- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമുള്ളത് ആശ്വാസംമാണ്; മരണത്തെ മറ്റ് ലക്ഷ്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഏറെ സങ്കടകരം'; നേതാക്കളുടെ പോസ്റ്റു തിരുത്തലുകൾക്കിടെ സൗമ്യയുടെ മരണം മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നതിൽ ദുഃഖമുണ്ടെന്ന് വീട്ടുകാർ
ഇടുക്കി: സൗമ്യയുടെ മരണം മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നതിൽ ദുഃഖമുണ്ടെന്ന് വീട്ടുകാർ. കുടുംബത്തിനുണ്ടായത് തീരാനഷ്ടമാണെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ കക്ഷിനേതാക്കൾ ഉൾപ്പെയുള്ള പ്രമുഖർ വാദപ്രവാദങ്ങളിൽ ഏർപ്പെടുന്നതിലും ഇതിന്റെ ചുവടുപിടിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചകൾക്ക് വിഷയമാകുന്നതിലും തങ്ങൾക്ക് അതിയായ വിഷമമുണ്ടെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്തൃസഹോദരൻ സജി പറഞ്ഞു.
ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനും തുടർനടപടികൾക്കുമായി കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള ഇടപെടലുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇത് വലിയൊരളവിൽ ആശ്വാസം നൽകുന്നുണ്ട്. മരണത്തെ മറ്റ് ലക്ഷ്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഏറെ സങ്കടകരമായ കാര്യമാണ്. മറ്റൊന്നും പറായിനില്ല. സജി കൂട്ടിച്ചേർത്തു.
അനുശോചനം രേഖപ്പെടുത്തി ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ വന്ന കുറിപ്പുകളും ഇതെത്തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ചേരിതിരിഞ്ഞുണ്ടായ വാദപ്രതിവാദവും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സജി മറുനാടനോട് കുടംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച വൈകിട്ട് ഇസ്രയേലിലെ ആഷ്കലോണിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിലാണ് കീരിത്തോട് കാഞ്ഞിരംതാനം വീട്ടിൽ സന്തോഷിന്റെ ഭാര്യ സൗമ്യ(32)കൊല്ലപ്പെട്ടത്.
മൃതദ്ദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങിയിട്ടുണ്ട്.എന്ന് നാട്ടിലെത്തിക്കുമെന്നുള്ള കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരമൊന്നും എംബസിയിൽ നിന്നും ലഭിച്ചിട്ടില്ലന്നാണ് വീട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്. നടപടികൾ പരാമവധി വേഗത്തിലാണെന്നും മൃതദ്ദേഹം ചൊവ്വാഴ്ച എത്തിക്കാൻ സാധിച്ചേയ്ക്കുമെന്നുള്ള പ്രതീക്ഷയാണ് അധികൃതർ പങ്കുവയ്ക്കുന്നതെന്നും വീട്ടുകാർ അറിയിച്ചു.ഇന്ന് മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതിന് അധികൃതർ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും വരുന്ന 4 ദിവസത്തെ അവധി മുന്നിൽക്കണ്ടാണ് ഈ നീക്കമെന്നും ഇടുക്കി എം പി ഡീൻകുര്യക്കോസ് അറിയിച്ചു.
ഇന്നലെ സൗമ്യയുടെ മരണത്തിൽ നേതാക്കൾ അനുശോചനം രേഖപ്പെടുത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞുകൊണ്ടാണ് ആരോപണങ്ങൾ ഉണ്ടായത്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആദ്യമെത്തി. ഭീകരവാദികളോട് നിങ്ങൾ സന്ധി ചെയ്തോളൂ. എന്നാൽ കൊല്ലപ്പെട്ടത് ഒരു മലയാളി പെൺകുട്ടിയാണെന്നെങ്കിലും നിങ്ങൾ ഓർക്കേണ്ടതായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫെയിസ്ബുക്കിലായിരുന്നു പ്രതികരണം.
മുഖ്യമന്ത്രി എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താത്തതെന്ന് പിസി ജോർജ് ചോദിച്ചു. നാല് വോട്ടിന് വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി കപടനാണെന്നും പിസി ജോർജ് ആരോപിച്ചു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്താത്ത നേതാക്കളെ തിരഞ്ഞുപിടിച്ചായി വിമർശനം.
അനുശോചന പോസ്റ്റിട്ടവരിൽ ചിലരാകട്ടെ, ഫലസ്തീൻ തീവ്രവാദികൾ എന്ന വിശേഷണം ഉപയോഗിച്ചതോടെ പുലി വാല് പിടിച്ചു. എതിർപ്പുമായി വലിയൊരു വിഭാഗം വന്നതോടെ പലരും പോസ്റ്റ് തിരുത്തുകയോ മുക്കുകയോ ചെയ്തു. മുക്കിയവരെയും തിരുത്തിയവരെയും സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ കടന്നാക്രമിച്ചു. മുഖ്യന്ത്രി പിണറായി വിജയൻ പോസ്റ്റ് ചെയ്ത ഡിലീറ്റ് ചെയ്തപ്പോൾ ഉമ്മൻ ചാണ്ടി നിരന്തരം തിരുത്തുകയായിരുന്നു.
രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ, കെ.എസ്.ശബരിനാഥൻ, എ.എ.റഹീം തുടങ്ങേി വിവിധ വിഷയങ്ങളിൽ പ്രതികരിക്കാറുള്ള മതേതരപാർട്ടി നേതാക്കന്മാർ അനുശോചനം അറിയിച്ചില്ലെന്ന പേരിലും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. എന്നാൽ, ചെന്നിത്തല പിന്നീട് പോസ്റ്റിട്ടെങ്കിലും, വിവാദ ഭാഗങ്ങൾ തൊടാതെ കരുതലോടെയായിരുന്നു. അതിനിടെ, കൊല്ലപ്പെട്ടത് ഫലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിലാണെന്ന പരാമർശത്തെ ചൊല്ലി കോൺഗ്രസ് നേതാവ് വീണ എസ് നായരും പുലിവാല് പിടിച്ചു.
ഇസ്രയേലിൽ മലയാളി യുവതി കൊല്ലപ്പെട്ടത് ഫലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിലാണെന്ന പരാമർശം പിൻവലിച്ച കോൺഗ്രസ് നേതാവ് വീണ എസ് നായർക്കുനേരെ സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്നും വ്യാപക സൈബർ ആക്രമണം. തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാനാണ് വീണ തന്റെ വാക്കുകൾ തിരുത്തിയതെന്നും മരിച്ച യുവതിയോട് മാന്യത കാണിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ആക്രമണം. സംഘപരിവാർ അനുകൂല ചായ്വുള്ള പല ഫേക്ക് ഐഡികളിൽ നിന്നും വീണയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള പരാമർശങ്ങളും തെറിവിളികളും കമന്റുകളായി വന്നുകൊണ്ടിരിക്കുകയാണ്.