- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിന്നെ ഒറ്റക്കുത്തിന് കൊല്ലുകയാണ് വേണ്ടത്; നീയും നിന്റെ ഭാര്യയും മക്കളുമൊക്കെ ആത്മഹത്യ ചെയ്താലും എനിക്കൊന്നുമില്ല; ജനീഷ് കുമാർ എംഎൽഎ തന്നെ നേരിൽ ഭീഷണിപ്പെടുത്തിയെന്ന് സസ്പെൻഷനിലായ സീതത്തോട് സഹകരണ ബാങ്ക് സെക്രട്ടറി കെ യു ജോസ്; മുഖ്യമന്ത്രിക്ക് കത്തെഴുതി ജോസ്
പത്തനംതിട്ട: സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന മുഴുവൻ ക്രമക്കേടുകളുടെയും ഉത്തരവാദിത്തം കെയു ജനീഷ്‌കുമാർ എംഎൽഎയ്ക്കും അനുചരന്മാർക്കുമാണെന്ന് സസ്പെൻഷനിലായ സെക്രട്ടറി കെയു ജോസ്. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് ജോസ് ജനീഷ്‌കുമാറിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. ബാങ്കിൽ നടന്ന 1.63 കോടിയുടെ ക്രമക്കേടിന്റെ ഉത്തരവാദിത്തം മുഴുവൻ ചുമത്തി ജോസിനെ ഇന്നലെ പ്രസിഡന്റ് പിഎ നിവാസ് സസ്പെൻഡ് ചെയ്തിരുന്നു. തനിക്കെതിരായി നടപടി വരുമെന്ന് അറിയാമായിരുന്ന ജോസ് കഴിഞ്ഞ എട്ടിന് മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.
ജനീഷ്‌കുമാർ ബാങ്കിന്റെ ലേബലിൽ നടത്തിയിട്ടുള്ള അഴിമതികൾ മുഴുവൻ അറിയാവുന്ന തന്നെ മാത്രം പ്രതിയാക്കി ശിക്ഷിക്കാനും ഉത്തരവാദികളായ പാർട്ടി നേതാക്കളെയും ഉദ്യോഗസ്ഥരെയും രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ സസ്പെൻഷൻ. നിന്നെ ഒറ്റക്കുത്തിന് കൊല്ലുകയാണ് വേണ്ടതെന്നും നീയും നിന്റെ ഭാര്യയും മക്കളുമെല്ലാം ആത്മഹത്യ ചെയ്താലും തനിക്കൊന്നുമില്ലെന്നും എംഎൽഎ ഭീഷണി മുഴക്കിയെന്നും കത്തിൽ പറയുന്നു.
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് നടത്തിയ വിശദമായ പരിശോധനയിൽ 2013 മുതൽ 18 വരെയുള്ള ബാങ്കിന്റെ പ്രവർത്തനം വിലയിരുത്തിയിരുന്നു. അന്നത്തെ ബാങ്ക് സെക്രട്ടറി, പ്രസിഡന്റ്, പാർട്ടി നേതാക്കൾ എന്നിവർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തുടർന്ന് സഹകരണ നിയമം 65-ാം വകുപ്പ് പ്രകാരം നടത്തിയ അന്വേഷണത്തിൽ മറ്റുള്ളവരെയെല്ാലം ഒഴിവാക്കി അന്ന് അസി. സെക്രട്ടറി മാത്രമായിരുന്ന തന്റെ തലയിൽ കുറ്റം മുഴുവൻ കെട്ടിവയ്ക്കുകയാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജനീഷ്‌കുമാർ തന്നെ മാത്രം പ്രതി ചേർത്തു. 65-ാം വകുപ്പ് അന്വേഷണത്തിൽ എന്നെ കേൾക്കുകയോ എന്റെ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ജോസ് പറയുന്നു.
തന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിൽ നടന്നിട്ടുള്ള ഇടപാടുകൾ അഴിമതിയെന്ന് പ്രചരിപ്പിച്ച് വേറെ കുറ്റക്കാർ ആരുമില്ലെന്ന് വരുത്തി തീർത്ത് തന്നെ ക്രിമിനൽ കേസിൽപ്പെടുത്തി ശിക്ഷിക്കാനുള്ള നീക്കമാണ് എംഎൽഎ നടത്തുന്നത്. 2013 മുതൽ താൻ സെക്രട്ടറി സ്ഥാനം എറ്റെടുക്കുന്ന 2019 ജൂൺ ഒന്നു വരെ നടന്ന പ്രവർത്തനങ്ങളിൽ തനിക്ക് മാത്രമാണ് ഉത്തരവാദിത്തം എന്ന വിചിത്രന്യായമാണ് എംഎൽഎയും കൂട്ടരും പറയുന്നത്.
ബാങ്ക് സീതത്തോട് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വർഷങ്ങളായി കൃഷി ഭവനിൽ നിന്നും വളം വാങ്ങി വിതരണം ചെയ്യുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ വളം കൂടിയ വിലയ്ക്ക് വാങ്ങി 25 ശതമാനം കമ്മിഷൻ ഇവർ കൈപ്പറ്റുന്നു. കമ്മിഷൻ തുക കൈപ്പറ്റുന്നതും അത് വീതം വയ്ക്കുന്നതും ജനീഷിന്റെ നേതൃത്വത്തിലാണ്. കമ്മിഷൻ തുക വളം വിതരണം ചെയ്യുന്ന പമ്പ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്നും പണമായിട്ടാണ് വാങ്ങുന്നത്. അത് എംഎൽഎയുടെ ബിനാമി അക്കൗണ്ടിൽ ആദ്യം നിക്ഷേപിക്കും പിന്നീട് പിൻവലിക്കും. പഞ്ചായത്തിന് കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ കരാറുകാരിൽ നിന്നും ശതമാനം പറഞ്ഞ് വർഷങ്ങളായി ഇവർ കമ്മീഷൻ കൈപ്പറ്റുന്നുണ്ട്.
ബാങ്കിൽ നടന്നിട്ടുള്ള മുഴുവൻ പ്രവർത്തനങ്ങളും കാലാകാലങ്ങളിൽ ഇരുന്ന പ്രസിഡന്റും ഭരണ സമിതിയും അറിഞ്ഞാണ് നടന്നിട്ടുള്ളത്. സീതത്തോട് മാർക്കറ്റിൽ അനുവദിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രതിഷേധത്തെ തുടർന്ന് വാലുപാറ കമ്യൂണിറ്റി ഹാളിന് സമീപം സ്ഥാപിക്കാൻ ശ്രമിച്ചു. പിന്നീട് ഇവിടെയും പ്രതിഷേധം ഉയർന്നപ്പോൾ 70 കി.മീറ്റർ അകലെ ഗവിയിൽ സ്ഥാപിച്ചു. ഇതിപ്പോൾ പ്രവർത്തന രഹിതമാണ്.
പാർട്ടി ലോക്കൽ കമ്മറ്റിയംഗം സിവി രാഹുൽ ആണ് ഈ വർക്ക് നടത്തിയത്. അതിൽ നിന്നും വൻതുക കമ്മിഷനായി കൈപ്പറ്റി. അതിൽ നിന്ന് 10 ലക്ഷം രൂപ സീതത്തോട് ബാങ്കിൽ രാഹുലിന്റെ പേരിൽ നിക്ഷേപിച്ചു. കോന്നി ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥിരനിക്ഷേപം ക്ലോസ് ചെയ്ത് ജനീഷ്‌കുമാറിന്റെ ബാധ്യത തീർക്കാൻ ഉപയോഗിച്ചു. ഈ വിവരം ഏരിയാ കമ്മറ്റി അംഗങ്ങളായ പിആർ പ്രമോദ്, ബാങ്ക് പ്രസിഡന്റ് ടിഎ നിവാസ്, പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ എന്നിവർക്ക് അറിവുള്ളതാണ്.
ജനീഷിന്റെ ഇത്തരം അഴിമതികൾ എനിക്ക് അറിയാവുന്നതു കൊണ്ടാണ് എന്നെ കള്ളനാക്കാൻ ശ്രമിക്കുന്നത്. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ആങ്ങമൂഴി ലോക്കൽ കമ്മറ്റി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത്. എംഎൽഎയുടെ അഴിമതികൾ അറിയാവുന്ന എന്നെ പാർട്ടി വിരുദ്ധനായി ചിത്രീകരിച്ച് ജനമധ്യത്തിൽ അപമാനിക്കാനും സൽപ്പേരിന് കളങ്കം വരുത്താനുമാണ് ശ്രമിക്കുന്നത്. എനിക്കിവിടെ ബന്ധുബലമോ സ്വാധീനമോ ഇല്ല. പാർട്ടിയല്ലാതെ തനിക്ക് വേറെ ആശ്രയമില്ല. 65-ാം വകുപ്പ് അന്വേഷണ റിപ്പോർട്ട് പ്രകാരം തന്നെ മാത്രം കുറ്റക്കാരനാക്കാനുള്ള നടപടി പുനഃപരിശോധിക്കണമെന്നും ജോസിന്റെ കത്തിൽ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്