ദുബായ്: ഏഷ്യാ കപ്പിൽ ഞായറാഴ്ച വീണ്ടും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. സൂപ്പർ ഫോർ ഘട്ടത്തിലാണ് ഇരു ടീമുകളും വീണ്ടും കളിക്കളത്തിലിറങ്ങുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിലുണ്ടായ വിവാദങ്ങളും പാകിസ്ഥാൻറെ മത്സര ബഹിഷ്കരണ ഭീഷണികളും വാർത്തകളിൽ നേടിയിരുന്നു. ഈ സാഹചര്യത്തിൽ ഞായറാഴ്ചത്തെ മത്സരം ഏറെ പ്രാധാന്യത്തോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

സൂപ്പർ ഫോറിൽ ഇന്ത്യയുടെ മറ്റു മത്സരങ്ങൾ സെപ്റ്റംബർ 24ന് ബംഗ്ലാദേശിനെതിരെയും, 26ന് ശ്രീലങ്കയ്ക്കെതിരെയും നടക്കും. ഇന്നലെ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയതോടെയാണ് ബംഗ്ലാദേശിന് സൂപ്പർ ഫോറിലേക്ക് മുന്നേറാൻ അവസരം ലഭിച്ചത്. ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാൻ വിജയിച്ചിരുന്നെങ്കിൽ മികച്ച നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ അവർ ബംഗ്ലാദേശിനെ മറികടന്ന് സൂപ്പർ ഫോറിലെത്തുമായിരുന്നു. ഇന്ന് നടക്കുന്ന ഇന്ത്യ-ഒമാൻ മത്സരഫലം ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൂപ്പർ ഫോറിലെ സ്ഥാനങ്ങൾക്ക് അപ്രസക്തമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാൻ, ഒമാനെയും യുഎഇയെയും പരാജയപ്പെടുത്തിയാണ് സൂപ്പർ ഫോറിലെത്തിയത്.