- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരങ്ങേറ്റം ഗംഭീരമാക്കിയ ബാറ്റര്‍; കാംബ്ലിയുടെ പിന്‍ഗാമിയാകുമെന്ന് പലരും കരുതിയ ഇടംകൈയന്‍; കേരളത്തിന്റെ കോച്ചായത് ഷോണ്‍ ടൈറ്റിനെ അടക്കം പിന്തള്ളി; കേരളത്തിന്റെ കുട്ടികളെ നിലയ്ക്ക് നിര്‍ത്തിയ പരിശീലന മികവ്; കേരളത്തെ രഞ്ജി ഫൈനിലെത്തിച്ച പരിശീലക യോദ്ധാവ്; അമയ് ഖുറേസിയയ്ക്ക് കേരളം നന്ദി പറയുമ്പോള്‍
അമയ് ഖുറേസിയയ്ക്ക് കേരളം നന്ദി പറയുമ്പോള്‍
അഹമ്മദാബാദ്: നന്ദി പറയേണ്ടത് കോച്ച് അമയ് ഖുറേസിയ സാറിനോടാണ്. ഇടയ്ക്ക് ക്രീസ് വിട്ടിറങ്ങി ബാറ്റു ചെയ്യാനൊക്കെ തോന്നും. അതു കോച്ചിനു മനസ്സിലാകും. ഇടവേളയില്‍ വെള്ളവുമായി ഗ്രൗണ്ടിലേക്ക് വരുന്ന ആളുടെ കയ്യില്‍ കോച്ചിന്റെ കുറിപ്പുണ്ടാകും. ക്രീസില്‍ നില്‍ക്കുന്ന നമ്മുടെ മാനസികാവസ്ഥയും ചിന്തയും അദ്ദേഹം കൃത്യമായി മനസ്സിലാക്കും. കളിക്കാരുടെ സെഞ്ചറിയോ വിക്കറ്റോ ഒന്നുമല്ല ടീമിന്റെ പ്ലാന്‍ നടപ്പാക്കുക എന്നതാണ് അദ്ദേഹത്തിന് പ്രധാനം. അത് തെറ്റിക്കുന്നത് ഇഷ്ടവുമല്ല-ഇത് കേരളാ ക്രിക്കറ്റിനെ ഫൈനലിലേക്ക് നയിച്ച ആദ്യ ഇന്നിംഗ്സിലെ നോട്ടൗട്ട് സെഞ്ച്വറി താരത്തിന്റെ വാക്കുകളാണ്.
സല്‍മാന്‍ നിസാറും എംഡി നിധീഷും അടക്കമുള്ള പോരാളികള്‍ കേരളാ ക്രിക്കറ്റിലുണ്ടെന്ന് കണ്ടെത്തിയ താരം. ടീമിന്റെ നായകന്‍ സച്ചിന്‍ ബേബിയ്ക്ക് കളിക്കളത്തില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയ വഴികാട്ടി. ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തുന്നു. വിദര്‍ഭയാണ് എതിരാളികള്‍. ക്വാര്‍ട്ടറിലും സെമിയിലും കേരളം കാട്ടിയത് സമാനതകളില്ലാത്ത പോരാട്ട മികവാണ്. ദേശീയ ക്രിക്കറ്റില്‍ അന്യമായി കൊണ്ടിരിക്കുന്ന പ്രതിരോധ കോട്ടയില്‍ എതിരാളികളെ വീഴ്ത്തിയ ക്രിക്കറ്റ് തന്ത്രം. കേരളാ ക്രിക്കറ്റിന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതിലാകാന്‍ കഴിയുമെന്ന് തെളിയിച്ച കോച്ച് അമയ് ഖുറേസിയ.
കേരളാ ടീമിന്റെ ഈ സീസണിലെ വജ്രായുധം സല്‍മാന്‍ നിസാര്‍ എന്ന ബാറ്റ്സ്മാനായിരുന്നു. എത്ര ഫോം കാട്ടിയിട്ടും സല്‍മാനെ ബാറ്റിംഗ് ഓര്‍ഡറില്‍ മുകളിലേക്ക് കോച്ച് കൊണ്ടു വന്നില്ല. വാലറ്റത്തിന് വിശ്വാസം നല്‍കി ഒറ്റയ്ക്ക് പോരാട്ടം നയിക്കാനുള്ള സല്‍മാന്റേയും മുഹമ്മദ് അസറുദ്ദീന്‍ എന്ന വിക്കറ്റ് കീ്പ്പറുടേയും പാടവം ഈ കോച്ച് തിരിച്ചറിഞ്ഞു. അവസാന ലീഗ് മത്സരം മുതല്‍ കേരളത്തിന് തുടര്‍ വിജയങ്ങള്‍ നല്‍കിയത് വാലറ്റവുമായി ചേര്‍ന്നുള്ള സല്‍മാന്റേയും അസറിന്റേയും പോരാട്ടങ്ങളാണ്.
എല്ലാ താരങ്ങള്‍ക്കും അത്ഭുതം കാട്ടാന്‍ കഴിയുമെന്ന വിശ്വാസം കോച്ച് കളിക്കാര്‍ക്ക് നല്‍കി. മത്സരം നടക്കുമ്പോള്‍ ഡഗ് ഔട്ടില്‍ ചിരിച്ചും ഉല്ലസിച്ചും ഇരിക്കുന്ന കോച്ചിനെ കിട്ടി. ഇതോടെ സമ്മര്‍ദ്ദം ടീമില്‍ നിന്നും അകന്നു. കോച്ചും ക്യാപ്ടനും ചീഫ് സെലക്ടര്‍ പി പ്രശാന്തും ചേര്‍ന്ന് തീരുമാനം എടുത്തു. അപ്പോഴും ഖുറേസിയയുടെ വാദങ്ങള്‍ തന്നെയാണ് ടീമിന്റെ സ്വാധീന ശക്തിയായി വേണ്ടത്. കളി ജയിക്കാന്‍ വേണ്ടത് വ്യക്തമായ തന്ത്രമാണ്. ഗുജറാത്തിനെതിരെ കേരളം അത് എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കി. ആദ്യം ബാറ്റ് ചെയ്താല്‍ പഞ്ചദിന മത്സരത്തിന്റെ ഏഴ് സെഷന്‍ ബാറ്റ് ചെയ്യുക. റണ്‍സ് നേടുക എന്നതില്‍ ഉപരി പിടിച്ചു നില്‍ക്കുക എന്നതായിരുന്നു തന്ത്രം.
അസറുദ്ദീന്‍ നേടിയ സെഞ്ച്വറിയില്‍ നിഴലിച്ചതും ഈ തന്ത്രമായിരുന്നു. അങ്ങനെ സ്‌കോര്‍ 450ന് മുകളില്‍ എത്തി. ഈ ഉയര്‍ന്ന സ്‌കോര്‍ സമ്മര്‍ദ്ദമാണ് ഗുജറാത്തിന് വെല്ലുവിളിയായതും അവര്‍ രണ്ടു റണ്‍സ് ലീഡ് കേരളത്തിന് വഴങ്ങിയതും. ടീമിന്റെ ഈ തന്ത്രത്തില്‍ നിന്നും വ്യതിചലിക്കാന്‍ ഒരു താരത്തേയും കോച്ച് അനുവദിച്ചതുമില്ല. അങ്ങനെയാണ് വിജയം കേരളത്തിന്റെ വഴിയിലെത്തിയത്. ഫൈനലില്‍ കരുത്തു കൂടുലുള്ള വിദര്‍ഭയാണ് എതിരാളികള്‍. അവിടെ ഖുറാസിയ എന്ത് പദ്ധതി എടുക്കുമെന്നതാണ് ഇനി അറിയേണ്ടത്.
വെങ്കട്ടരമണയുടെ പിന്‍ഗാമിയായി കേരളത്തിന്റെ പരിശീലക സ്ഥാനത്തെത്തിയ അമയ് ഖുറേസിയ ഇന്ത്യയ്ക്കായി 12 ഏകദിന മത്സരങ്ങളും മധ്യപ്രദേശിനായി 119 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. മധ്യപ്രദേശിന്റെ പരിശീലകനുമായിരുന്നു. ഓസ്ട്രേലിയയുടെ മുന്‍ ലോകകപ്പ് താരം ഷോണ്‍ ടെയ്റ്റും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഭാഷയടക്കം കളിക്കാര്‍ക്കു പ്രശ്നമാകുന്നതിനാല്‍ ഇത്തവണ വിദേശ കോച്ച് വേണ്ടെന്ന് കെസിഎ തീരുമാനിക്കുകയായിരുന്നു.
2020ല്‍ ഇന്ത്യന്‍ ടീം സെലക്ടറായും ഖുറേസിയയെ പരിഗണിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ജമ്മു-കശ്മീരിനെതിരേ മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങുംമുന്‍പ് കോച്ച് അമേയ് ഖുറേസിയ സല്‍മാന്‍ നിസാറിനും ബേസില്‍ തമ്പിക്കും പഴയൊരു വീഡിയോ കാണിച്ചു. എന്നിട്ടു പറഞ്ഞു: 'നിങ്ങളില്‍ വിശ്വസിക്കൂ. ഈ കൂട്ടുകെട്ടുപോലെ ക്രീസില്‍ നിന്നാല്‍ നമുക്ക് ചരിത്രം രചിക്കാം.' യു.പി.എസ്.സി. റാങ്കിന്റെ മികവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണോ, അതോ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റില്‍ കരിയര്‍ തിരഞ്ഞെടുക്കണോ എന്ന ചോദ്യം ഒരിക്കല്‍ അമേയ് ഖുറേസിയക്ക് നേരിടേണ്ടിവന്നു. ഏറെ വെല്ലുവിളികള്‍നിറഞ്ഞ രണ്ടാമത്തെ സാധ്യതയാണ് ഖുറേസിയ തിരഞ്ഞെടുത്തത്.
കളത്തിലും പുറത്തും കര്‍ക്കശക്കാരനാണ് ഖുറേസിയ. നന്നായി പരിശീലിക്കുന്നവരെ അതുപോലെ പ്രോത്സാഹിപ്പിച്ചു. അതിന് ഒരുങ്ങാത്തവരെ ടീമിന് പുറത്തിട്ടു. അച്ചടക്കത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. പരിശീലനത്തില്‍ മികച്ചുനിന്നവര്‍ക്ക് തുടരെ അവസരം നല്‍കി. ഫോമിലെത്തിയില്ലെങ്കിലും അടുത്തമത്സരത്തില്‍ അവര്‍ മികച്ചത് നല്‍കുമെന്ന് വിശ്വസിച്ചു. ആ വിശ്വാസം താരങ്ങളും കാത്തു. സല്‍മാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി. നിധീഷ് അടക്കമുള്ളവരുടെ ഫോമിനുപിന്നില്‍ ഖുറേസിയയുടെ പ്രചോദനമുണ്ട്.
ക്രിക്കറ്റില്‍ കരിയറും ജീവിതവും കണ്ടെത്തിയ ഖുറേസിയ ഇന്ത്യക്കായി കളിച്ചു. അരങ്ങേറ്റമത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ 45 പന്തില്‍ 57 റണ്‍സ്. അരങ്ങേറ്റം ഗംഭീരം. വിനോദ് കാംബ്ലിയുടെ പിന്‍ഗാമിയാകുമെന്ന് പലരും കരുതിയ ഇടംകൈയന്‍ ബാറ്റര്‍ക്ക് പിന്നീട് അധികം തിളങ്ങാനായില്ല. ശേഷം കളിച്ച 10 ഇന്നിങ്‌സില്‍ നേടിയത് 92 റണ്‍സ്. സ്വാഭാവികമായും ടീമിനു പുറത്തായി. ഇതിനിടെ 1999 ലോകകപ്പ് ടീമിലുണ്ടായിരുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ഖുറേസിയയുടെ അന്താരാഷ്ട്ര കരിയര്‍ ഒട്ടും ആകര്‍ഷകമായിരുന്നില്ല. പക്ഷേ, ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം സ്ഥിരതയോടെ കളിച്ചു. കളിക്കാരനായും പരിശീലകനായും തിളങ്ങി. ആ അനുഭവസമ്പത്ത് ഫലപ്രദമായി ഉപയോഗിച്ചതിന്റെ ഫലമാണ് കേരള രഞ്ജി ടീമിന്റെ ഫൈനല്‍ പ്രവേശം.
എം. വെങ്കട്ടരമണയുമായുള്ള കരാര്‍ അവസാനിച്ചതോടെ കേരളം പുതിയ പരിശീലകനെ അന്വേഷിച്ചുതുടങ്ങി. ഓസ്‌ട്രേലിയയുടെ ബൗളറായിരുന്ന ഷോണ്‍ ടെയ്റ്റ് ഉള്‍പ്പെടെ പത്തിലേറെപ്പേരുടെ അപേക്ഷയില്‍നിന്നാണ് ഖുറേസിയയെ കേരള പരിശീലകനായി നിയമിച്ചത്. സയ്യിദ് മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും നോക്കൗട്ട് കടക്കാനായില്ലെങ്കിലും ചില മികച്ച പ്രകടനങ്ങള്‍ ടീമില്‍നിന്നുവന്നു. രഞ്ജിയില്‍ അത് ഫൈനല്‍ പ്രവേശനമാകുന്നു.