തിരുവനന്തപുരം: അഭയ കേസിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പ്രതികൾക്കു വധശിക്ഷയോ ജീവപര്യന്തമോ. എന്നാൽ കോടതി വധ ശിക്ഷയെന്ന ആവശ്യം നിരാകരിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവം എന്ന ഗണത്തിൽ പെടുത്തണമെന്നു ചൂണ്ടിക്കാട്ടിയാണു പരമാവധി ശിക്ഷ ആവശ്യപ്പെട്ടത്. ഫാ. തോമസ് കോട്ടൂർ കോൺവന്റിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം നടത്തിയെന്നതു ഗൗരവത്തോടെ കാണണമെന്നും ബോധിപ്പിച്ചു. എന്നാൽ ഒറ്റ ചോദ്യത്തിലൂടെ തന്നെ വധശിക്ഷ എന്തുകൊണ്ട് നൽകുന്നില്ലെന്ന് കോടതി വിശദീകരിച്ചു.

ഇതൊരു ആസൂത്രിത കൊലപാതകമാണോ എന്നു എന്നു കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അല്ലെ!ന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ എങ്ങനെയാണ് അപൂർവങ്ങളിൽ അപൂർവമെന്ന ഗണത്തിൽ പെടുത്തുകയെന്നു കോടതി ആരാഞ്ഞു. അതിനാൽ പ്രതികൾ വധശിക്ഷ അർഹിക്കുന്നില്ലെന്നും കോടതി പരാമർശിച്ചു. ഇതു തന്നെയാണ് അന്തിമ വിധി ന്യായത്തിൽ പ്രകടമായതും. പ്രായം, രോഗാവസ്ഥ, ജീവിത സാഹചര്യം എന്നിവ പരിഗണിച്ചു ശിക്ഷയിൽ ഇളവു നൽകണമെന്ന് പ്രതികൾ അഭ്യർത്ഥിച്ചു.

ഫാ കോട്ടൂരിന് ലിംഗാഗ്രത്തിൽ കാൻസറാണ്. ഇത്തരത്തിൽ രോഗ പീഡയുള്ള വ്യക്തിയെ വധശിക്ഷയ്ക്ക് വിധേയമാക്കിയാൽ അപ്പീലിലൂടെ രക്ഷപ്പെടാൻ കഴിയും. ഇതും അഭയയെ കൊന്നവർക്ക് കൊലക്കയർ കിട്ടാതിരിക്കാൻ കാരണമായി. അഭയ കൊലക്കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്‌പി കെ.ടി. മൈക്കിളും ഡിവൈഎസ്‌പി കെ.സാമുവലും തെളിവുകൾ നശിപ്പിക്കുന്നതിൽ പങ്കാളികളാണെന്ന് സിബിഐ കോടതി വിശദീകരിക്കുന്നുണ്ട്.

കേസിന്റെ ചരിത്രം വിശദമാക്കുന്ന 229 പേജുള്ള വിധിയുടെ അവസാന ഭാഗത്താണു കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായി കോടതി വ്യക്തമാക്കുന്നത്. വിവിധ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തെളിവു നശിപ്പിച്ചെന്നു കോടതി വിലയിരുത്തിയത്. കെ. സാമുവൽ നേരത്തേ മരിച്ചു. നാലാം പ്രതിയായിരുന്ന കെ.ടി. മൈക്കിളിനെ ഹൈക്കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയെങ്കിലും വിചാരണയുടെ ഘട്ടത്തിൽ മതിയായ തെളിവുണ്ടെങ്കിൽ പ്രതി ചേർക്കാമെന്നു വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ മൈക്കിളിന് എതിരെ ഇനിയും വിചാരണ നടപടികൾ തുടങ്ങാൻ കഴിയും.

തെളിവുകൾ നശിപ്പിക്കുന്നതിൽ മൈക്കിൾ പങ്കാളിയാണെന്നു കണ്ടെത്തിയ സിബിഐ കോടതി പക്ഷേ, ഈ കുറ്റത്തിന്റെ പേരിൽ എന്തു നടപടി സ്വീകരിക്കണമെന്നു വിധിയിൽ വ്യക്തമാക്കുന്നില്ല. ഈ സാഹചര്യത്തിൽ സിബിഐയുടെ അടുത്ത നീക്കം നിർണ്ണായകമാണ്. കേസിലെ രണ്ടാം പ്രതിയായിരുന്നു ഫാ പുതൃക്കയിലും ഹൈക്കോടതി ഉത്തരവിന്റെ പിന്തുണയിലാണ് കേസിൽ നിന്ന് രക്ഷപ്പെട്ടത്. ഈ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് തെളിവ് നശീകരണത്തിൽ മൈക്കിളിനെതിരേയും കോടതിയുടെ പരാമർശം ഉണ്ടാകുന്നത്.

പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഭാഗത്തുനിന്നു ഭാവിയിൽ ഇത്തരം തെറ്റായ കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ആവശ്യമായ നടപടി ഉറപ്പാക്കണമെന്നാണു വിധിയിലുള്ളത്. വിധിയുടെ പകർപ്പ് പൊലീസ് മേധാവിക്ക് അയയ്ക്കും. കോൺവന്റിലെ അടുക്കളയിൽ പുലർച്ചെ വെള്ളം കുടിക്കാനായി എത്തിയ സിസ്റ്റർ അഭയ ഇരുട്ടത്തു മനോവിഭ്രാന്തിയോടെ പെരുമാറിയ ശേഷം വാതിൽ തുറന്നു പുറത്തിറങ്ങി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു എന്നായിരുന്നു മൈക്കിളിന്റെ വാദം. ഇത് തീർത്തും പ്രതികളെ രക്ഷിക്കാനുള്ള വാദമായിരുന്നു.

സിസ്റ്റർ അഭയയെ തലയ്ക്കടിച്ച് കൊന്ന് കിണറ്റിലിട്ടതാണെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ട്. ഫാ. തോമസ് കോട്ടൂരിന്റെ കുറ്റസമ്മതവും അടയ്ക്കാ രാജുവിന്റെ മൊഴിയും ഇതിനു തെളിവായി കോടതി ചൂണ്ടിക്കാട്ടി. ഫാ.തോമസ് കോട്ടൂർ പയസ് ടെൻത് കോൺവെന്റിലെ നിത്യസന്ദർശകനായിരുന്നു. സെഫിയുടെ സ്വഭാവം സാക്ഷിമൊഴികളിൽ നിന്നും വൈദ്യപരിശോധനാ ഫലത്തിലും വ്യക്തമാണെന്നും വിധിയിൽ പറയുന്നു. വൈദ്യപരിശോധനാ ഫലവും തെളിവും 229 പേജുള്ള വിധിപ്പകർപ്പിലുണ്ട്. സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റർ സെഫിക്കു ജീവപര്യന്തം തടവും ആണ് വിധിച്ചത്. തടവിനു പുറമേ തോമസ് കോട്ടൂർ 6.50 ലക്ഷം രൂപയും സിസ്റ്റർ സെഫി 5.50 ലക്ഷം രൂപയും പിഴത്തുകയായി അടയ്ക്കണമെന്നും കോടതി വിധിച്ചു.

ഒന്നാം പ്രതി തോമസ് കോട്ടൂരിനു കൊലപാതക കുറ്റത്തിനു ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. തെളിവു നശിപ്പിച്ചതിനു 7 വർഷം തടവും 50000 രൂപ പിഴയും. കോൺവെന്റിലേക്ക് അതിക്രമിച്ചു കയറിയതിനു മറ്റൊരു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. ജീവപര്യന്തം ശിക്ഷ രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി. സിസ്റ്റർ സെഫിക്ക് കൊലപാതക കുറ്റത്തിനു ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും, തെളിവു നശിപ്പിക്കൽ കുറ്റമനുസരിച്ച് 7 വർഷം തടവും 50000രൂപ പിഴയും.

വിധി കേട്ട് തോമസ് കോട്ടൂർ നിർവികാരനായി നിന്നപ്പോൾ സിസ്റ്റർ സെഫിയുടെ കണ്ണുകൾ നിറഞ്ഞു. ബുധനാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോൾ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തോമസ് കോട്ടൂരിനേയും സിസ്റ്റർ സെഫിയെയും അടുത്തേക്ക് വിളിച്ച് കോടതി സംസാരിച്ചു. നിരപരാധിയാണെന്നു പറഞ്ഞ തോമസ് കോട്ടൂർ അർബുദ രോഗബാധിതനാണെന്നും മരുന്നു കഴിക്കുകയാണെന്നും പെൻഷൻ മാത്രമാണ് വരുമാനമെന്നും കോടതിയെ അറിയിച്ചു.

കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച സെഫി അസുഖ ബാധിതയാണെന്നും ഇൻസുലിൻ അടക്കമുള്ള മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നും കോടതിയോട് പറഞ്ഞു. വീട്ടിലെ ഏക ആശ്രയമാണെന്നും പെൻഷൻ തുകയല്ലാതെ മറ്റു വരുമാന മാർഗമില്ലെന്നും കൂട്ടിച്ചേർത്തു. 15 മിനിറ്റ് കഴിഞ്ഞ് വീണ്ടും കോടതി ചേർന്നാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. കോടതി നടപടികൾ പൂർത്തിയാക്കി തോമസ് കോട്ടൂരിനെ സെൻട്രൽ ജയിലിലേക്കും സെഫിയെ അട്ടകുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.