- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവർത്തകർ കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്; ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി; കെ റെയിൽ വിഷയത്തിൽ തരൂർ യു.ഡി.എഫ് നിലപാടിനൊപ്പമെന്ന് സതീശൻ; നിലപാട് പരസ്യമായി പറയുമെന്നും പ്രതിപക്ഷ നേതാവ്; തരൂരിന്റെ നിലപാടിൽ തലവേദന ഒഴിയാതെ കോൺഗ്രസ്
തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ തലവേദന ഒഴിയാതെ സംസ്ഥാന കോൺഗ്രസ് നേതൃത്വം. സംസ്ഥാന സർക്കാറിനെ പിന്തുണയ്ച്ചും കോൺഗ്രസ് നിലപാടുകൾക്ക് വിരുദ്ധമായും നിരന്തരം രംഗത്ത് എത്തുന്ന തിരുവനന്തപുരം എംപി ശശി തരുരിനെതിരെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് വീണ്ടും രംഗത്തുവന്നു.
ശശി തരൂരിനെ നിയന്ത്രിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെടണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തരൂർ പാർട്ടിയെ മറന്ന് അഭിപ്രായം പറയാൻ പാടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു. പാർട്ടി പ്രവർത്തകർ രാവും പകലും കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്. പാർട്ടി പ്രവർത്തർക്കും തരൂരിനും ഒരേ അച്ചടക്കമാണ് പാർട്ടിക്കുള്ളിലുള്ളത്. തരൂരിന് പ്രത്യേക നിയമങ്ങളില്ല. തരൂർ പാർട്ടിയെ മറന്ന് അഭിപ്രായം പറയാൻ പാടില്ല. ഈ സാഹചര്യത്തിൽ തന്നെ തരൂരിനെ അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. തരൂരിനെ വിജയിപ്പിക്കാൻ പാർട്ടി ഏറെ പാടുപെട്ടിട്ടുണ്ട്. കൂടുതൽ ഒന്നും പറയാനില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടുന്നു.
കെ റെയിൽ പദ്ധതിക്ക് എതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്. പരിസ്ഥിതി ദോഷമാണ് പദ്ധതി എന്നതാണ് യാഥാർത്ഥ്യം എന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം തരൂരിനെ കുറ്റപ്പെടുത്താത്ത നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വീകരിച്ചത്. എന്നാൽ, ശശി തരൂർ യു.ഡി.എഫ് നിലപാടിനൊപ്പം നിൽക്കുമെന്നാണ് വി.ഡി. സതീശൻ പ്രതികരിച്ചത്. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകിയിട്ടുണ്ട്. നിലപാട് തരൂർ പരസ്യമായി പറയുമെന്നും സതീശൻ പറഞ്ഞു.
കെ-റെയിലിലും സിപിഎം വർഗീയത നിറയ്ക്കുകയാണ്. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് വർഗീയ പ്രചാരണം നടത്തുന്നത്. കോടതിയെ പരിഹസിക്കുകയാണ് സർക്കാരെന്നും വി.ഡി. സതീശൻ പറഞ്ഞു. സിപിഐക്കും പദ്ധതിയിൽ എതിർപ്പുണ്ട്, അവർ വർഗീയ സംഘടനയാണോ. വിഷയം മുഖ്യമന്ത്രിക്ക് ചുറ്റും കൂടിയവരും കമ്പനികളും ചർച്ച ചെയ്താൽ പോരാ, ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കെ-റെയിലുമായി മുന്നോട്ട് പോവാൻ അനുവദിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
അതേസമയം തരൂരിനെതിരെ എ.ഐ.സി.സിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. തരൂരിന്റെ കാര്യത്തിൽ കെപിസിസി നേതൃത്വം അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അത് ദേശീയ നേതൃത്വത്തിന് ബോധ്യമുള്ളതാണെന്നും വിഷയം തങ്ങളുടെ മുന്നിൽ വരുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിൽ വിഷയത്തിന് പുറമെ നീതി ആയോഗ് ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത് എത്തിയതിന് പിന്നാലെയും തരുർ സർക്കാറിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. നിരന്തരം പാർട്ടി വിരുദ്ധ നിലപാട് എന്ന ആക്ഷേപം നിലനിൽക്കെയാണ് തരൂരിന്റെ പ്രതികരണം. കേരളത്തിൽ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉൾക്കൊള്ളുന്നതാണ് കേരളഭരണമെന്നും ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നീതി ആയോഗിന്റെ ആരോഗ്യ സർവേയിൽ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ അഭിനന്ദനം. അവസാന സ്ഥാനത്ത് എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തായിരുന്നു തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആരോഗ്യസുരക്ഷ എന്താണെന്ന് യുപിയെ കണ്ട് കേരളം പഠിക്കണമെന്ന യോഗിയുടെ 2017 ലെ പരാമർശം തലക്കെട്ടാക്കിയ ബിസിനസ് സ്റ്റാൻഡിന്റെ വാർത്തയും ട്വീറ്റിനൊപ്പം തരൂർ ചേർത്തിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കുന്ന പ്രതികരണമാണ് തരൂർ നടത്തിയിരിക്കുന്നത്. കേരളത്തിലെ ഭരണം യോഗി മാതൃകയാക്കണമെന്നും തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാതൃകയാക്കിയാൽ അതിന്റെ ഗുണം രാജ്യത്തിന് തന്നെയാണെന്നും അല്ലെങ്കിൽ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പക്കുത്തുകയാണ് ചെയ്യുകയെന്നും തരൂർ പോസ്റ്റിൽ വ്യക്തമാക്കി.
കെ-റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായ നിലപാടെടുത്ത തരൂരിനോട് പാർട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി തരൂർ രംഗത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. തൃപ്തികരമല്ല വിശദീകരണമെങ്കിൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്നും ശശി തരൂരിനോട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ താക്കീത് നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ