ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററായ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഇന്ത്യയില്‍. ഇത്തവണ ഇന്ത്യ സന്ദര്‍ശിക്കുന്ന ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്സിന്റെ ഔദ്യോഗിക സംഘത്തില്‍ അംഗമായാണ് ക്രിസ് ഗെയ്‌ലിന്റെ വരവ്. ജമൈക്കന്‍ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുന്ന ഗെയ്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോള്‍ ഗെയ്ല്‍ കൈകൂപ്പി 'നമസ്തേ' പറയുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. ഗെയ്ലിനെ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി പുറത്തു സ്നേഹപൂര്‍വം തട്ടിയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ തന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ഗെയ്ലും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

'ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായത് ഒരു ബഹുമതിയായി കണക്കാക്കുന്നു. ജമൈക്ക ഇന്ത്യയിലേക്ക്.' വണ്‍ലവ് എന്ന ഹാഷ്ടാഗ് സഹിതം ഗെയ്ല്‍ കുറിച്ചു. നിലവില്‍ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ സജീവമാണ് താരം. അതേസമയം താരം ജമൈക്കന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം എത്തിയത് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണോ ഇതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.



നാല്‍പ്പത്തഞ്ചുകാരനായ ക്രിസ് ഗെയ്ല്‍ സജീവ ക്രിക്കറ്റ് വിട്ടിട്ട് അധികം നാളായിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ ഗെയ്ല്‍ ക്രിക്കറ്റ് ലോകത്ത് യൂണിവേഴ്സല്‍ ബോസ് എന്നാണ് അറിയപ്പെടുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമെന്ന നിലയിലാണ് ഗെയ്ല്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്.

2011 മുതല്‍ 2017 വരെ ആര്‍സിബിയുടെ പ്രധാന ബാറ്റര്‍മാരില്‍ ഒരാളായിരുന്നു ഗെയ്ല്‍. 2013ല്‍ പൂനെ വാരിയേഴ്സിനെതിരെ പുറത്താകാതെ 175 റണ്‍സടിച്ച ഗെയ്ലിന്റെ പേരിലാണ് ഐപിഎലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡ്. ട്വന്റി20യില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്. ആര്‍സിബിക്കു പുറമേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് തുടങ്ങിയ ടീമുകള്‍ക്കായും കളിച്ചിട്ടുള്ള ഗെയ്ല്‍, ആകെ 4965 റണ്‍സും നേടി.