ബര്‍മിങ്ഹാം: അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ മഴ എഡ്ജ്ബാസ്റ്റണില്‍ പെയ്തിറങ്ങിയപ്പോള്‍ അര്‍ഹിച്ച ജയം ഇന്ത്യക്ക് നഷ്ടപ്പെടുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ കാര്‍മേഘം മൂടിക്കെട്ടിയ ആകാശം തെളിഞ്ഞതോടെ വിക്കറ്റുമഴയാണ് പിന്നെ കണ്ടത്. ബുംറയില്ലാതെ ഇന്ത്യന്‍ പേസ്നിര പതറുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ജസ്പ്രീത് ബുമ്രയേ പേടിക്കാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് മുന്നിലേക്ക് ഔട്ട് ഓഫ് സിലബസായാണ് ആകാശ് ദീപെന്ന 28കാരന്‍ എത്തിയത്.

പിന്നീട് കണ്ടത് കരിയറില്‍ പത്ത് ടെസ്റ്റ് പോലും കളിച്ചിട്ടില്ലാത്ത ഒരു 28 കാരന്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ വിറപ്പിക്കുന്ന കാഴ്ചയാണ്. ആകാശ്ദീപ് എഡ്ജ്ബാസ്റ്റണില്‍ നടത്തിയ പ്രകടനത്തിന് സമാനതകളില്ല.ആദ്യ ഇന്നിങ്‌സില്‍ നാലുവിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും. പേരുകേട്ട ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരെല്ലാം ആകാശ് ദീപിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. ബ്രൂക്കും, പോപ്പും, സ്മിത്തും, റൂട്ടും പുറത്തായവരില്‍ ഉള്‍പ്പെടുന്നു. ഒടുവില്‍ ഇന്ത്യക്ക് എഡ്ജ്ബാസ്റ്റണില്‍ ചരിത്രജയവും സമ്മാനിച്ചു.

എന്നാല്‍ മത്സരത്തില്‍ ആകാശ്ദീപ് വീറോടെ വിക്കറ്റുകള്‍ ഒന്നൊന്നായി വീഴ്ത്തുമ്പോഴും അത്ര സന്തോഷത്തിലായിരുന്നില്ല താരം. കാരണം സ്വന്തം സഹോദരിയായ ജ്യോതി സിങ് കാന്‍സറിനോടുള്ള പോരാട്ടത്തിലായിരുന്നു. മത്സരശേഷം ചരിത്രജയം സഹോദരിക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു.

ഇന്ത്യന്‍ ബോളറുടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസര്‍ ആകാശ് ദീപ് നേട്ടം സമ്മാനിക്കുന്നത് സഹോദരിക്കാണ്. ഓരോ തവണ പന്ത് കയ്യിലെടുക്കുമ്പോള്‍ സഹോദരിയുടെ ചിന്തയാണ് മനസില്‍ നിറയുന്നതെന്ന് ആകാശ് മല്‍സരശേഷം വെളിപ്പെടുത്തി. കാന്‍സര്‍ രോഗബാധിതയാണ് ആകാശ് ദീപിന്റെ സഹോദരി.

'എന്റെ സഹോദരിക്ക് കാന്‍സറാണ്. ചികിത്സ ആരംഭിച്ചിട്ട് രണ്ട് മാസമായി. മത്സരത്തില്‍ എനിക്ക് മികവ് കാണിക്കാനായതില്‍ ഏറ്റവും സന്തോഷിക്കുന്നത് എന്റെ ചേച്ചിയായിരിക്കും. അസുഖത്തെ തുടര്‍ന്ന് മാനസികമായും ശാരീരികമായും ഒരുപാട് പ്രയാസപ്പെട്ട എന്റെ ചേച്ചിക്കാണ് ഞാന്‍ ഈ മത്സരം സമര്‍പ്പിക്കുന്നത്. ചേച്ചിയുടെ മുഖത്ത് ചിരി വരുന്നത് എനിക്ക് കാണണം,' എഡ്ജ്ബാസ്റ്റണില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ടെസ്റ്റ് ജയിച്ചതിന് പിന്നാലെ ആകാശ് ദീപിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

'ഈ പ്രകടനം ചേച്ചിക്ക് വേണ്ടിയാണ്. പന്ത് എന്റെ കയ്യില്‍ വരുമ്പോഴെല്ലാം ചേച്ചിയെ കുറിച്ചാണ് ഞാന്‍ ആലോചിക്കുക. ഞാന്‍ എന്നും ചേച്ചിക്കൊപ്പം ഉണ്ടാവും. ചേച്ചിയുടെ സന്തോഷം എനിക്ക് കാണണം. ഞങ്ങളെല്ലാവരും ചേച്ചിക്കൊപ്പമുണ്ട്,' ഹൃദയം തൊട്ട് ആകാശ് ദീപ് പറഞ്ഞു.

ഇപ്പോഴിതാ ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് ജ്യോതി സിങ്. ഇത് ഇന്ത്യക്ക് അഭിമാനകരമാണ്. അവന്‍ 10 വിക്കറ്റ് വീഴ്ത്തിയിരിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് ഞങ്ങള്‍ വിമാനതാവളത്തില്‍ പോയി അവനെ കണ്ടു. എനിക്ക് ഒരു കുഴപ്പവുമില്ലെന്നും എന്നെക്കുറിച്ച് വിഷമിക്കേണ്ടെന്നും ഞാന്‍ അവനോട് പറഞ്ഞു. രാജ്യത്തിന് വേണ്ടി നന്നായി കളിക്കാനും പറഞ്ഞു. ഞാന്‍ കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ്. ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് ചികിത്സ ആറ് മാസത്തോളം തുടരണമെന്നാണ്.- ആകാശ് ദീപിന്റെ സഹോദരി ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ആകാശ് വിക്കറ്റ് നേടുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നും. അവന് വിക്കറ്റ് കിട്ടുമ്പോള്‍ ഞങ്ങളെല്ലാവരും വലിയ ശബ്ദത്തില്‍ കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനും തുടങ്ങും. തനിക്ക് കാന്‍സറാണെന്ന വിവരം ആകാശ്ദീപ് നേരത്തേ വെളിപ്പെടുത്തിയിരുന്നെന്ന് അറിയില്ലായിരുന്നുവെന്നും ജ്യോതി പറഞ്ഞു.

'ആകാശ് അങ്ങനെ പറയുമെന്ന് ഞാന്‍ വിചാരിച്ചില്ല. അത് പരസ്യമായി സംസാരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. പക്ഷെ അവന്‍ വികാരഭരിതനായി എനിക്ക് വേണ്ടി പറഞ്ഞ രീതിയും ജയം എനിക്ക് സമര്‍പ്പിച്ചതും വലിയ കാര്യമാണ്. അത് നമ്മുടെ കുടുംബത്തോടും എന്നോടുമുള്ള സ്‌നേഹം എത്ര വലുതാണെന്ന് കാണിക്കുന്നു. വീട്ടില്‍ ഈ സാഹചര്യമായിരുന്നിട്ടും അവിടെ കളിക്കുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. ഞാന്‍ അവന് ഏറ്റവും അടുപ്പമുള്ള ആളാണ്.'

'എന്റെ കാന്‍സര്‍ ചികിത്സയ്ക്കിടെ എന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചത് അവനായിരുന്നു. ഞാന്‍ അവനോട് വിഷമിക്കേണ്ടെന്നും എന്റെ ഭര്‍ത്താവ് കൂടെയുണ്ടെന്നും പറയുമായിരുന്നു. എന്നാല്‍ അവനുള്ളതെല്ലാം അവന്റെ സഹോദരിമാര്‍ക്കും കുടുംബത്തിനും വേണ്ടിയാണെന്ന് അവന്‍ എപ്പോഴും പറയുമായിരുന്നു. ഓരോ മത്സരത്തിന് മുന്‍പും ശേഷവും അവന്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യും. ഇതെല്ലാം ചെയ്യുന്നതും വിക്കറ്റുകള്‍ നേടുന്നതും എനിക്കും രാജ്യത്തിനും വേണ്ടിയാണെന്ന് അവന്‍ പറയാറുണ്ടായിരുന്നു.' - ആകാശ് ദീപിന്റെ സഹോദരി പറഞ്ഞു

എഡ്ജ്ബാസ്റ്റണില്‍ ആദ്യമായാണ് ഇന്ത്യ ജയിക്കുന്നത്. ഇതുവരെ ഏഴു തോല്‍വിയും ഒരുസമനിലയുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. എഡ്ജ്ബാസ്റ്റണില്‍ പത്തുവിക്കറ്റ് നേടുന്ന നാലാമത്തെ താരമായി ആകാശ് ദീപ് മാറി. ഇതാദ്യമായിട്ടാണ് ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി ഇന്ത്യയുടെ മൊത്തം സ്‌കോര്‍ 1000 കടക്കുന്നത്. ഇതിനുമുമ്പ് 2004-ല്‍ ഓസ്ട്രേലിയക്കെതിരേ രണ്ട് ഇന്നിങ്സുകളിലുമായി 916 റണ്‍സ് നേടിയതായിരുന്നു റെക്കോഡ്.