തിരുവനന്തപുരം: ശബരിമല യവതീ പ്രവേശനം നടന്നതുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതി ഹ്വാനം ചെയ്ത ഹർത്താലിൽ സംഘർഷം ശക്തം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറുണ്ടായതിന് പിന്നാലെ സബ് ഇൻസ്പെക്ടർക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപി ആരോപണം. മലയിൻകീഴിലും സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കാട്ടാക്കട താലൂക്ക് ഓഫീസ് തകർക്കാനും നടന്നുവെന്നാണ് വിവരം. പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം കലശലായതിന് പിന്നാലെ ബിജെപി കൗൺസിലർമാരുടെ വീടിന് നേരെയും ആക്രണുമണ്ടായെന്നാണ് വിവരം.

പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികൾ മൂന്ന് ബോംബുകൾ എറിഞ്ഞുവെന്നാണ് വിവരം. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകൾ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാർ ചിതറിയോടി. ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈയൊടിഞ്ഞു.നെടുമങ്ങാട്ടെ സിപിഎം കൗൺസിലർമാരുടേയും സിപിഎം നേതാക്കളുടേയും വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. സംഘർഷം പരിസരപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്.അക്രമ പരമ്പര തുടരുന്നു. വൻ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

എന്നിട്ടും നിയന്ത്രണാതീതമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൈവിട്ടുപോയതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രാവിലെ ഒരു സ്വകാര്യബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓടിക്കാനെത്തിയ ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് വിരട്ടിയോടിച്ചിരുന്നു. ഇവരെ വിരട്ടിയോടിക്കാൻ ശ്രമിച്ച പൊലീസിന് നേരെ ബിജെപി പ്രവർത്തകർ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ എസ്ഐക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.

തുടർന്ന് പിടിയിലായ അക്രമികളെ പൊലീസിനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ രക്ഷപ്പെടുത്തിക്കൊണ്ട് പോയി. അറസ്റ്റിലായ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് എത്തിയ ബിജെപി പ്രവർത്തകർക്ക് എതിരെ മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകരും എത്തി. തുടർന്ന് സ്റ്റേഷന് മുന്നിൽ ബിജെപി, ശബരിമല കർമ്മസമിതി പ്രവത്തകരും സിപിഎം പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടയിലാണ് പൊലീസുകാർ നിന്ന ഭാഗത്തേക്ക് ബോംബുകൾ വീണുപൊട്ടിയത്.

എങ്ങും കലാപം, നിയന്ത്രണാതീതം

ഹർത്താലാതിനാൽ ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് രാവിലെ നിരത്തിലിറങ്ങിയത്. തിരുവനന്തപുരത്ത് ട്രയിനിൽ കുഴഞ്ഞുവീണ ഒരാൾ മരിച്ചു. ആശുപത്രിയിലെത്തിക്കാൻ സമയത്ത് ആംബുലൻസ് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.വയനാട് സ്വദേശി ഫാത്തിമയെന്ന വയോധികയാണ് മരിച്ചത്. ഇവർ ശ്രീചിത്രയിൽ ചികിത്സയ്ക്ക് എത്തിയതാണ്.

ദീർഘനാളായി ആർസിസിയിലെ ചികിത്സയിലായിരുന്നു ഇവർ. ആംബുലൻസ് എത്താൻ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കൾ ആരോപിച്ചു.റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ പ്ലാറ്റ്‌ഫോമിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പൊലീസിന്റെ ആംബുലൻസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തടക്കം സംസ്ഥാനത്ത്പയ്യോളിയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലേറ്. ഡ്രൈവർക്ക് പരിക്ക്. കണ്ണൂരിൽ കടകൾ അടപ്പിച്ച നാലു സംഘപരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

പാലക്കാട് വെണ്ണക്കരയിൽ ഇന്നലെ അർധരാത്രിയോടെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് അജ്ഞാതർ തീയിട്ടു. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചയോടെ മലപ്പുറം തവനൂരിലുള്ള സിപിഎം തവനൂർ ലോക്കൽ കമ്മിറ്റി ഓഫീസിനും ഒരു സംഘം തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവർത്തകർ തടിച്ചു കൂടിയിട്ടുണ്ട്.

കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹിൽ കോയ റോഡിലും ഹർത്താലാനുകൂലികൾ റോഡിൽ കല്ലിട്ടും ടയർ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങൾ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികൾ കൊട്ടാരക്കരയിൽ റോഡിൽ ടയറുകൾ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്. ശബരിമല പാതയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ഹർത്താൽ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവർത്തകർ എത്തി കടകൾ അടപ്പിച്ചു.

പാലക്കാടും തൃശ്ശൂരും കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നില്ല. ബെംഗളൂരുവിൽ നിന്നും വന്ന കെഎസ്ആർടിസി ബസുകൾ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നില്ല. കണ്ണൂർ പയ്യന്നൂർ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടർന്ന് കണ്ണൂരിലെ കെഎസ്ആർടിസി സർവ്വീസുകൾ പൂർണമായി നിർത്തി വച്ചു. കണ്ണൂർ നഗരത്തിൽ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബെംഗ്ലളൂരുവിൽ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറിൽ ബസിന്റെ ചില്ല് തകർന്നു.