ന്യൂഡൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിൽ ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തെപ്പറ്റി പ്രധാനമന്ത്രി വിവരങ്ങൾ ധരിപ്പിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, സുരക്ഷാ വീഴ്ചയെപ്പറ്റി അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി മെഹ്താബ് ഗില്ലും പഞ്ചാബ് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് വെർമയുമാണ് അന്വേഷണ സംഘത്തിലുള്ളത്. മൂന്നു ദിവസത്തിനുള്ളിൽ ഇവർ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.

എന്നാൽ പഞ്ചാബ് സർക്കാർ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ബിജെപി പ്രതികരിച്ചു. കർഷക പ്രക്ഷോഭത്തിൽ റോഡ് തടസ്സപ്പെട്ടതിനെ തുടർന്ന് ഫിറോസ്പുർ മേൽപ്പാലത്തിൽ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം ഇരുപത് മിനിറ്റോളം കുടുങ്ങിയിരുന്നു. തുടർന്ന് ബിജെപി പൊതുയേഗം ഉപേക്ഷിച്ച് മോദി തിരികെ പോവുകയായിരുന്നു.

അതേ സമയം സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും. പഞ്ചാബ് ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും സസ്പെന്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ലോയേഴ്സ് വോയ്സ് എന്ന സംഘടന ഹർജി നൽകിയിരിക്കുന്നത്.

പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിൽ പഞ്ചാബ് സർക്കാർ പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നവർ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതോടെ പതിനഞ്ച് മിനിറ്റിലധികം നേരമാണ് അദ്ദേഹത്തിന്റെ വാഹനം വഴിയിൽ കിടന്നത്. ഈ സംഭവത്തിലാണ് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയത്. എന്നാൽ ഒരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും സംഭവച്ചിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നിയുടെ അവകാശവാദം.

ഹുസൈനിവാലയിൽ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാനും ഫിറോസ്പൂരിൽ റാലിയിൽ പങ്കെടുക്കാനും റോഡ് മാർഗം പോകുന്നതിനിടെയാണ് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. ഫ്‌ളൈ ഓവറിൽ 20 മിനിറ്റോളം പ്രധാനമന്ത്രിക്ക് കാത്തുനിൽക്കേണ്ടി വന്നു. എന്നാൽ ഈ സമയം പ്രതിഷേധക്കാരെ മാറ്റാതെ പൊലീസ് ഉദ്യോഗസ്ഥർ അവർക്കൊപ്പമിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശം കണക്കിലെടുത്താണ് അദ്ദേഹം റാലി ഒഴിവാക്കി മടങ്ങിയത്.

പ്രതികൂലകാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ യാത്ര ഉപേക്ഷിച്ച് കാറിൽ പോവുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ബതിന്ദയിൽ ഇറങ്ങിയ ശേഷം ഇരുപത് മിനിറ്റോളം കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതിന് വേണ്ടി കാത്തിരുന്ന ശേഷമാണ് യാത്ര കാറിലാക്കാൻ തീരുമാനിച്ചത്. എന്നാൽ ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റർ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡിൽ പ്രതിഷേധക്കാർ തടസമുണ്ടാക്കുകയായിരുന്നു.

സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. ഒരു സംസ്ഥാന സർക്കാരിന്റെ അറിവോടെ പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് ആദ്യമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഹെലികോപ്റ്ററിലുള്ള യാത്ര മാറ്റി റോഡ് മാർഗമാക്കിയത് തങ്ങളെ അറിയിച്ചിരുന്നില്ല എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറയുന്നത്. താൻ സുരക്ഷാ നടപടികൾ വിലയിരുത്തിയിരുന്നെന്നും അപ്പോഴൊന്നും മാറ്റം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്താക്കി.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ, പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യത്തിൽ വീഴ്ചയുണ്ടായ വിഷയം രാഷ്ട്രീയമാക്കുകയാണ് ബിജെപി.യും കോൺഗ്രസും. സംസ്ഥാനസർക്കാരിന്റെ അറിവോടെ പ്രധാനമന്ത്രിയെ ശാരീരികമായി അപായപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് ബിജെപി. ആരോപിച്ചു. എന്നാൽ, ഫിറോസ്പുരിലെ റാലിയിൽ ജനപങ്കാളിത്തമില്ലെന്നുകണ്ട് സൃഷ്ടിച്ച രാഷ്ട്രീയനാടകമാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയനാടകമാണ് പഞ്ചാബിൽ അരങ്ങേറിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. പഞ്ചാബിലെ ജനങ്ങൾ ബിജെപി.യെ തിരസ്‌കരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലടക്കം ബിജെപി. തിരസ്‌കരിക്കപ്പെടും. അഞ്ചു സംസ്ഥാനങ്ങളിൽ ഇല്ലാതാവുമെന്ന് ബിജെപി. ഭയക്കുകയാണെന്നും സുർജേവാല പറഞ്ഞു.

ഫിറോസ്പുരിലെ റാലിയിൽ കസേരകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇത്തരത്തിലുള്ള വീഡിയോകൾ കോൺഗ്രസ് അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്നും റാലിയിൽ ആളുകൾ ഉണ്ടായിരുന്നുവെന്നും ബിജെപി അനുകൂലികളും തിരിച്ചടിച്ചു. ഇത്തരത്തിലുള്ള വിഡിയോകൾ ബിജെപി അനുകൂല പ്രൊഫൈലുകളും ഷെയർ ചെയ്യുന്നുണ്ട്.