിവുകൾ ഹാജരാക്കാത്ത സി ബി ഐ യുടെ കേസന്വേഷണ വീഴ്ചക്ക് വിചാരണ കൂടാതെ തന്നെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. രേഖാമൂലമുള്ള തെളിവും വായ് മൊഴി തെളിവും ഹാജരാക്കാതെ നാമമാത്ര കുറ്റപത്രം സമർപ്പിച്ചതാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിക്ക് വിചാരണ കോടതിയുടെ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നത്.
2
005 - 06 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതു സേവകരായ നാല് എസ് ബി ഐ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബാങ്കിനെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ച് സ്വകാര്യ വ്യക്തികളും വിദ്യധി രാജ , ആര്യൻസ് ഇൻഫോവെയ്സ് എന്നീ സ്ഥാപനകളുടെ ഔദ്യോഗിക ഭാരവാഹികളും വാല്യുവറും ഇടനിലക്കാരനുമായ അഞ്ചു മുതൽ പത്തുവരെയുള്ള പ്രതികൾക്ക് അനർഹമായ സാമ്പത്തിക നേട്ടമുണ്ടാക്കി നൽകണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ സിബിഐ പറയുന്നതായി ജഡ്ജി സനിൽകുമാർ പ്രതികളെ വിട്ടയച്ച ഉത്തരവിൽ വ്യക്തമാക്കി.

പ്രൊസിക്യൂഷൻ കേസ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിദ്യാധിരാജ ഭാരവാഹികളിൽ നിന്നും ലോൺ പ്രൊപ്പോസൽ സ്വീകരിച്ച് ഈടു വച്ച് നാലു കോടി രൂപ വായ്പ അനുവദിക്കാൻ മേലാവിലേക്ക് ശുപാർശ ചെയ്തു. വിദ്യാധിരാജയ്ക്ക് വെള്ളയമ്പലം കോർപ്പറേഷൻ ബാങ്ക് നൽകിയ 1. 5 കോടി രൂപയുടെ വായ്പയും ക്യാഷ് ക്രെഡിറ്റായി നൽകിയ 10 ലക്ഷം രൂപയുടെയും ബാദ്ധ്യത എസ് ബി ഐ ഏറ്റെടുത്തതായും സിബിഐയുടെ കുറ്റപത്രം പറയുന്നു. കൂടാതെ ലോൺ തുക ഉപയോഗിച്ച് വിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപന കെട്ടിടങ്ങൾ നിർമ്മിക്കുമെന്നും വിവിധ വിദ്യാഭ്യാസ ഉപകരണങ്ങൾ വാങ്ങുമെന്നും ഉള്ള വ്യാജേനയാണ് വായ്പ നൽകിയതെന്നും ആരോപിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ മേൽ പറഞ്ഞ സ്വകാര്യ വ്യക്തികൾക്ക് അന്യായ സാമ്പത്തിക നേട്ടം ഉണ്ടാക്കി നൽകണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് ആരോപിക്കുന്നു. കരുനാഗപ്പള്ളിയിലെയും നെയ്യാറ്റിൻകരയിലെയും വിവിധ സർവ്വേ നമ്പരിലുള്ള 17. 32 ഏക്കർ ഭൂമി വായ്പക്കാർ ജാമ്യ ഈട് നൽകിയതായും പറയുന്നു. ഈട് വസ്തുക്കൾക്ക് 11.5 കോടി രൂപ വിപണി മൂല്യം ഉള്ളതായും പറയുന്നു.

ചില വസ്തുക്കൾ വെള്ളക്കെട്ടുള്ള കൃഷിഭൂമിയാണെന്നും ലോൺ തുകക്ക് അവ മതിയായ സെക്യൂരിറ്റി അല്ലാതിരുന്നിട്ടും ബാങ്ക് ആ വസ്തുക്കൾ കൊളാറ്ററൽ സെക്യൂരിറ്റിയായി സ്വീകരിച്ചുവെന്നും പ്രൊസിക്യൂഷൻ കേസിൽ പറയുന്നു. ഗൂഢാലോചനയുടെ ഫലമായി അംഗീകൃത വാല്യൂവർ ഭൂമിക്ക് യാഥാർത്ഥ മൂല്യത്തെക്കാൾ വളരെ ഉയർന്ന തുക മൂല്യനിർണ്ണയം ചെയ്തു. ആര്യൻസ് ഇൻഫോവ കമ്പനിയുടമകളായ ഏഴും എട്ടും പ്രതികൾ നൽകിയ വ്യാജ ഇൻവോയ്സ് പ്രകാരം ആൽത്തറ ബ്രാഞ്ച് മാനേജരായ നാലാം പ്രതി ചട്ടങ്ങൾ കാറ്റിൽ പറത്തി ലോൺ തുക വിതരണം ചെയ്തായും സിബിഐ പറയുന്നു.

ബാങ്ക് ഉദ്യോഗസ്ഥർക്കും സ്വകാര്യ വ്യക്തികൾക്കുമിടയിൽ കണക്റ്റിങ് ലിങ്കായി പ്രവർത്തിച്ച പത്താം പ്രതിയുടെ രഹസ്യ ധാരണയിലാണ് ലോൺ തുക വിതരണം ചെയ്തതെന്നും ആയതിലേക്കായി ലോൺ തുകയിൽ നിന്നും 12 ലക്ഷം രൂപ അഞ്ചും ആറും പ്രതികളിൽ നിന്നും പത്താം പ്രതി കൈപ്പറ്റിയെന്നും സി ബി ഐപറയുന്നു. ലോൺ തുക വക മാറ്റി വഞ്ചനാപൂർവ്വകമായി പ്രതികൾ ഉപയോഗിച്ചതായും സിബിഐ പറയുന്നു. പ്രതികളുടെ പ്രവൃത്തികൾ മൂലം 2008 ഒക്ടോബർ 30 ൽ ബാങ്കിന് 4, 75, 68, 965 രൂപയുടെ അന്യായ നഷ്ടം സംഭവിച്ചതായും പ്രതികൾ തുല്യ തുകക്കുള്ള അനർഹ സാമ്പത്തിക നേട്ടം കൈവരിച്ചതായും കേസിൽ പറയുന്നു. ആയതിനാൽ പ്രതികൾ ഗൂഢാലോചന , അഴിമതി , വഞ്ചന എന്നീ കുറ്റങ്ങൾ ചെയ്തുവെന്നാണ് സി ബി ഐ കുറ്റപത്രം.

എന്നാൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ സാധൂകരിക്കുന്നതിനും തെളിയിക്കുന്നതിനും സി ബി ഐ നിയമപരമായി സ്വീകാര്യമായ തെളിവുകളോ ബാങ്കുദ്യോഗസ്ഥരായ പ്രതികൾ അഴിമതി പണമോ പരിതോഷികമോ കൈപ്പറ്റിയതായോ ഉള്ള എന്തെങ്കിലും തെളിവ് ഹാജരാക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതായി കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. പ്രതികൾ ഗൂഢാലോചന നടത്തിയതായ തെളിവും സിബിഐ ഹാജരാക്കിയില്ല. വായ്പ ഇടപാടിൽ ബാങ്കിന് ഏതെങ്കിലും നഷ്ടം സംഭവിച്ചതായി തെളിയിക്കാൻ ഒരു കടലാസ് കഷ്ണം പോലും ഹാജരാക്കാൻ സി ബി ഐക്കായില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയുടെ കേസന്വേഷണ വീഴ്ചകൾ പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള ഉത്തരവിൽ അക്കമിട്ട് നിരത്തിയാണ് കോടതി നിരുപാധികം പ്രതികളെ വിചാരണ കൂടാതെ വിട്ടയച്ചത്.