- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താലിന് എതിർപാർട്ടി മാമന്മാരുടെ കടകളെല്ലാം അടപ്പിച്ച് ബജിയെല്ലാം കഴിച്ച് തിരിച്ചുവന്നപ്പോൾ യുവാവ് ഞെട്ടി; സ്വന്തം ബജിക്കടയും ഡിം! തല്ലിപ്പൊളിച്ചിട്ടത് സ്വന്തം പാർട്ടിക്കാർ തന്നെ; സാധനങ്ങളെല്ലാം ഒരുവഴിക്കായപ്പോൾ പോക്കറ്റിൽ നിന്ന് ചോർന്നത് കാൽലക്ഷം രൂപ; ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ ബിജുവിന് അക്കിടി പറ്റിയത് ഇങ്ങനെ
ആലപ്പുഴ: ഹർത്താലിനോടനുബന്ധിച്ച് കടകൾ അടപ്പിക്കാൻ പോയ യുവാവിന്റെ കട ഹർത്താൽ പ്രഖ്യാപിച്ച അതേ പാർട്ടി പ്രവർത്തകർ തന്നെ തല്ലി തകർത്താലോ..? കോമഡിയായിരിക്കും അല്ലേ. എന്നാൽ ആ കോമഡി ആലപ്പുഴയിൽ നടന്നു. ഇന്നലെ ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പങ്കെടുത്ത് കടകളടപ്പിക്കാൻ പോയ ബിജെപി പ്രവർത്തകന്റെ കടയാണ് ഹർത്താലനുകൂലികൾ തല്ലി തകർത്തത്. ബിജെപി പ്രവർത്തകനായ വെള്ളക്കിണർ ലൈല ഭവനത്തിൽ വാടകയ്ക്ക് താമസിക്കുന്ന ആർ.എൻ ബിജുവിന്റെ വെള്ളക്കിണർ ജംഗ്ഷനു സമീപത്തുള്ള കടയാണ് സഹപ്രവർത്തകരായ പാർട്ടി പ്രവർത്തകർ തകർത്തത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാർ നടത്തിയ ഹർത്താലിനോടനുബന്ധിച്ചുള്ള പ്രകടനത്തിനും തുടർന്നുള്ള കടയടപ്പിക്കലിനും പോയിരിക്കുകയായിരുന്നു ബിജു. പരിപാടിയെല്ലാം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്കു പോകുമ്പോഴാണ് ബിജുവും അമ്മ വനജയും ചേർന്ന് റോഡരുകിൽ നടത്തിയിരുന്ന ബജി കട തല്ലി പൊളിച്ച നിലയിൽ കണ്ടത്. സംഭവത്തെ പറ്റി അന്വേഷിച്ചപ്പോഴാണ് ഹർത്താലനുകൂലികൾ മുദ്രാവാക്യം വിളികളുമായെത്തി തല്ലി തകർത്ത വിവരം ബിജു അറിഞ്ഞത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബൈക്കിലെത്തിയ ഒരു സംഘം യുവാക്കൾ കട അടിച്ചു തകർത്തതെന്നാണ് സമീപവാസികൾ ബിജുവിനോട് പറഞ്ഞത്. ഗ്യാസടുപ്പും അലമാരയും പാത്രങ്ങളും കസേരകളുമടക്കം ഏതാണ്ട് 25000ഓളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഹർത്താലുമായി ബന്ധപ്പെട്ട കട അടപ്പിക്കലിന് മുൻപിട്ട് നിന്നത് ബിജുവായിരുന്നു. പല കടകളും ഭീഷണിപെടുത്തിയാണ് ബിജുവും സംഘവും അടപ്പിച്ചത് എന്ന് നാട്ടുകാർ പറയുന്നു. ഇങ്ങനെ ഭീഷണിപെടുത്തി കട അടപ്പിക്കാൻ പോയ ബിജുവിന് ഈ ഗതി വന്നതിൽ സന്തോഷം എന്നാണ് നാട്ടുകാർ പ്രതികരിച്ചത്. അതേ സമയം ഉണ്ടായിരുന്ന ഏക ഉപജീവന മാർഗ്ഗം നഷ്ട്ടപ്പെട്ട ദുഃഖത്തിലാണ് ബിജുവും കുടുംബവും. സംഭവത്തിൽ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ബിജു. അതേ സമയം ഇന്നലെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ബിജെപി - ആർഎസ്എസ് പ്രവർത്തകർ വ്യാപക അക്രമമായിരുന്നു അഴിച്ചു വിട്ടത്.
അതേസമയം, ഇന്നലെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമമായിരുന്നു അരങ്ങേറിയത്. അക്രമം നടത്തിയവർക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി കഴിഞ്ഞു. ഇതിനു പുറമെ ഇവരിൽ പലർക്കുമെതിരെ പൊതുമുതൽ നശീകരണം തടയൽ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. ഇവർക്ക് ജാമ്യം ലഭിക്കാൻ നഷ്ടപരിഹാരം കെട്ടിവെയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനായി ശ്രമം തുടങ്ങിയിരിക്കുന്നത്. ഇവരുടെ സ്വത്തുവകകളിൽ നിന്ന് നഷ്ടം ഈടാക്കുന്നതിനും നടപടിയുണ്ടാകും. ആക്രമണത്തിനിടെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായി എന്നതിന്റെ കണക്ക് പൊലീസ് ശേഖരിച്ചു വരികയാണ്. ഇന്നലെ ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല പൊലീസ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ജില്ലാ പൊലീസ് മേധാവികൾക്ക് അക്രമികളെ പിടിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ തലത്തിൽ അക്രമം നടത്തിയവരുടെ പട്ടിക തയ്യാറാക്കും. ശബരിമല അക്രമുണ്ടായപ്പോൾ കുറ്റക്കാരെ പിടിക്കാൻ ചെയ്ത പോലെ ആൽബം തയ്യാറാക്കും. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പൊലീസ് പുറത്തുവിട്ടു. 801 കേസുകളാണ് ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ കേസുകളിലായി ആകെ 1369 പേർ അറസ്റ്റിലായിട്ടുണ്ട്. 717 പേർ കരുതൽ തടങ്കലിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കൂടുതൽ പേരെ കരുതൽ തടങ്കലിൽ വെക്കാനും നീക്കമുണ്ടെന്നാണ് വിവരം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.