- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാൻ ആഗോള ഇസ്ലാമിക ഭീകരർക്ക് സ്വർഗ്ഗം! തീവ്ര ആശയത്തിൽ വിശ്വസിക്കുന്നവർ താലിബാനിൽ ചേരാൻ അഫ്ഗാനിലേക്ക് ഒഴുകിയേക്കും; ബംഗ്ലാദേശിൽ നിന്ന് ഇന്ത്യവഴി അഫ്ഗാനിലേക്ക് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി; അഫ്ഗാനിൽ നിന്ന് മടങ്ങാൻ 41 മലയാളികൾ കൂടി
ന്യൂഡൽഹി: താലിബാൻ എന്ന ഭീകര സംഘടന അഫ്ഗാനിസ്ഥാൻ എന്ന രാജ്യത്തിൽ അധികാരം പിടിച്ചതോടെ ആഗോള തലത്തിൽ ഇസ്ലാമിക ഭീകരരുടെ സ്വർഗ്ഗമായി ഈ രാജ്യം മാറുകയാണ്. തീവ്ര ആശയത്തിൽ വിശ്വസിക്കുന്നവർക്ക് അഫ്ഗാനിസ്ഥാനോട് വലിയ താൽപ്പര്യം തന്നെ തോന്നി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നു പോലും യുവാക്കൾ അവിടേക്ക് പോയേക്കാമെന്ന വിലയിരുത്തലുകൾ വരുന്നുണ്ട്. ഇതിനിടെ ബംഗ്ലാദേശിൽ നിന്നും യുവാക്കൾ അഫ്ഗാൻ ലക്ഷ്യമിട്ട് നീങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ ഇന്ത്യൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തീവ്ര നിലപാടുകളുള്ള ചില 'യുവാക്കൾ' താലിബാനിൽ ചേരുന്നതിനായി ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കുന്നെന്ന മുന്നറിയിപ്പുമായി ധാക്ക പൊലീസ് കമ്മിഷണറാണ് രംഗത്തുവന്നത്. ഇതിനു പിന്നാലെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ വർധിപ്പിച്ചു.
'ഏതു വിധേനയും അഫ്ഗാനിസ്ഥാനിലെത്താനാണു തീവ്രവാദപരമായ നിലപാടുകളുള്ള ചില യുവാക്കളുടെ ശ്രമം. എത്രപേരുണ്ടെന്ന വിവരം ഞങ്ങൾക്ക് അറിയില്ല' ധാക്ക പൊലീസ് കമ്മിഷനർ ഷെഫീഖുൽ ഇസ്ലാം പറഞ്ഞു. 'സേന ജാഗരൂകരാണ്. താലിബാനിൽ ചേരാനായി ഇന്ത്യയിലൂടെ നുഴഞ്ഞു കയറിയതിന് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല,' ബിഎസ്എഫിന്റെ ദക്ഷിണ ബംഗാൾ അതിർത്തിയിലെ ഡിഐജി എസ്.എസ്. ഗുലേറിയ പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതിൽ ആവേശം കൊള്ളുന്ന ചില യുവാക്കൾ ഉണ്ടെന്നു ബംഗ്ലാദേശ് അധികാരികൾ നേരത്തേതന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സംഭവങ്ങളെ ഗൗരവമായി നോക്കിക്കാണുകയാണെന്നാണു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. വീസ ലഭിക്കാൻ എളുപ്പമായതിനാലാണു ബംഗ്ലാദേശിലെ യുവാക്കൾ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. 20 വർഷങ്ങൾക്കു മുൻപു ബംഗ്ലാദേശിലെ ഒട്ടേറെ യുവാക്കൾ താലിബാനിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്കു പോയിരുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും ബംഗ്ലാദേശും സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ വിസ ലഭിക്കാനുള്ള എളുപ്പമാണ് അഫ്ഗാനിലേക്ക് കടക്കാൻ ഇന്ത്യയെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെന്നാണ് സൂചന. ഇതിന് പുറമേയാണ് അനധികൃതമായി നുഴഞ്ഞ് കയറാനുള്ള ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ്.
അഫ്ഗാനിൽ ആകെ 41 മലയാളികൾ
അതേസമയം മടക്കയാത്രയ്ക്കൊരുങ്ങി അഫ്ഗാനിൽ പലയിടങ്ങളിലായി ഏകദേശം 400 ഇന്ത്യക്കാർ ഇനിയുമുണ്ട്. അഫ്ഗാനിൽ ആകെ 41 മലയാളികൾ ഉണ്ടെന്നാണു വിവരം. ഇന്നലെയെത്തിയ വിമാനങ്ങളിൽ ഇവരിൽ എത്ര പേരെ എത്തിച്ചെന്നു വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ വരുംദിവസങ്ങളിലും കാബൂളിലേക്കു പോകും. മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും എത്തിക്കുമെന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
മറുനാടന് ഡെസ്ക്