- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാടിയിറങ്ങി ചെന്നപ്പോൾ രക്തം ഒലിപ്പിച്ചു കിടക്കുന്ന രണ്ട് സ്ത്രീകൾ; ഒരു കുട്ടി ഉറക്കെ കരയുന്നു മറ്റൊരു കഞ്ഞിന് ചലനമില്ല; രക്ഷപ്പെട്ട കുഞ്ഞിനെ ആരുനോക്കുമെന്ന് എല്ലാവരും വിഷമിച്ച് നിന്നപ്പോഴാണ് ഞാൻ ഏറ്റെടുത്തത്; സോഷ്യൽ മീഡിയയിൽ താരമായ ഹോം ഗാർഡ് സുരേഷ് സംഭവം മറുനാടനോട് പറയുന്നു
കായംകുളം: അപ്രതീക്ഷിതമായി സോഷ്യൽ മീഡിയയിൽ താരമായതിന്റെയും സുപ്പീരിയർ ഓഫിസേഴ്സിന്റെ അനുമോദനം ലഭിച്ചതിന്റെയും അമ്പരപ്പിലാണ് കായംകുളം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് പള്ളിക്കൽ കട്ടച്ചിറ അജയ്ഭവനത്തിൽ കെ.എസ് സുരേഷ്. അപകടത്തിൽപെട്ട കുടുംബത്തിനൊപ്പമുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനെ തോളിലിട്ട് താരാട്ട് പാട്ട് പാടി ഉറക്കിയ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സുരേഷിന് നാടൊട്ടുക്കു നിന്നും അഭിനന്ദനം ലഭിച്ചത്. ഒടുവിൽ പൊലീസ് ഔദ്യോഗിക സോഷ്യൽ മീഡിയകളിൽ വരെ ദൃശ്യങ്ങൾ അഭിനന്ദനകുറിപ്പോടെ പോസ്റ്റ് ചെയ്യുകയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദനം അറിയിക്കുകയും ചെയ്യുകയായിരുന്നു. അന്ന് അവിടെ നടന്ന സംഭവം സുരേഷ് മറുനാടനോട് പങ്കു വയ്ക്കുന്നു.
നേരം പുലർച്ചെ 1 മണിയോടടുത്തു. ഡ്യൂട്ടിക്കിടെ അൽപ്പം വിശ്രമിക്കാനായി എയ്ഡ് പോസ്റ്റിലേക്ക് ഇരുന്നപ്പോഴാണ് അലാറം മുഴക്കി ഒരു ആംബുലൻസ് വന്ന് നിന്നത്. ആംബുലൻസ് ഡ്രൈവർ ഓടി വന്ന് പറഞ്ഞു ചേട്ടാ ഒരു ആക്സിഡന്റ് വേഗം വാ... ചാടിയിറങ്ങി ചെന്നപ്പോൾ രക്തം ഒലിപ്പിച്ചു കിടക്കുന്ന രണ്ട് സ്ത്രീകൾ ഒരു കുട്ടി ഉറക്കെ കരയുന്നു മറ്റൊരു കഞ്ഞിന് ചലനമില്ല. എല്ലാവരെയും ആംബലൻസിൽ നിന്നും ഇറക്കി. മരിച്ച കുഞ്ഞിനെ മോർച്ചറിയിലേക്ക് മാറ്റി ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാനും തീരുമാനിച്ചു. പരിക്കേൽക്കാതെ രക്ഷപെട്ട കുഞ്ഞിനെ ആരു നോക്കും എന്ന ആശങ്കയിലായി എല്ലാവരും. അപ്പോൾ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. സ്ഥലത്ത് കരീലക്കുളങ്ങര പൊലീസും ഉണ്ടായിരുന്നു.
സ്ത്രീകളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശേഷം കുഞ്ഞിനെ തോളത്ത് കിടത്തി ഉറക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ വിശന്നിട്ട് കുഞ്ഞ് കരയാൻ തുടങ്ങി. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ കുഞ്ഞിനുള്ള പാൽ എവിടെ നിന്നോ സംഘടിപ്പിച്ചു കൊണ്ടു വന്നു. കുഞ്ഞിന്റെ ശരീരത്തിൽ കിടന്ന ഡയപ്പർ മാറ്റി മറ്റൊന്ന് ധരിപ്പിക്കാമെന്ന് കരുതി ആശുപത്രിയിൽ ചോദിച്ചപ്പോൾ അവിടെ സാധനം ഇല്ല. പുറത്തെങ്ങും ഒരു കടപോലുമില്ല. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം സ്ത്രീകളെ കൊണ്ടു പോയ ആംബുലൻസ് ഡ്രൈവറെ വിളിച്ചു പറഞ്ഞ് ഡയപ്പർ വാങ്ങിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിനെ തോളത്തിട്ട് തട്ടി ഉറക്കുകയായിരുന്നു. ഇതിനിടയിൽ ഈ ദൃശ്യങ്ങൾ പകർത്തുന്നതൊന്നും ശ്രദ്ധിച്ചില്ല. രാവിലെ 6 മണിയോടടുത്ത് അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾ എത്തി കുഞ്ഞിനെ ഏറ്റുവാങ്ങുകയായിരുന്നു. അപ്പോഴാണ് കുഞ്ഞിന്റെ പേര് മരിയ ഡെന്നി എന്നാണെന്ന് അറിയുന്നത്. ഡ്യൂട്ടികഴിഞ്ഞ് വീട്ടിൽ പോയി. ഉച്ചയോടെയാണ് സോഷ്യൽ മീഡിയയിൽ എന്റെ ദൃശ്യങ്ങൾ പ്രചരിച്ച വിവരം അറിയുന്നത്. ആദ്യം ഒന്നു പേടിച്ചു എങ്കിലും പിന്നീട് ഉദ്യോഗസ്ഥർ വിളിച്ച് അഭിനന്ദനം അറിയിച്ചതോടെയാണ് പേടി മാറിയത്;- സുരേഷ് പറഞ്ഞു.
തിങ്കളാഴ്ച കായംകുളത്ത് ദേശീയപാതയിൽ കരീലക്കുളങ്ങരയ്ക്കു സമീപമുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച മാതാപിതാക്കളുടെ പെൺകുഞ്ഞിനെ സുരേഷ് തോളിലേറ്റുന്നതാണ് വിഡിയോയിൽ. പുലർച്ചെ രണ്ടരയ്ക്കു രാമപുരത്തു നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാർ ഇടിച്ചായിരുന്നു അപകടം. സംഭവത്തിൽ തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറക്കൽ വീട്ടിൽ ഡെന്നി വർഗീസിന്റെ മകൾ സൈറ മരിയ ഡെന്നി മരിച്ചു. നിസാര പരുക്കുകളോടെ രക്ഷപെട്ട സൈറയുടെ സഹോദരി ഇസ മരിയ ഡെന്നിയെയാണ് സുരേഷ് പരിചരിച്ചത്. ഡെന്നി വർഗീസ്, അദ്ദേഹത്തിന്റെ ഭാര്യ മിന്ന (28), മിന്നയുടെ സഹോദരൻ തിരുവനന്തപുരം തോന്നയ്ക്കൽ ഓട്ടോക്കാരൻ വീട്ടിൽ മിഥുൻ (30), ഇവരുടെ മാതാവ് ആനി (55), മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവർക്ക് പരുക്കേറ്റിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുവന്നത്.
ഇവർക്കു പ്രാഥമിക ചികിത്സ നൽകുന്നതിനിടയിൽ രക്ഷപ്പെട്ട കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ മാറ്റാനാണ് അപ്പോൾ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് സുരേഷ് കുട്ടിയെ ഏറ്റെടുത്തത്. പുലർച്ചെ ഒരു മണി മുതൽ 6 മണിക്ക് ബന്ധുക്കൾ എത്തി ഏറ്റുവാങ്ങുന്നതു വരെ ഇദ്ദേഹം കുട്ടിയെ തോളിലിട്ട് താരാട്ടു പാടിയും മറ്റും ആശ്വസിപ്പിക്കുകയും ഉറക്കുകയുമായിരുന്നു. ഈ സമയം ആശുപത്രിയിൽ ഉണ്ടായിരുന്ന സന്നദ്ധ പ്രവർത്തകനായ അനസ് മൊബൈലിൽ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതു വൈറലാവുകയായിരുന്നു.
സുരേഷ് ഇന്ത്യൻ ആർമിയിൽ 17 വർഷം കാശ്മീരിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വിരമിച്ച ശേഷം നാട്ടിലെത്തി 2017ൽ ഹോംഗാർഡായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഒരു വർഷമായി കായംകുളം താലൂക്കാശുപത്രിയിലെ പൊലീസ് എയ്ഡ്പോസ്റ്റിലാണ് ജോലി. രാവിലെ 8 മുതൽ അടുത്ത ദിവസം രാവിലെ 8വരെയാണ് ഡ്യൂട്ടി. ഉഷ ഭാര്യയാണ്. അജയ്,അക്ഷയ് എന്നിവർ മക്കളാണ്. സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാട്ടിൽ താരമായിരിക്കുകയാണ് സുരേഷ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.