- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമണ്‍ദീപ് സിംഗ് സ്‌ക്വാഡില്‍ ഉള്ളപ്പോള്‍ ബൗളിംഗ് ഓള്‍റൗണ്ടറായ റാണയെ ഇറക്കി മത്സരത്തിന്റെ ഗതിമാറ്റി; കണ്‍കഷന്‍ സബ്ബില്‍ കൃത്യമായ നിലപാട് വേണം; ഐസിസി ടൂര്‍ണമെന്റില്‍ നിയമം തിരിച്ചടിച്ചേക്കാമെന്ന് ആകാശ് ചോപ്ര
ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ആകാശ് ചോപ്ര
മുംബൈ: ഇന്ത്യ - ഇംഗ്ലണ്ട് നാലാം ട്വന്റി 20 മത്സരത്തിനിടെ പരിക്കേറ്റ ശിവം ദുബെയ്ക്കു പകരം കണ്‍കഷന്‍ സബ്ബായി ഹര്‍ഷിത് റാണയെ ഇറക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ വിഷയത്തില്‍ ഇപ്പോള്‍ത്തന്നെ കൃത്യമായ നിലപാട് കൈക്കൊള്ളണമെന്നും, പിന്നീട് നിയമം തിരിച്ചടിക്കുമ്പോള്‍ നിലവിളിച്ചിട്ട് കാര്യമുണ്ടാകില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നിയമം അനുകൂലമായി വന്നതുകൊണ്ട് പ്രശ്‌നമുണ്ടാകില്ല. ഭാവിയില്‍ ഐസിസി ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ നിയമം തിരിച്ചടിച്ചേക്കാമെന്നും ചോപ്ര മുന്നറിയിപ്പു നല്‍കി.
''ഒരാള്‍ക്കു സമാനമായ മറ്റൊരാളെ ഇറങ്ങാന്‍ അനുവദിക്കുന്ന 'കണ്‍കഷന്‍ സബ്' ഭാവിയില്‍ പ്രശ്‌നമാകും. മാച്ച് റഫറിയാണു പകരക്കാരനെ അനുവദിക്കേണ്ടത്. സബ്സ്റ്റിറ്റിയൂഷനു വേണ്ടി ശ്രമിക്കുന്ന ടീമുകള്‍ക്കു പേരുകള്‍ മുന്നോട്ടുവയ്ക്കാം. ഇന്നലത്തെ തീരുമാനം കുറച്ചു ചോദ്യങ്ങള്‍ ബാക്കി വയ്ക്കുന്നുണ്ട്. തിലക് വര്‍മയ്ക്കു പകരക്കാരനായി രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടന്‍ സുന്ദറെ ഇറക്കുമോ? അഭിഷേക് ശര്‍മയ്ക്കു പകരം രണ്ടാം ഇന്നിങ്‌സില്‍ ബോളറായി രവീന്ദ്ര ജഡേജയെയോ, അക്ഷര്‍ പട്ടേലിനെയോ കളിപ്പിക്കാമോ? ഇന്ത്യയും ഭാവിയില്‍ ഇങ്ങനെയൊന്നു നേരിടേണ്ടി വന്നേക്കാം. അതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നത്. ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ വല്ലതും ആണ് ഇതു സംഭവിക്കുന്നതെങ്കില്‍, അപ്പോള്‍ കരയുന്നതിനേക്കാളും നല്ലത് ഇപ്പോള്‍ തന്നെ പറയുന്നതാണ്.'' ആകാശ് ചോപ്ര വ്യക്തമാക്കി.
ബാറ്റിങ് പൂര്‍ത്തിയാക്കി മടങ്ങിയ ശിവം ദുബെയുടെ കണ്‍കഷന്‍ സബ്ബായി ഫീല്‍ഡിങ് സമയത്ത് പേസ് ബോളര്‍ ഹര്‍ഷിത് റാണയെ കളത്തിലിറക്കിയത് ഇന്ത്യയ്ക്ക് ഫലത്തില്‍ ഇരട്ട കളിക്കാരുടെ ഗുണം ചെയ്തിരുന്നു. ബാറ്റിങ്ങില്‍ കൂട്ടത്തോടെ തകര്‍ന്ന ഇന്ത്യയ്ക്ക് 34 പന്തില്‍ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 53 റണ്‍സെടുത്ത ശിവം ദുബെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം ടോപ് സ്‌കോറര്‍. ദുബെയ്ക്കു പകരം ഇന്ത്യ കണ്‍കഷന്‍ സബ്ബായി ഉപയോഗിച്ച ഹര്‍ഷിത് റാണ ബോളിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങിയതോടെ ഒരു ബോളറെ എക്‌സ്ട്രാ ലഭിച്ച ഫലമായി ഇന്ത്യയ്ക്ക്. രാജ്യാന്തര ട്വന്റി20യില്‍ റാണയുടെ അരങ്ങേറ്റം കൂടിയായി മാറിയ മത്സരത്തില്‍, നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത താരം വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ ബോളര്‍മാരില്‍ രവി ബിഷ്‌ണോയിക്കൊപ്പം ഒന്നാമനായി.
ഒരു താരത്തിന് കണ്‍കഷന്‍ സംഭവിച്ചതായി സ്ഥിരീകരിച്ചാല്‍ പകരം അതേ പൊസിഷനില്‍ കളിക്കുന്ന താരത്തെയാണ് കണ്‍കഷന്‍ സബ്ബായി ഉപയോഗിക്കേണ്ടതെന്നാണ് നിയമം. ഇതനുസരിച്ചാണ് ഓള്‍റൗണ്ടറായ ശിവം ദുബെയ്ക്കു പകരം ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയെ ഇന്ത്യ പകരക്കാരനാക്കിയത്. എന്നാല്‍, ദുബെയ്ക്ക് സമാനമായി ബാറ്റിംഗ് ഓള്‍റൗണ്ടറായ രമണ്‍ദീപ് സിംഗ് സ്‌ക്വാഡില്‍ ഉള്ളപ്പോഴാണ് പേസ് ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയെ ഇറക്കിയത് എന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ദുബെ മികച്ച ബോളിങ്ങിനും ഉപയോഗപ്പെടുത്താവുന്ന നല്ലൊരു ബാറ്ററാണെന്നും റാണ ബാറ്റിങ്ങിനും ഉപയോഗപ്പെടുത്താവുന്ന നല്ലൊരു ബോളറാണെന്നുമാണ് ഇംഗ്ലണ്ടിന്റെ വിമര്‍ശനം. ദുബെയ്ക്കു പകരം റാണയെ കണ്‍കഷന്‍ സബ്ബായി ഇറക്കിയപ്പോള്‍ത്തന്നെ കമന്ററി ബോക്‌സില്‍ കെവിന്‍ പീറ്റേഴ്‌സനും നിക്ക് നൈറ്റും തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. മത്സരശേഷം ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും എതിര്‍പ്പ് ഉന്നയിച്ചു.
''ഒരേ രീതിയിലുള്ള കളിക്കാരനെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഉപയോഗിക്കണമെന്നാണ് നിയമമെങ്കിലും ഇത് അങ്ങനെയല്ല. ഇതിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. ഒന്നുകില്‍ ശിവം ദുബെ ബോളിങ്ങില്‍ 25 മൈല്‍ വേഗം കൂടി ആര്‍ജിച്ചിട്ടുണ്ടാകണം. അല്ലെങ്കില്‍ ഹര്‍ഷിത് റാണയുടെ ബാറ്റിങ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടാകണം. ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണെന്ന് അറിയാം. ഞങ്ങള്‍ ജയിക്കേണ്ടിയിരുന്ന മത്സരമാണ്. എന്തായാലും ഈ തീരുമാനത്തോട് ഞങ്ങള്‍ വിയോജിക്കുന്നു' ബട്‌ലര്‍ പറഞ്ഞു.
''കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ അനുവദിക്കുന്ന സമയത്ത് ഞങ്ങളുടെ അഭിപ്രായവും തേടിയിരുന്നില്ല. ബാറ്റിങ്ങിനായി വരുമ്പോള്‍ ഹര്‍ഷിത് റാണയെ കണ്ട് ആര്‍ക്കു പകരമാണ് ഫീല്‍ഡിങ്ങിന് എത്തിയതെന്ന് ഞാന്‍ ആലോചിക്കുകയും ചെയ്തു. അപ്പോഴാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടാണ് എന്ന് അറിയുന്നത്. അതിനോട് എന്തായാലും യോജിക്കാനായില്ല. ഇവിടെ തുല്യരായ താരങ്ങളല്ല ഇരുവരും. മാച്ച് റഫറിയാണ് ഇത് അംഗീകരിച്ചതെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തില്‍ ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. എന്തായാലും മാച്ച് റഫറി ജവഗല്‍ ശ്രീനാഥിനോട് വ്യക്തത തേടും'' ബട്‌ലര്‍ പറഞ്ഞു.