സാന്റിയാഗോ: ഫുട്ബോൾ ലോകകപ്പിൽ ബ്രസീലിന് കനത്ത തിരിച്ചടി. അണ്ടർ 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയം പോലും നേടാതെയാണ് അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ടൂർണമെന്റിൽ നിന്ന് പുറത്തായത്. അതേസമയം, ചിരവൈരികളായ അർജന്റീന ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിൽ കടന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോയോട് സമനില (2-2) വഴങ്ങിയ ബ്രസീലിനെ മൊറോക്കോ (2-1), സ്പെയിൻ (1-0) എന്നിവർ പരാജയപ്പെടുത്തി. യൂത്ത് തലത്തിൽ ബ്രസീൽ നേരിടുന്ന പ്രതിഭാ ദാരിദ്ര്യത്തിന്റെ സൂചനയാണ് ഈ തോൽവികൾ. 2011ലാണ് ബ്രസീൽ അവസാനമായി അണ്ടർ 20 ലോകകപ്പ് കിരീടം നേടിയത്. 2015-ൽ ടീം റണ്ണേഴ്സ് അപ്പ് സ്ഥാനം നേടിയിരുന്നു. 2019-ൽ കോപ അമേരിക്കയിൽ സീനിയർ ടീം കിരീടം നേടിയ ശേഷം ബ്രസീലിയൻ ഫുട്ബോൾ ആരാധകർക്ക് വലിയ കാര്യമായി ആഘോഷിക്കാനുള്ള നേട്ടമൊന്നും ഉണ്ടായിട്ടില്ല.

അണ്ടർ 20 ലോകകപ്പിനായി ചിലിയിലെത്തിയ യുവ നിരയുടെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. മൊറോക്കോയ്‌ക്കെതിരെ പരാജയപ്പെട്ടത് ഞെട്ടലോടെയാണ് ഫുട്ബോൾ ലോകം കണ്ടത്. ബ്രസീൽ മെക്സിക്കോ സ്പെയിൻ അടങ്ങുന്ന സി ഗ്രൂപ്പിൽ മൊറോക്കോ ആണ് ഒന്നാമതെത്തിയത്. 2023 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഇസ്രായേലിനോട് തോറ്റാണ് ബ്രസീൽ പുറത്തായത്. ഇതിന് മുൻപ് അണ്ടർ 17 ലോകകപ്പ് ക്വാർട്ടറിൽ അർജന്റീനയോടും അവർ പരാജയപ്പെട്ടിരുന്നു.

ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ശക്തരായ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അർജന്റീന ഗ്രൂപ്പ് ജേതാക്കളായത്. 74ാം മിനിറ്റിൽ ഡിലാൻ ഗൊറോസിറ്റോ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. ഇറ്റലി ആദ്യ ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് നിയമം മൂലം അത് നിഷേധിക്കപ്പെട്ടു. ബയർ ലെവർകൂസൻ താരം അലിയേ സർകോയുടെ ഗോളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.