കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. രാമന്തളി വടക്കുമ്പാട്ടെ പ്രവാസി സി.റഷീദി(33)നെയാണ് പയ്യന്നൂർ ഡിവൈ.എസ്‌പി കെ.ഇ പ്രേമചന്ദ്രൻ അറസ്റ്റു ചെയ്തത്.

യുവതി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കേസന്വേഷണം പയ്യന്നൂർ ഡിവൈ.എസ്‌പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ ചെമ്മരൻ കീഴിൽ ഷമീല(26)യെയാണ് ജൂൺ രണ്ടിന് ബുധനാഴ്ച ഉച്ചയോടെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പൊലീസ് സംഭവ സ്ഥലത്തു നിന്നും യുവതി എഴുതിയ കത്ത് കണ്ടെത്തി. ഗൾഫിൽ ജോലി ചെയ്തുവന്ന ഭർത്താവ് റഷീദിന്റെ പീഡനമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാണിച്ച് ബന്ധു ഡിവൈ.എസ്‌പിക്ക് പരാതി നൽകിയതോടെ മൊഴിയെടുത്ത പൊലീസ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

ഗാർഹിക പീഡന കുറ്റവും, ആത്മഹത്യ പ്രേരണയും ചുമത്തിയാണ് ഭർത്താവായ റഷീദിനെ കേസിൽ അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. മരണപ്പെട്ട ഷമീലക്ക് നാലും ഒന്നര വയസുമുള്ള രണ്ട് ആൺകുട്ടികളാണ്. വിദേശത്തായിരുന്ന റഷീദ് സമീപകാലത്ത് നാട്ടിലെത്തിയതായിരുന്നു.

അന്വേഷണ സംഘത്തിൽ എസ്‌ഐ എൻ.കെ ഗിരീഷ് എഎസ്ഐ കെ.സത്യൻ, നികേഷ്, സുരേഷ് കക്കറ എന്നിവരും ഉണ്ടായിരുന്നു. രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ ചെമ്മരൻകീഴിൽ ഷമീലയെന്ന ഇരുപത്തിയാറുകാരി കഴിഞ്ഞ മാസം രണ്ടിനാണ് ഭതൃഗൃഹത്തിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ഷമീലയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവ് റഷീദിന്റെ പീഡനമാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഷമീല ആത്മഹത്യ ചെയ്തതോടെ ഭർത്താവ് റഷീദ് ഒളിവിൽ പോയി. സഹോദരിയുടെ കാലിക്കടവിലെ വീട്ടിൽ രഹസ്യമായി താമസിച്ചു വരുന്നതിനിടെയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഭർത്താവിന്റെ പീഡനത്തെ കുറിച്ച് യുവതിയുടെ ആത്മഹത്യ കുറിപ്പിലും സൂചനകൾ ഉണ്ടായിരുന്നു.