വാഷിങ്ടൺ: ലോക ജനതയ്ക്ക് മുന്നിൽ അമേരിക്കതലകുനിച്ച കറുത്ത ബുധനാഴ്‌ച്ച അമേരിക്കയെ സ്നേഹിക്കുന്നവരുടേയൊക്കെ ഹൃദയത്തിൽ ഒരു വിങ്ങലായി അവശേഷിക്കും. അതിന്റെ പ്രതിഫലനമായിരുന്നു ആർനോൾഡ് ഷൈ്വസ്നാഗറുടെ വാക്കുകളിൽ ഉണ്ടായിരുന്നത്. തന്റെ ജന്മനാടായ ആസ്ട്രിയയിൽ നാസി പടയാളികൾ നടത്തിയ ആക്രമണത്തോടാണ് കാപ്പിറ്റോൾ മന്ദിരത്തിലെ അക്രമങ്ങളെ അദ്ദേഹം താരതമ്യം ചെയ്തത്. പൊട്ടിയ ചില്ലുകളുടെ ദിവസം എന്നാണ് ആ കരിദിനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

യഹൂദന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകാസ്റ്റിന് മുന്നോടിയായി എത്തിയ ക്രിസ്റ്റാൽനാട്ട് എന്ന കരാള രാത്രിയേയാണ് ഈ സംഭവം ഓർമ്മിക്കുന്നത് എന്ന് മുൻ കാലിഫോർണിയൻ ഗവർണർ കൂടിയായ ഈ 73 കാരൻ പറഞ്ഞു. ആ കരാള രാതിയിലായിരുന്നു ആസ്ട്രിയയിലേയും ജർമ്മനിയിലേയും യഹൂദവംശജർക്കെതിരെ നാസിപ്പട അക്രമം അഴിച്ചുവിട്ടത്.

ട്രംപിനെ അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡണ്ട് എന്ന് വിശേഷിപ്പിച്ച ഷൈ്വസ്നാഗർ, ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ പ്രസിഡണ്ട് ജോ ബൈഡന് പുറകിൽ അമേരിക്കൻ ജനത ഐക്യത്തോടെ ഉറച്ചു നിൽക്കണം എന്നും ആവശ്യപ്പെട്ടു. തന്റെ പിതാവ്, ജർമ്മനി ആസ്ട്രിയ കീഴടക്കുന്നതിന് തൊട്ടു മുൻപ് അതിന് ശേഷമോ നാസി പാർട്ടിയിൽ ചേർന്നിരുന്നു എന്ന് തുറന്ന് പറഞ്ഞിട്ടുള്ള നടൻ പക്ഷെ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഇത്രയും വികാരഭരിതനായി വളരെ കുറച്ചു മാത്രമെ സംസാരിച്ചിട്ടുള്ളു.

തന്റെ പിതാവും അദ്ദേഹത്തിന്റെ തലമുറയിൽ പെട്ടവരും അവർ കാണുകയും ചെയ്യുകയും ചെയ്ത പാപങ്ങളെ കുറിച്ച് ഓർത്ത് എത്രമാത്രം മനസ്താപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പോളണ്ട്, ഫ്രാൻസ്, ബെൽജിയം, ഉക്രൈൻ, ലിത്വാനിയ, പിന്നെ ആധുനിക റഷ്യയിലും ഒരു സൈനിക പൊലീസ് ഓഫീസറായി ഇദ്ദേഹത്തിന്റെ പിതാവ് ഗുസ്തവ് ഷൈ്വസ്നാഗർ പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷം 1942 ൽ കിഴക്കൻ യുദ്ധമുഖത്തുണ്ടായ ഒരു ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് ഗുരുതരമായ പരിക്കേല്ക്കുകയുമുണ്ടായിട്ടുണ്ട്.

തന്റെ മനസ്സിനെ ബുധനാഴ്‌ച്ചയിലെ സംഭവങ്ങൾ മുറിവേൽപ്പിച്ചതുകൊണ്ട് മാത്രമാണ് അസുഖകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നത് എന്നു പറഞ്ഞ ഷൈ്വസ്നാഗർ, തന്റെ പിതാവ് ആഴ്‌ച്ചയിൽ രണ്ടും മൂന്നും വട്ടം മദ്യപിച്ച് വീട്ടിലെത്തി ഉറക്കെ കരയുകയും, കുട്ടികളായിരുന്ന തങ്ങളെ അടിക്കുകയും അമ്മയേ ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തകാര്യം അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് മാത്രമായിരുന്നില്ല അങ്ങനെ പ്രവർത്തിച്ചിരുന്നതെന്നും അയൽപക്കത്തുള്ള പുരുഷന്മാരും അത്തരക്കാരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇത് തന്റെ കണ്ണുകൾ കൊണ്ട് കാണുകയും കാതുകൾ കൊണ്ട് കേൾക്കുകയും ചെയ്ത കാര്യമാണ്. അദ്ദേഹം തുടർന്നു. അവരെല്ലാം തന്നെ യുദ്ധത്തിൽ ഏറ്റ ശാരീരിക പരിക്കുകളാലും അവർ കാണുകയും ചെയ്യുകയും ചെയ്ത സംഭവങ്ങളാൽ മാനസികമായും വേദന അനുഭവിക്കുന്നവരായിരുന്നു. ഈ ദുരന്തങ്ങളെല്ലാം ആരംഭിച്ചത് നുണകളിൽ ആയിരുന്നു. വെറും നുണകൾ, പിന്നെ അസഹിഷ്ണുതയും. അങ്ങനെ യൂറോപ്പിൽ ഇരുന്ന് ഞാൻ കണ്ടിട്ടുണ്ട് കാര്യങ്ങൾ എങ്ങനെ നിയന്ത്രണാതീതമാകുമെന്ന്, അദ്ദേഹം വീണ്ടും പറയുന്നു.

1930 കളിലെ ആസ്ട്രിയയേയും അമേരിക്കയേയും താരതമ്യം നടത്തി അദ്ദേഹം പറഞ്ഞത്, പ്രസിഡണ്ട് ട്രംപ് നുണകൾ പറഞ്ഞു പരത്തി, തെറ്റിദ്ധാരണകൾ ജനിപ്പിച്ച് വളരെ ശരിയായ രീതിയിൽ നടന്ന ഒരു തെരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ്. നുണകൾ പരത്തി, ഒരു അട്ടിമറിശ്രമമാണ് ട്രംപ് നടത്തിയത്. ഇതുപോലുള്ള നുണകളാൽ ആയിരുന്നു തന്റെ പിതാവും അയൽക്കാരും തെറ്റിദ്ധരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നുണകൾ നമ്മെ എങ്ങോട്ടാണ് നയിക്കുക എന്ന് എനിക്ക് നന്നായി അറിയാം, അദ്ദേഹം വികാരഭരിതനായി പറയുന്നു.

ട്രംപിന്റെ ഗൂഢാലോചനയിൽ നടന്ന അട്ടിമറി ശ്രമം പരാജയപ്പെട്ടപ്പോൾ, അയാളുടേ നുണകൾക്കും ചതിപ്രയോഗങ്ങൾക്കും വളംവച്ചുകൊടുത്തവരേയും ഇതിന് ഉത്തരവാദികളാക്കി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഷൈ്വസ്നാഗർ ആവശ്യപ്പെടുന്നു. അദ്ദേഹം ആരുടേയും പേരുകൾ പറഞ്ഞില്ലെങ്കിലും, തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനായി വോട്ടുചെയ്ത, ടെഡ് ക്രസിന്റെയും ജോഷ് ഹാവ്ലിയുടേയും നേതൃത്വത്തിലുള്ള 147 ജനപ്രതിനിധികളേയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്. കാപിറ്റോളിലേക്ക് കലാപത്തിന്റെ പതാകയേന്തി എത്തിയവർക്ക് തുല്യമായ കുറ്റമാണ് ഇവരും ചെയ്തത് എന്ന് അദ്ദേഹം തീർത്തും പറയുന്നു.

താൻ അഭിനയിച്ച കൊനാൻ ദി ബാർബേറിയൻ എന്ന ചിത്രത്തിലെ വാളിനോടാണ് അദ്ദേഹം അമേരിക്കൻ ജനാധിപത്യത്തെ ഉപമിച്ചത്. തകരും തോറും ശക്തി വർദ്ധിക്കുന്നതാണ് ആ വാൾ. യുദ്ധങ്ങളും, അനീതിയും കലാപങ്ങളുകൊണ്ട് നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ് ഒരു കൂട്ടർ. അതിന്റെ അവസാന ശ്രമമാണ് ഈ ബുധനാഴ്‌ച്ച നടന്നത്. എന്നാൽ നമ്മൾ അതിൽനിന്നെല്ലാം ഉയർത്തെഴുന്നേറ്റ് കൂടുതൽ ശക്തരായി വരും. ആത്മവിശ്വാസ്ത്തോടെ നടൻ പറയുന്നു.