- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളുടെ അവകാശങ്ങൾ ലംഘിക്കരുത്; ആവശ്യപ്പെട്ടാൽ ടി സി നിഷേധിക്കാൻ പാടില്ല: നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല.
ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് ടി സി ഇല്ല എന്നുള്ളത് ഒരു തടസ്സമല്ല. സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകൾക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായും ഒമ്പത്, പത്ത് ക്ലാസുകാർക്ക് പൊതുവിദ്യാലയങ്ങളിൽ തുടർപഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്. ടി സി ലഭിക്കാത്ത കുട്ടികളുടെ യു ഐ ഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.
ചില അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ടി സി നൽകുന്നില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടിസി നിർബന്ധമായും നൽകണം. സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് 19 കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വർധിച്ച നിരക്കിൽ വിദ്യാർത്ഥികളിൽ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്. അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖല വിദ്യാഭ്യാസരംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന സംഭാവന വിസ്മരിക്കുന്നില്ല.
സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തനം നടത്തുന്ന നിരവധി അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി ചില അൺഎയ്ഡഡ് മാനേജ്മെന്റുകൾ മുന്നോട്ട് പോകുന്നുണ്ട് . ഇത്തരം നിലപാടുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കമ്പ്യൂട്ടർ ലാബ് ഫീസ്, ലൈബ്രറി ഫീസ്, സ്മാർട്ട് ക്ലാസ്റൂം ഫീസ് തുടങ്ങിയ ഫീസുകൾ രക്ഷിതാക്കളോട് മുൻകാലങ്ങളിലെ പോലെ ചില മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 2020 - 21 അധ്യയന വർഷം മുതൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല എന്ന വസ്തുത ഈ മാനേജ്മെന്റുകൾ പരിഗണിക്കുന്നില്ല.
സ്പോർട്സ് ആൻഡ് ഗെയിംസ്, സാംസ്കാരിക പരിപാടികൾ, മെഡിക്കൽ എക്സാമിനേഷൻ ഫീസ്, ബാഡ്ജ്- ഡയറി ചെലവ് , പ്രോഗ്രസ് റിപ്പോർട്ട് ചാർജുകൾ, പിടിഎ ഫണ്ട്, ഇൻഷുറൻസ് തുടങ്ങിയ ഇനങ്ങളിൽ ഒന്നും ചെലവാക്കുന്നില്ലെങ്കിലും പണം ആവശ്യപ്പെടുന്നുണ്ട് എന്ന് പരാതിയുണ്ട്.
കോവിഡ് കാലഘട്ടത്തിൽ നല്ലൊരു ശതമാനം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്ഥിരം വരുമാനം, സുരക്ഷിത ജോലി തുടങ്ങിയവ ഇല്ല. കൂടുതൽ ഫീസ് ഈടാക്കുന്ന അൺഎയ്ഡഡ് മാനേജ്മെന്റുകൾ ഈ സാഹചര്യം മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിരവധി രക്ഷാകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പരാതികൾ നേരിട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥന എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ