- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്റ്റർ അഭയയെ കൊന്നതു വൈദികനും കന്യാസ്ത്രീയും ചേർന്നു തന്നെ; ഫാ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റാക്കരെന്ന് തിരുവനന്തപുരം സിബിഐ കോടതി; വിധി വരുന്നത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിൽ; 28 വർഷം ഇന്ത്യൻ നിയമ വ്യവസ്ഥക്ക് വില പറഞ്ഞവരുടെ വിധി അറിയാൻ ഇനി ഒരു രാത്രി ദൈർഘ്യം; തിരുവസ്ത്രത്തിനുള്ളിലെ ക്രൂരതയ്ക്കുള്ള ശിക്ഷാവിധിക്ക് കാതോർത്ത് കേരളം
തിരുവനന്തപുരം: അഭയ മരിച്ച് 28 വർഷങ്ങൾക്കു ശേഷമാണു പ്രതികൾ കുറ്റക്കാർ എന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി വന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്ത്തള്ളിയ കേസിൽ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിർണായകമായി. ഇത് കോടതിയും ശരിവച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സെഫി. കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ വൈദ്യ പരിശോധനയിൽ ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. കേസിൽ നാളെയാണ് ശിക്ഷാ വിധി വരുന്നത്.
ഫാ. തോമസ് കോട്ടൂർ , സിസ്റ്റർ സെഫി എന്നിവരെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം (വകുപ്പ് 302) , രാത്രിയിലുള്ള ഭവന കൈയേറ്റം (449) , തെളിവു നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾ ചെയ്തതായി വിചാരണക്കോടതി കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കേട്ട ഫാ: കോട്ടൂരും സിസ്റ്റർ സെഫിയും വിധി കേട്ട് പ്രതിക്കൂട്ടിൽ നിന്ന് ഞെട്ടി. ഇരുവരെയും ജയിലിലേക്ക് റിമാന്റു ചെയ്യാനും ബുധനാഴ്ച കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടതോടെ സെഫിയുടെ കണ്ണുകൾ നിറഞ്ഞു.
കൺവിക്ഷൻ വാറണ്ടു 11.45 മണിക്ക് തയ്യാറാവുന്നത് വരെ പ്രതികൾ പ്രതിക്കൂട്ടിൽ സി ബി ഐ കസ്റ്റഡിയിൽ നിർത്തി. ലോക്കൽ പൊലീസ് ക്രമസമാധാന പാലനത്തിനായി കോടതി വളപ്പിൽ നിലയുറപ്പിച്ചിരുന്നു. കന്യാസ്ത്രീ വേഷമണിഞ്ഞ 15 ഓളം കന്യാസ്ത്രീകൾ സ്റ്റെഫിക് പിൻതുണയർപ്പിച്ച് കോടതിയിൽ എത്തി. അവർ സ്റ്റെഫിയെ സമാധാനിപ്പിക്കുന്നതിനിടെ സെഫി വിങ്ങിപ്പൊട്ടി. ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാനും 30 ഓളം കോട്ടയത്തെ കോൺവെന്റു ജീവനക്കാരും ബന്ധുക്കളും എത്തിയിരുന്നു.
ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരായിരുന്നു യഥാക്രമം ഒന്നും മൂന്നും പ്രതികൾ. ഇവരെയാണ് ശിക്ഷിച്ചിരിക്കുന്നത്. സിബിഐയുടെ കുറ്റപത്രത്തിൽ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നാലാം പ്രതി മുൻ എഎസ്‌ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തിൽനിന്നു സിബിഐ ഒഴിവാക്കി. അതുകൊണ്ട് തന്നെ രണ്ട് പ്രതികളെയാണ് ശിക്ഷിക്കുന്നത്.
കൊലപാതക കുറ്റം, കോൺവെന്റിൽ അതിക്രമിച്ച് കയറൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. ഇതിൽ കൊലപാതകം അംഗീകരിച്ചു. എന്നാൽ സിസ്റ്റർ സെഫിയ്‌ക്കെതിരെ കോൺവെന്റിൽ അതിക്രമിച്ച് കയറൽ കുറ്റം നിലനിൽക്കില്ലെന്നും കണ്ടെത്തി. എന്നാൽ കൊലക്കുറ്റം ചുമത്തിയതു കൊണ്ട് തന്നെ ഇരുവർക്കും ജീവപര്യന്തത്തിൽ കുറയാത്ത ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്. ഇതോടെ കേരളം ഏറെ ചർച്ച ചെയ്ത കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പു വരികയാണ്.
കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരിക്കെ സിസ്റ്റർ അഭയയെ 1992 മാർച്ച് 27 നാണു കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വർഷത്തിനു ശേഷമാണു ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. 2019 ഓഗസ്റ്റ് 26 ന് സിബിഐ കോടതിയിൽ ആരംഭിച്ച വിചാരണ ഈ മാസം 10നു പൂർത്തിയായി. 49 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. 8 പേർ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല.
കേസിൽ കോടതി ഇന്നു നിർണായക വിധി പറയുമ്പോൾ, മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കൾ ഐക്കരക്കുന്നേൽ തോമസും ലീലാമ്മയും അതു കേൾക്കാൻ ജീവിച്ചിരിക്കുന്നില്ല. മാധ്യമങ്ങളുടെ ഇടപെടലും ജോമോൻ പുത്തൻപുരയ്ക്കിലിന്റെ നിയമ പോരാട്ടവുമാണ് കേസിൽ നിർണ്ണായകമാകുന്നത്. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയും സംഭവകാലത്തു കോട്ടയം ബി.സി.എം. കോളജിൽ പ്രീഡിഗ്രി വിദ്യാർത്ഥിനിയുമായിരുന്ന സിസ്റ്റർ അഭയയെ പ്രതികൾ കൊലപ്പെടുത്തി മഠത്തിനോടു ചേർന്നുള്ള കിണറ്റിൽ തള്ളിയെന്നാണ് കേസ്.
അന്വേഷണ ഉദ്യോഗസ്ഥരടക്കം 49 പ്രോസിക്യൂഷൻ സാക്ഷികളെ കോടതി വിസ്തരിച്ചു തെളിവു സ്വീകരിച്ചു. എന്നാൽ, സാക്ഷിയായി ഒരാളെപ്പോലും ഹാജരാക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞില്ല. ഒരു രേഖയും പ്രതിഭാഗം തെളിവായി ഹാജരാക്കിയതുമില്ല. തുടർന്നു തിരുവനന്തപുരം സിബിഐ. കോടതി, അന്തിമവാദം ബോധിപ്പിക്കാൻ പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും നിർദ്ദേശിച്ച് ഉത്തരവിടുകയായിരുന്നു. വിചാരണയ്ക്കു ഹാജരാകാൻ വ്യക്തിപരമായ കാരണങ്ങളാൽ അസൗകര്യം അറിയിച്ച പ്രതികളെ കോടതി രൂക്ഷമായി വിമർശിക്കുകയും വിചാരണ നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളുകയും ചെയ്തിരുന്നു.
സംഭവം നടന്ന് 27 വർഷം പിന്നിട്ട കേസിന്റെ വിചാരണ എത്രയും വേഗം തീർപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായായിരുന്നു പ്രതികളെ വിമർശിച്ചത്. 1992 മാർച്ച് 27 നു പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഫ്രിഡ്ജിൽനിന്നു വെള്ളമെടുക്കാനെത്തിയ സിസ്റ്റർ അഭയ പുലർച്ചെ പ്രതികളെ അസ്വാഭാവിക നിലയിൽ കണ്ടെന്നും സംഭവം പുറംലോകമറിയുമെന്ന ഭയത്താൽ പ്രതികൾ അഭയയെ കൊലപ്പെടുത്തിയെന്നുമാണ് കോടതിയിൽ നൽകിയ കുറ്റപത്രം.
മറുനാടന് മലയാളി ബ്യൂറോ