കോട്ടയം: സിൽവർ ലൈൻ പദ്ധതിയിലെ പരിസ്ഥിതി ആഘാത പഠനം വെറും ചില്ലറ കളിയല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇക്കാര്യത്തിൽ കൃത്യമായ പഠനമൊന്നും നടത്താതെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. സിൽവർ ലൈൻ കടുന്നു പോകുന്നത് പശ്ചിമഘട്ടത്തിൽ കൂടി അല്ലെങ്കിലും അതിന്റെ പരിസ്ഥിതി ആഘാതം ഏറ്റവും കൂടുതൽ പേറേണ്ടി വരിക പശ്ചിമഘട്ടം ആയിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

സിൽവർ ലൈനിന് അനുമതികിട്ടിയാലും നേരിടാനുള്ളത് മലയോളം വലിയ പ്രതിസന്ധി. പാതയ്ക്കു വേണ്ട മണ്ണും പാറയും എവിടെനിന്ന് എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുന്നു. വിഴിഞ്ഞം തുറമുഖം നേരിടുന്ന അതേപ്രയാസം സിൽവർ ലൈനിനും നേരിടേണ്ടിവരുമെന്നാണ് അറിയുന്നത്. വിഴിഞ്ഞം പദ്ധതി ഇനിയും ഇഴഞ്ഞു നീങ്ങുന്നതിന്കാരണം പദ്ധതിക്ക് വേണ്ടി കല്ലുകൾ കിട്ടാന് ഇല്ലാത്തതു കൊണ്ടാണ്. ഇതേ അനുഭവം തന്നെയാകും സിൽവൽ ലൈനും നേരിടേണ്ടി വരികയെന്ന് ഉറപ്പാണ.

292.72 കിലോമീറ്റർ ദൂരം പാത ഭൂമിയിലൂടെയാണ് പോകുന്നത്. ഇത്തരം ഒരു കിലോമീറ്റർ പാതയ്ക്കുമാത്രം ഏകദേശം 40,000 ചതുരശ്രമീറ്റർ മണ്ണ് നിറയ്‌ക്കേണ്ടിവരും. നാലുമീറ്റർ ഉയരത്തിലും 10 മീറ്റർ വീതിയിലുമാണ് ഇതിനായുള്ള തറ സജ്ജമാക്കുക. ഇത്രയും നിറയ്ക്കാൻ 8000 ലോറി മണ്ണ് വേണ്ടിവരും. 292.72 കിലോമീറ്റർ തറയിലൂടെയുള്ള പാതയ്ക്ക് വേണ്ടിവരിക 23.36 ലക്ഷം ലോറി മണ്ണാകും.

പാതയുടെ പാരിസ്ഥിതിക ആഘാതം പഠിച്ച പ്രൊഫ. എസ്. രാമചന്ദ്രൻ വിലയിരുത്തിയതുപ്രകാരം ഇത്രയും അസംസ്‌കൃതവസ്തുക്കൾ ഭൂമിക്ക് മുകളിലേക്ക് മാത്രമാണ്. അടിത്തട്ടും അത്രയേറെ ആഴത്തിൽ വേണ്ടിവന്നാൽ ചെലവ് ഇരട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനത്തിൽ 529.45 കിലോമീറ്റർ വരുന്ന പാതയ്ക്ക് 50 ലക്ഷം ലോഡ് മണ്ണ് വേണ്ടിവരുമെന്നാണ്. ഒരു കിലോമീറ്റർ പാളം സജ്ജമാക്കാൻ 2000 ഘനമീറ്റർ മെറ്റൽ വേണ്ടിവരും. 4.72 ലക്ഷം ഘനമീറ്റർ മെറ്റലാണ് മൊത്തം വേണ്ടത്. ഒരു കിലോമീറ്ററിനുവേണ്ട സ്ലീപ്പറുകൾ 1660 ആണ്. 290 കിലോഗ്രാമാണ് ഒരു സ്ലീപ്പറിന്റെ ഭാരം. സ്ലീപ്പറിനുമാത്രം വൻതോതിൽ മെറ്റൽ വേണ്ടിവരും. മെറ്റലിനും കെട്ടിനുള്ള പാറയ്ക്കുംവേണ്ടി 80 ലക്ഷം ലോഡ് കരിങ്കല്ല് വേണ്ടിവരുമെന്ന് പരിഷത്ത് പറയുന്നു.

മധ്യകേരളത്തിൽ ആവശ്യത്തിന് മണ്ണും മെറ്റലും കിട്ടുമെന്നാണ് കെ-റെയിലിന് സമർപ്പിച്ച വിശദപഠനറിപ്പോർട്ടിൽ പറയുന്നത്. നിലവിൽ പാത ഇരട്ടിപ്പിക്കലിനുപോലും മെറ്റലും മണ്ണും ലഭിക്കുന്നില്ല. വിഴിഞ്ഞം പദ്ധതിക്ക് പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിൽനിന്ന് പാറ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂരിൽ രാക്ഷസൻപാറയെന്നു പേരുകേട്ട ഇടം പൊട്ടിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

2010-11ൽ കേരളത്തിൽ ആകെ 3104 ക്വാറികൾ ഉണ്ടായിരുന്നെന്ന് നിയമസഭാരേഖകൾ പറയുന്നു. ഈ വർഷത്തെ കണക്കുപ്രകാരം അത് 604 ആണ്.