- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ റെയിൽ പദ്ധതിക്കെതിരെ എടുത്തുചാടി സമരം ചെയ്യേണ്ടതില്ല; പദ്ധതിക്ക് രണ്ട് വശങ്ങളുണ്ട്; ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യം; തന്റേത് വ്യക്തിപരമായ നിലപാട്; യുഡിഎഫ് സമരവുമായി മുന്നോട്ടു പോകുമ്പോഴും മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചു ശശി തരൂർ; തിരുവനന്തപുരം എംപിയുടെ നിലപാടിനോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി: എൽഡിഎഫ് സർക്കാർ സ്വപ്ന പദ്ധതിയെന്ന് അവകാശപ്പെടുന്ന സിൽവർ ലൈൻ പദ്ധതിക്ക് അനുകൂല നിലപാട് ആവർത്തിച്ചു ശശി തരൂർ. പദ്ധതിയിൽ എടുത്തു ചാടി നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം എംപി പറയുന്നത്. തന്റേത് വ്യക്തിപരമായ നിലപാടാണെന്ന് വിശദീകരിച്ച അദ്ദേഹം സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ടെന്നും പറഞ്ഞു. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. നിർദ്ദിഷ്ട സെമി ഹൈസ്പീഡ് റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിവേദനത്തിൽ ഇന്നലെ ശശി തരൂർ എംപി ഒപ്പുവെച്ചിരുന്നില്ല. കെ റെയിൽ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നതുകൊണ്ടല്ലെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. പദ്ധതിയെ കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് തന്റെ നിലപാട്. നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നതുകൊണ്ടാണെന്ന വ്യാഖ്യാനം ആരും നൽകേണ്ട. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ ആവശ്യപ്പെട്ടു.
പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാർ നിവേദനത്തിൽ ഒപ്പിട്ടു. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്. എന്നാൽ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്. അതിനാലാണ് അദ്ദേഹം പദ്ധതിക്കെതിരായ നിവേദനത്തിൽ ഒപ്പിടാതിരുന്നത്.
അതേസമയം തരൂരിന്റെ നിലപാടിനോട് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. രാഹുൽ ഗാന്ധിയും പദ്ധതിക്ക് എതിരായ സമരത്തിൽ ഒപ്പുവെച്ചിരുന്നില്ല. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നു യുഡിഎഫ് എംപിമാരുടെ യോഗം വിളിക്കുമ്പോൾ അതിൽ ശശി തരൂർ എംപി പങ്കെടുക്കുമോ എന്നത് നിർണ്ണായകമാകും. തരൂർ ഒപ്പിടാത്തതിനെ ഗൗരവത്തോടെയാണ് കെപിസിസിയും കോൺഗ്രസ് ഹൈക്കമാണ്ടും കാണുന്നത്. പെട്രോൾ സമരത്തിനിടെ മുഖ്യമന്ത്രിയെ പ്രൊഫഷണൽ എന്ന് വിശേഷിപ്പിച്ച് തരൂർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇത് ഏറെ വിവാദമായി. കൊച്ചിയിലെ കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തു. കോൺഗ്രസിന്റെ രാഷ്ട്രീയ പോരാട്ടത്തെ തരൂർ തകർക്കുന്നുവെന്ന പ്രതീതി ശക്തമാണ്. ഈ സാഹചര്യത്തിൽ വേഗ റെയിലിലെ പിന്മാറ്റം കോൺഗ്രസ് ഗൗരവത്തോടെ എടുക്കും.
വേഗ റെയിലിനെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ താൻ മുഖ്യമന്ത്രിക്ക് വേണ്ടിയല്ല ഒപ്പിടാത്തതെന്നും പഠിക്കാൻ വേണ്ടിയാണെന്നും തരൂരും വിശദീകരിക്കുന്നു. ഇന്നത്തെ യോഗത്തിൽ തരൂർ എത്തിയാൽ പ്രശ്നം തീരും. അല്ലെങ്കിൽ തരൂരിനെതിരെ കടുത്ത നടപടികളിലേക്ക് കെപിസിസി നീങ്ങും. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട് നിർണ്ണായകമാകും. ആരും പാർട്ടിക്ക് അതീതരല്ലെന്ന നിലപാടിലാണ് സുധാകരൻ. പാർട്ടി നിലപാടുകളെ അംഗീകരിക്കാതെ ആർക്കും മുമ്പോട്ട് പോകാൻ കഴിയില്ലെന്നും സുധാകരൻ നിലപാട് എടുത്തിട്ടുണ്ട്.
തരൂരിന് ഹൈക്കമാണ്ടുമായാണ് ബന്ധം. അതുകൊണ്ട് തന്നെ ഹൈക്കമാണ്ട് തീരുമാനമാകും നിർണ്ണായകം. അതിനിടെ, പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) ലിഡാർ സർവേ (ആകാശ സർവേ) പ്രകാരം തയാറാക്കിയതാണെന്നും അതിനാൽ അശാസ്ത്രീയമാണെന്നും പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവനും റെയിൽവേ മുൻ ചീഫ് എൻജിനീയറുമായ അലോക് കുമാർ വർമ ആരോപിച്ചത് കേരളത്തിലെ പ്രതിഷേധങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ