പത്തനംതിട്ട : പന്തളത്ത് പ്രമുഖ ബിജെപി നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവച്ചു. ബിജെപി നേതാവും ധർമ സംരക്ഷണ സമിതി ചെയർമാനുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള 30 ലധികം നേതാക്കളും പ്രവർത്തകരുമാണ് പാർട്ടി വിട്ടത്. തങ്ങൾ സിപിഎമ്മുമായി ചേർന്നു പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു

 ശബരിമല വിഷയത്തിൽ നാമജപ ഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നൽകിയ നേതാവാണ് കൃഷ്ണകുമാർ.പന്തളത്ത് ഇന്ന് നടക്കുന്ന യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഇവരെ പാർട്ടിയിലേക്ക് സ്വീകരിക്കും.ബിഎംഎസ് മേഖലാ ജോ. സെക്രട്ടറി എം സി സദാശിവൻ, ബിജെപി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എം ആർ മനോജ് കുമാർ, ബാലഗോകുലം മുൻ താലൂക്ക് സെക്രട്ടറി അജയകുമാർ വാളാകോട്ട്, മുനിസിപ്പൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോർച്ച ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി ശ്രീലത എന്നിവരടക്കം മുപ്പതിലധികം നേതാക്കളും പ്രവർത്തകരുമാണ് ബിജെപി വിട്ടത്.

ശബരിമല വിഷയത്തിൽ പന്തളത്ത് നാമജപ ഘോഷയാത്ര നടത്തിയതിന് പിന്നിലെ ബുദ്ധിയും ആസൂത്രണവും കൃഷ്ണകുമാറിന്റേതായിരുന്നു. സംഘർഷത്തിൽ കൃഷ്ണകുമാറിനെതിരെ കേസെടുക്കുകയും ജയിലിൽ അടയ്ക്കുകയുംചെയ്തു. എന്നാൽ ബിജെപി ഉന്നത നേതാക്കൾ പിന്നെ കൃഷ്ണകുമാറിനെ തിരിഞ്ഞുനോക്കിയില്ല. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു ഇദ്ദേഹം

പത്തനംതിട്ട ഡിസിസി അംഗവും മുൻ പഞ്ചായത്തംഗവും, കോൺഗ്രസ് പന്തളം മണ്ഡലം ജനറൽ സെക്രട്ടറിയുമായ വി ടി ബാബു, കർഷക കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റും കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റുമായ പന്തളം വിജയൻ, കേരള കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ഇടിക്കുള വർഗീസ് എന്നിവരടക്കം 25 ൽ അധികം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സിപിഎമ്മിലേക്ക് എത്തിയിട്ടുണ്ട്. പന്തളത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ തുടങ്ങിയ പൊട്ടിത്തെറി കത്തിപ്പടരുകയായിരുന്നു.

അതേസമയം, പന്തളം നഗരസഭയിൽ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ ബിജെപി നേതാക്കളുടെ കൂടുമാറ്റം സിപിഎമ്മിന് നേട്ടമായി.പന്തളം നഗരസഭയിലെ പരാജയത്തിന് കാരണം സംഘടനാ വീഴ്ചയെന്നായിരുന്നു സിപിഎം വിലയിരുത്തൽ.

കഴിഞ്ഞ പ്രാവശ്യം ഏഴ് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇക്കുറി 18 സീറ്റ് നേടിയാണ് പന്തളത്ത് അധികാരം പിടിച്ചത്. സിപിഎം ജില്ലയിൽ ഭരണം ഉറപ്പാണെന്നു വിലയിരുത്തിയ നഗരസഭയായിരുന്നു പന്തളം . പ്രാദേശീകമായി നില നിൽക്കുന്ന വിഭാഗീയതയാണ് തോൽവിക്ക് കാരണം. തിരഞ്ഞെടുപ്പിൽ സിപിഎം.വോട്ടു മറിച്ചെന്ന ആരോപണം സിപിഐ ഉന്നയിച്ചിരുന്നു.