ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂർ എംപിയുടെ ട്വീറ്റ്. മോദിയുടെ പഴയ ട്വീറ്റ് കുത്തിപൊക്കിയാണ് തരൂരിന്റെ പരിഹാസം. നരേന്ദ്ര മോദി മുമ്പ് പ്രസ്താവിച്ചത് പോലെ കുത്തനെയുള്ള ഇന്ധനവിലക്കയറ്റം സർക്കാർ പരാജയമാണെന്നതിന്റെ പ്രധാന ഉദാഹരണമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.

ഇന്ധന വിലവർദ്ധനവിൽ യു പി എ സർക്കാരിനെ കുറ്റപ്പെടുത്തി 2012 മേയിൽ നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത ട്വീറ്റ് ഉൾപ്പടെ ഷെയർ ചെയ്താണ് കേന്ദ്രസർക്കാരിനെതിരെ തരൂരിന്റെ വിമർശനം. നമോ അന്ന് പറഞ്ഞത് ശരിയാണ്, സർക്കാർ പരാജയമാണെന്നതിന് പ്രധാന ഉദാഹരണമാണ് കുത്തനെയുള്ള ഇന്ധനവിലവർദ്ധനവ്. യു പി എ സർക്കാരിന്റെ കാലത്ത് ആഗോളവില ബാരലിന് 140 ഡോളറായിരുന്നു. എന്നാൽ ബിജെപി ഭരണകാലത്ത് അതിന്റെ മൂന്നിലൊന്ന് മാത്രമാണ് വില. സാമ്പത്തികരംഗത്തിന്റെ തെറ്റായ രീതിയിലുള്ള കൈകാര്യവും അനിയന്ത്രിതമായ നികുതി വർദ്ധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് തരൂർ ട്വീറ്റിൽ കുറിച്ചു.

സർക്കാർ പരാജയമാണെന്ന് സൂചിപ്പിക്കുന്നതാണ് ഇന്ധനവിലക്കയറ്റമെന്നാണ് മോദി അന്ന് ട്വിറ്ററിൽ കുറിച്ചത്. വിലവർദ്ധനവ് ഗുജറാത്തിന് മേൽ കോടിക്കണക്കിന് രൂപയുടെ അധികഭാരം ഉണ്ടാക്കുമെന്നും അന്ന് സംസ്ഥാനമുഖ്യമന്ത്രിയായിരുന്ന മോദി ട്വീറ്റിൽ കുറിച്ചിരുന്നു.