തിരുവനന്തപുരം: ഗൂഢാലോചന നടത്തി വെട്ടിക്കൊന്നിട്ടും ടിപി ചന്ദ്രശേഖരന്റെ ചിത്രം പോലും സിപിഎമ്മിനെ ഇപ്പോഴും അലോസരപ്പെടുത്തുകയാണ്. കെ കെ രമയെ തോൽപ്പിക്കാൻ പലവിധത്തിൽ ശ്രമങ്ങൾ നടത്തിയിട്ടും അതെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. എന്നിട്ടും അവർ കലിപ്പു തീർക്കാൻ കിട്ടുന്ന അവസരമൊന്നും പാഴാക്കാറില്ല. ഇപ്പോൾ ഇവരുടെ പ്രധാന പ്രശ്‌നം രമയുടെ സത്യപ്രതിജ്ഞയാണ്. സാരിയിൽ ടി പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ചായിരുന്നു രമ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കയാണ് സിപിഎം നേതാക്കൾ.

വടകര എംഎൽഎയായി കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. രമ ബാഡ്ജ് ധരിച്ചത് വലിയ അപരാധമെന്ന വിധത്തിൽ സിപിഎം ചർച്ച ചെയ്യുമ്പോഴാണ് പുതിയ നീക്കം. കെ. കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് ആരോപിച്ച് സ്പീക്കർക്ക് പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇത് പരിശോധിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയത്.

'നിയമസഭയുടെ പെരുമാറ്റച്ചട്ടത്തിൽ ഇത്തരം പ്രഹസനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവിൽ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണ്,' സ്പീക്കർ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു കെ. കെ രമ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. എന്നാൽ ബാഡ്ജ് ധരിച്ച് എത്തിയത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ജനതാദൾ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി. പി പ്രേംകുമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു.

നിയമസഭയ്ക്കുള്ളിൽ യാതൊരു വിധത്തിലുമുള്ള ബാഡ്ജുകൾ ധരിക്കുവാനോ പ്രദർശിപ്പിക്കുവാനോ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. മാതൃകാപരമായ തീരുമാനം സ്പീക്കർ കൈക്കൊള്ളണമെന്ന് പരാതിയിൽ ടി. പി പ്രേംകുമാർ ആവശ്യപ്പെടുന്നു. ആർ.എംപി.ഐ സ്ഥാനാർത്ഥിയായ കെ. കെ രമ യു.ഡി.എഫിന്റെ പിന്തുണയോടെയാണ് വടകരയിൽ വിജയിക്കുന്നത്.

കോൺഗ്രസ് നിരുപാധിക പിന്തുണയാണ് തനിക്ക് നൽകിയതെന്നും, നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും കെ. കെ രമ പറഞ്ഞിരുന്നു. നിയമസഭയിൽ ക്രിയാത്മക പ്രതിപക്ഷമായി ആയിരിക്കും താൻ ഇരിക്കുകയെന്നും പ്രതിപക്ഷത്തെ പിന്തുണയ്ക്കേണ്ട ഘട്ടങ്ങളിൽ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നും രമ പറഞ്ഞു.