തിരുവനന്തപുരം: ആദ്യം മുസ്ലിം ലീഗ് ഓപ്പറേഷൻ. പിന്നെ കോൺഗ്രസിലേക്കും. വ്യക്തമായ ആലോചനകളുടെ ഭാഗമാണ് മഞ്ചേശ്വരം എംഎൽഎ കമറുദ്ദീന്റേയും കളമശ്ശേരി എംഎൽഎ ഇബ്രാഹിംകുഞ്ഞിന്റേയും അറസ്റ്റ്. അഴിക്കോട്ടെ ലീഗ് എംഎൽഎ കെ എം ഷാജിയെ അനധികൃതസ്വത്ത് കേസിൽ പിടിക്കാനും നീക്കമുണ്ട്. മുസ്ലിംലീഗിനെ വെട്ടിലാക്കി മലബാറിൽ നേട്ടമുണ്ടാക്കുകയാണ് ഈ നീക്കങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം. ഇതിന് ശേഷം സിപിഎം കോൺഗ്രസ് മടയിലേക്ക് കയറും. വമ്പൻ പേരുകാരെല്ലാം അന്വേഷണ പരിധിയിലാണ്.

ജൂൺ മാസത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ സർവേയിൽ കേരളത്തിൽ പിണാറായി സർക്കാറിന് ഭരണത്തുടർച്ച് പ്രവചിച്ചിരുന്നു. കേരളം കോവിഡിനെ പ്രതിരോധിച്ചിരുന്ന സമയത്തായിരുന്നു ഇത്. എന്നാൽ, ഈ സർവേക്ക് പിന്നാലെ വിവാദങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. ഈ വിവാദങ്ങളിൽ പെട്ട് സർക്കാറിന് തീർത്തും മുഖംപോയ അവസ്ഥയായി. ഇതിനിടെ വന്ന സ്വർണ്ണക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ശരിക്കും പിടിച്ചു കുലുക്കുന്ന അവസ്ഥയിലുമായി. സിഎജി റിപ്പോർട്ട് വസാനത്തേത്. ഇപ്പോൾ ഒന്നിനു പിന്നാലെ മറ്റൊന്നായി കേസുകൾ എത്തുമ്പോൾ സർക്കാർ കടുത്ത പ്രതിരോധത്തിലാണ്. ബിനീഷ് കോടിയേരി മയക്കുമരുന്നു കേസിൽ പിടിയിലായി. കോടിയേരി ബാലകൃഷ്ണന് സിപിഎം സെക്രട്ടറി സ്ഥാനം അവധി എടുത്ത് ഒഴിയേണ്ട അവസ്ഥയും വന്നു.

തിരിച്ചടികൾ ഏൽക്കുന്ന ഘട്ടത്തിൽ സർക്കാർ മുഖം മിനിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമാണ് ഇബ്രാഹിംകുഞ്ഞിന്റേയും കമറൂദ്ദീന്റേയും അറസ്റ്റ് എന്ന വിലയിരുത്തലും സജീവമാണ്. ഇതിനായി ഇടതു മുന്നണിയെ അധികാരത്തിൽ എത്തിച്ച അതേ സോളാർ കേസ് വീണ്ടും പൊടിതട്ടി എടുത്തു കഴിഞ്ഞു. എംഎൽഎ അനിൽകുമാറിനെതിരായ ബലാത്സംഗ പരാതിയിൽ നടപടി തുടങ്ങിയത് ഇതിന്റെ ഭാഗമാണ്. അനിൽ കുമാറിനെ കൂടാതെ മറ്റു നേതാക്കളെയും ലക്ഷ്യം വെച്ചുകൊണ്ടാണ് സർക്കാർ നീങ്ങുന്നത്. പഴകിദ്രവിച്ച ആരോപണം ആണെങ്കിലും ഇടതു സർക്കാർ ഈ വിഷയം എടുത്തിട്ടു സർക്കാറിനെതിരായ ആരോപണങ്ങളെ മറികടക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.

കോൺഗ്രസ് നേതാവ് എ.പി. അനിൽകുമാറിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി വിളിച്ചുവരുത്തി രേഖപ്പെടുത്തിയതിനു പിന്നാലെ മറ്റുള്ളവർക്ക് എതിരായ കേസുകളുടെ അവസ്ഥയും വിലയിരുത്തി. ബലാത്സംഗ പരാതിയിലാണ് മൊഴി രേഖപ്പെടുത്തലും തെളിവു ശേഖരിക്കലും നടക്കുന്നത്. പ്രത്യാക്രമണത്തിനുള്ള ആയുധം പഴയ സോളറിലുണ്ടോയെന്നാണു സർക്കാർ തിരയുന്നത്. പീഡന പരാതിയിൽ 7 കേസുകളാണ് നിലവിലുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള, എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണു കേസുകൾ.

2018 അവസാനവും 2019 ആദ്യവുമായി എടുത്ത ഈ കേസുകളിൽ ഒന്നും ചെയ്യാനാവില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡിജിപി രാജേഷ് ദിവാനും എഡിജിപി അനിൽകാന്തുമൊക്കെ റിപ്പോർട്ട് നൽകിയിരുന്നു. മുതിർന്ന നേതാക്കളെ ബലാത്സംഗ കേസിൽ അറസ്റ്റു ചെയ്യാനാകില്ലെന്ന നിലപാടിലാണ് പൊലീസിലെ പ്രമുഖർ. അതിന് തുനിഞ്ഞാൽ അത് തങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു. എന്നാൽ, പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദവും ശക്തമായി ഉയരുന്നുണ്ട്.

ഇടക്കാലം കൊണ്ട് ഈ ബലാത്സംഗ കേസിൽ എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാക്കി ഓരോ കേസും ഓരോ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചെങ്കിലും പിന്നീട് അനക്കമറ്റ അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് ് പരാതിക്കാരിയെ വിളിച്ചുവരുത്തി എ.പി. അനിൽകുമാറിനെതിരായ കേസിൽ മൊഴിയെടുത്തത്. ഇതോടെ എല്ലാ കേസിലും മൊഴിയെടുപ്പ് പൂർത്തിയായി. അതിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരെ ചോദ്യം ചെയ്ത് മുന്നോട്ടു പോകാനാണ് ആലോചന.

കോൺഗ്രസിന്റെ ദേശീയ നേതാവായ കെ സി വേണുഗോപാലിനെ അടക്കം ഉന്നമിട്ടു കൊണ്ടാണ് രാഷ്ട്രീയ നീക്കങ്ങൾ. കെ സി വേണുഗോപാലിനെതിരെ നടപടി കൈക്കൊണ്ടാൽ അത് ദേശീയ തലത്തിൽ വാർത്തയാകുകയും ബിജെപി അടക്കമുള്ളവർ ആഘോഷിക്കുകയും ചെയ്യും. അതുകൊണ്ട് കെസിയിലൂടെ പിണറായി ലക്ഷ്യമിടുന്നത് ഒരുവെടിക്ക് രണ്ട് പക്ഷിയെന്ന ലൈനാണ്. ബാർ കോഴയിലും അന്വേഷണം നടക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർ സംശയ നിഴലിലാണ്. പിടി തോമസ് എംഎൽഎയ്‌ക്കെതിരെ കള്ളപ്പണ പരാതിയും ചർച്ചയാക്കുന്നുണ്ട്.