- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മൃഗശാല ജീവനക്കാരന്റേത് രാജവെമ്പാല കടിച്ചുള്ള കേരളത്തിലെ ആദ്യ മരണം; ഹർഷാദിനെ പാമ്പ് കടിച്ചത് കൈയ്ക്ക്; കൂട് അടച്ചു പുറത്തിറങ്ങിയപ്പോഴേക്കും ബോധരഹിതനായി വീണു; ഉഗ്രവിഷമുള്ള ഉരഗം കടിച്ചാൽ 15 മിനിറ്റിനകം മരണം സംഭവിക്കാം; ആന്റിവെനം ലഭ്യതയും ഇന്ത്യയിൽ കുറവ്
തിരുവനന്തപുരം: പാമ്പു കടിയേറ്റുള്ള മരണങ്ങൾ കേരളത്തിൽ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും രാജവൊല കടിച്ചുള്ള മരണം കേരളത്തിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. ഭക്ഷണം നൽകിയശേഷം കൂട് വൃത്തിയാക്കുന്നതിനിടെ തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനാണ്യ ഹർഷാദാണ് ദാരുണമായി മരിച്ചത്. ഇന്നലെ ഉച്ചക്കായിരുന്നു 15 വർഷമായി മൃഗശാലയിലെ അനിമൽ കീപ്പറായി ജോലി ചെയ്യുന്ന ഹർഷാദിന്റെ അന്ത്യം.
വലതുകൈയിലാണ് കടിയേറ്റത്. പാമ്പ് വെളിയിലേക്ക് ഇറങ്ങാതിരിക്കാൻ ഹർഷാദ് ഉടൻ പുറത്തിറങ്ങി കൂട് അടച്ചു. അപ്പോഴേക്കും ബോധരഹിതനായി വീണു. വീഴുന്നതിനിടെ കൂടിന്റെ വാതിലിൽ ശക്തിയായി അടിച്ചു. ശബ്ദംകേട്ടെത്തിയ ജീവനക്കാർ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുന്നതിനിടെ ഹർഷാദ് മരിച്ചു. വർഷങ്ങൾക്കുമുൻപ് മൃഗശാലയിലെ കാണ്ടാമൃഗം ഒരു ജീവനക്കാരനെ ഇടിച്ചു കൊന്നിരുന്നു. അതിനുശേഷമുണ്ടായ ദാരുണ സംഭവമാണിത്.
താത്കാലിക ജീവനക്കാരനായി എത്തിയ ഹർഷാദ് 2018-ലാണ് സ്ഥിരം ജീവനക്കാരനായത്. ഭാര്യ: ഷീജ. മകൻ: അബിൻ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു. മൃഗശാല ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹർഷാദിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നൽകുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
ഉഗ്രവിഷമുള്ള രാജവെമ്പാല കടിച്ചാൽ മരണം സുനിശ്ചിതമാണെന്നാണ് പൊതുവേ പറയാറ്. 6 മുതൽ 15 മിനിറ്റിനകം മരണം സംഭവിക്കാമെന്നും ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ രക്ഷപ്പെടുത്താനാകൂ എന്നും വിഷചികിത്സാ വിഗദ്ധരും അഭിപ്രായപ്പെടുന്നു. ഇതിന്റെ വിഷം മനുഷ്യന്റെ ശ്വസനവുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നതാണു മരണകാരണം. ഇൻകുബേറ്റഡ് വെന്റിലേറ്റർ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ ഉടനടി എത്തിച്ചാലേ രക്ഷയുള്ളൂ. ഇതു മിക്കപ്പോഴും അപ്രായോഗിക കാര്യമായിരിക്കും.
രാജവെമ്പാല കടിച്ചുള്ള മരണം രാജ്യത്ത് ആദ്യമായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഒന്നര വർഷം മുൻപ് കർണാടകയിലാണ്. ഒരു പാമ്പുപിടിത്തക്കാരനാണ് അന്നു മരിച്ചത്. കേരളത്തിലെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണ് ഹർഷാദിൻരേത്. ശംഖുവരയൻ, മൂർഖൻ എന്നിവ മനുഷ്യനെ കടിച്ചാലും നാഡീവ്യവസ്ഥയെ തകരാറിലാക്കി ശ്വാസം കിട്ടാതെ വരുമ്പോൾ വെന്റിലേറ്റർ ചികിത്സ വേണ്ടിവരാറുണ്ട്. എന്നാൽ, രാജവെമ്പാലയുടെ അത്ര അളവിൽ വിഷമില്ലാത്തതിനാൽ ചികിത്സിക്കാൻ അൽപം കൂടി സാവകാശം ലഭിക്കും.
രാജവെമ്പാല വിഷചികിത്സയ്ക്കുള്ള ആന്റിവെനം ഇന്ത്യയിൽ ഇപ്പോൾ ഉൽപാദിപ്പിക്കുന്നില്ലെന്നതും പ്രശ്നമാണ്. ഹിമാചൽ പ്രദേശിലെ കസോളിയിലെ സെൻട്രൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ മുൻപ് ഉൽപാദിപ്പിച്ചിരുന്നുവെങ്കിലും നിർത്തി. വൻ ചെലവാണു ഇതിന് കാരണം. രാജവെമ്പാലയുടെ കടിയേറ്റുള്ള സംഭവങ്ങൾ രാജ്യത്തു കുറവായതിനാൽ ഉപയോഗം വരാറില്ല. നിലവിൽ തായ്ലൻഡിലെ സായോബാബ ഇൻസ്റ്റിറ്റ്യൂട്ടിൽ ആന്റിവെനം ഉൽപാദനമുണ്ട്.
പൊതുവേ വനാന്തരങ്ങളിലും അണക്കെട്ടുകളുടെ പരിസരങ്ങളിലും മറ്റുമാണു രാജവെമ്പാലയെ കാണാറുള്ളത്. വനയാത്ര ചെയ്യുന്നവർക്കോ പാമ്പുപിടിത്തക്കാർക്കോ ആണു കടിയേൽക്കാൻ സാധ്യത. ഇപ്പോൾ ചില ജനവാസ മേഖലകളിലും കണ്ടുവരുന്നുണ്ട്. പൊതുവേ ശാന്തപ്രകൃതമാണ്. മനുഷ്യരെ കണ്ടാൽ ഒഴിഞ്ഞു പോവുകയാണു പതിവ്. പ്രകോപിപ്പിച്ചാൽ മാത്രമേ ആക്രമിക്കുകയുള്ളൂ. മുട്ടയിട്ടിരിക്കുന്ന സമയത്താണു രാജവെമ്പാല അപകടകാരിയാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ