മലയാളികളുടെ പ്രിയനടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നടന്‍ പൃഥ്വിരാജ്. എക്കാലത്തെയും മികച്ച എഴുത്തുകാരില്‍, സംവിധായകരില്‍, നടന്മാരില്‍ ഒരാള്‍ക്ക് വിട. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, ഇതിഹാസത്തിന് നിത്യശാന്തി നേരുന്നുവെന്നാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ ശനിയാഴ്ച രാവിലെ 8.30യോടെയാണ് അന്തരിച്ചത്. ഡയാലിസിസിനായി പോകും വഴി അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു മരണം.

1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ സിനിമയിലെത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഹാസ്യനടനായും നായകനായും വെള്ളിത്തിരയില്‍ തിളങ്ങി. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് മടക്കം.