- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ ഇടപെട്ട് ഗവർണർ; പ്രതിപക്ഷ നേതാവ് നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി; ഉചിതമായ പരിഗണന വേണമെന്നും ഗവർണർ നിർദ്ദേശം; തീപ്പിടിത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പ്രാഥമിക നിഗമനത്തിൽ പൊലീസ്; അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുൻപ് ആ പരിസരത്ത് ഉണ്ടായിട്ടില്ല; തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു; ഫാനിലെ പ്ലാസ്റ്റിക് ഉരുകിത്തെറിച്ച് കർട്ടനിലും പേപ്പറിലേക്കും മേശപ്പുറത്തേക്കും വീണുവെന്നും വിലയിരുത്തൽ
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ ഗവർണറുടെ ഇടപെടൽ. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവർണർ നിർദ്ദേശിച്ചതായാണ് ലഭിക്കുന്ന വിവരം.
അതേ സമയം സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്ന പൊലീസ് സംഘം പ്രോട്ടോക്കോൾ വിഭാഗത്തിലെ മുഴുവൻ ഫയലുകളുടെയും പരിശോധന തുടങ്ങി. തീപിടിത്തത്തിൽ നഷ്ടപ്പെട്ട ഫയലുകൾ ഏതൊക്കെയെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പരിശോധന. ഫയൽ പരിശോധനാ നടപടികളുടെ വീഡിയോയും ചിത്രീകരിക്കുന്നുണ്ട്. ഭാഗികമായി കത്തി നശിച്ച ഫയലുകൾ സ്കാൻ ചെയ്ത് സൂക്ഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. പൊതുഭരണവകുപ്പിലെ മുഴുവൻ ജീവനക്കാരുടെയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. താൽക്കാലികമായി എട്ടു സിസിടിവി ക്യാമറകളും പൊതുഭരണവിഭാഗത്തിൽ സ്ഥാപിച്ചു.
അതിനിടെ അന്വേഷണം പുരോഗമിക്കവേ സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തത്തിനു പിന്നിൽ അട്ടിമറി നടന്നിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് പൊലീസ് കകടക്കുന്നത്. അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുൻപ് ആ പരിസരത്ത് ഉണ്ടായിട്ടില്ലെന്നും വിലയിരുത്തുന്നു. തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു. ആ മുറിയിലേക്ക് അപകടത്തിനു മുൻപ് ആരും പ്രവേശിച്ചിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്കുള്ള നീക്കങ്ങൾ നടന്നതിന്റെ തെളിവും ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്.
രണ്ട് സംഘങ്ങളാണ് സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്നത്. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘവും. ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘം, തീപ്പിടിത്തത്തിനു കാരണം വാൾഫാനിന്റെ തകരാർ ആണെന്ന് കണ്ടെത്തിയിരുന്നു. സർക്കാർ ഇക്കാര്യം ഔദ്യോഗികമായി പുറത്തറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു. ചീഫ് ഇലക്ട്രിക്കൽ എൻജിനീയറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെതിന് സമാനമായ കണ്ടെത്തലിലേക്ക് പൊലീസും നീങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന.
വാൾഫാൻ കറങ്ങിയുണ്ടായ ചൂടുകൊണ്ട് പ്ലാസ്റ്റിക് ഉരുകിത്തെറിച്ച് കർട്ടനിലും പേപ്പറിലേക്കും മേശപ്പുറത്തേക്കും വീണു. ഇതേത്തുടർന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തൽ. ഇത് ആധികാരികമാണെന്നാണ് പൊലീസിന്റെയും നിഗമനം. തീപ്പിടിത്തത്തിൽ ഏതൊക്കെ ഫയൽ നശിച്ചുവെന്നതിനെ കുറിച്ച് ആധികാരികമായ വിവരം സർക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. ചീഫ് സെക്രട്ടറി നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സംഘമാണ് ഇത് സംബന്ധിച്ച അന്വേഷണവും നടത്തുന്നത്. പ്രധാനപ്പെട്ട ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിവരമാണ് ഉദ്യോഗസ്ഥരിൽനിന്ന് ഇപ്പോൾ ലഭിക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും നടത്തിയ വിദേശയാത്രകളിലേക്ക് എൻ.ഐ.എ. അന്വേഷണം നീങ്ങവേയാണ് ഈ രേഖകൾ സൂക്ഷിച്ചിട്ടുള്ള വിഭാഗത്തിൽ തീ പടർന്നത്. ലൈഫ് മിഷൻ ഫ്ളാറ്റ് ഇടപാടിലെ നിർണായകരേഖകളും ഇവിടെയാണെന്നു കരുതുന്നു. സംസ്ഥാനത്തെ പ്രോട്ടോകോൾ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫിസിനോടു ചേർന്നാണ് പ്രോട്ടോകോൾ വിഭാഗം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനെ മെയിൻ ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന നോർത്ത് സാൻവിച്ച് ബ്ലോക്കിലാണ് പ്രോട്ടോകോൾ വിഭാഗം പ്രവർത്തിക്കുന്നത്. ഇവിടെയാണ് തീപിടുത്തം ഉണ്ടായത്. ഗവർണർമാരുടെയും മന്ത്രിസഭയുടേയും സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ വിഭാഗത്തിലാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സർക്കാരിന്റെ അതിഥികളെത്തുമ്പോൾ സ്വീകരിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതും അവർക്കു വേണ്ട സൗകര്യമൊരുക്കുന്നതും ഈ വിഭാഗമാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ, കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിലും ഈ വിഭാഗം തീരുമാനമെടുക്കുന്നു. മന്ത്രിമാർ സ്വന്തം ചെലവിലോ, മറ്റുള്ളവരുടെ ചെലവിലോ വിദേശത്തു സന്ദർശനം നടത്തുകയാണെങ്കിൽ അക്കാര്യം പ്രോട്ടോകോൾ വിഭാഗം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച് അനുവാദം വാങ്ങണം. വിദേശത്തുനിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്ന പൊളിറ്റിക്കൽ 1 (ഇൻകമിങ് വിസിറ്റ്) വിഭാഗമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിഥികളെത്തുന്നതിനു മുൻപ് കേന്ദ്രവിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽനിന്ന് അനുമതി തേടേണ്ടതുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് ആളുകളെത്തി കരാർ ഒപ്പിടുന്നതിനു മുൻപ് അനുവാദം വാങ്ങിയിരുന്നോ എന്ന കാര്യമാണ് എൻഐഎ പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച ഫയലുകൾ അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോട്ടോകോൾ വിഭാഗമാണ്. കോൺസുലേറ്റിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഈ വിഭാഗത്തെ ബന്ധപ്പെടണം. ഇവിടെ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾക്കു വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. കോൺസൽ ജനറലിനു പുറത്തെ പരിപാടികളിൽ പങ്കെടുക്കുന്നതിനു പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതി ആവശ്യമാണ്. അങ്ങനെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട പല രേഖകളും ഉള്ള ഓഫീസ്. ഇവിടെയാണ് സ്വർണ്ണ കടത്തിലെ അന്വേഷണം മുന്നോട്ട് പോകുമ്പോൾ തീപിടിത്തമുണ്ടാകുന്നത്. അതുകൊണ്ടാണ് സംശയങ്ങൾ ബലപ്പെടുന്നത്.
ഇ ഫയൽ സംവിധാനം സെക്രട്ടേറിയറ്റിൽ നിലവിൽ വന്നെങ്കിലും പ്രധാന ഫയലുകൾ ഇപ്പോഴും കടലാസു രൂപത്തിലാണ് സൂക്ഷിക്കുന്നത്. പ്രോട്ടോകോൾ വിഭാഗത്തിലെ പ്രധാന ഫയലുകളെല്ലാം കടലാസുരൂപത്തിലുള്ളതാണ്. സെക്രട്ടേറിയറ്റിലെ മറ്റു വിഭാഗങ്ങളിലെ ഫയൽ സൂക്ഷിക്കുന്നത് പഴയ അസംബ്ലി ഹാളിനോട് ചേർന്ന റെക്കോർഡ് റൂമിലാണെങ്കിൽ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ രഹസ്യസ്വഭാവം സൂക്ഷിക്കാൻ പ്രോട്ടോകോൾ വിഭാഗത്തിൽതന്നെയാണു സൂക്ഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ