- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാ കപ്പ് കിരീട ജേതാക്കൾക്കുള്ള സമ്മാനത്തുകയിൽ ഇരട്ടി വര്‍ധനവ്; വിജയികൾക്ക് ലഭിക്കുക കോടികള്‍
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഫൈനലിൽ ഏറ്റുമുട്ടാനിരിക്കെ, കിരീട ജേതാക്കൾക്കുള്ള സമ്മാനത്തുകയിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഇരട്ടി വര്‍ധനവ് വരുത്തി. ഇത്തവണ കിരീടം ചൂടുന്ന ടീമിന് ലഭിക്കുക മൂന്ന് ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 2.6 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുകയായിരിക്കും. ഇത് 2023-ലെ സമ്മാനത്തുകയുടെ ഇരട്ടിയാണ്.
ഫൈനലിൽ രണ്ടാം സ്ഥാനം നേടുന്ന ടീമിന് ഒന്നര ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 1.3 കോടി രൂപ) ലഭിക്കും. ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 12.50 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. 2023-ൽ ഏകദിന ഫോർമാറ്റിൽ നടന്ന ഏഷ്യാ കപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് ലഭിച്ചത് 1.6 കോടി രൂപയായിരുന്നു. എന്നാൽ 2022-ലെ ടി20 ഫോർമാറ്റ് ഏഷ്യാ കപ്പിൽ കിരീടം നേടിയ ശ്രീലങ്കക്ക് 1.6 കോടി രൂപയും റണ്ണേഴ്സ് അപ്പായ പാകിസ്ഥാന് 79.66 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചിരുന്നു.
ഇന്ത്യയടക്കം എട്ട് ടീമുകളാണ് ഈ വർഷത്തെ ടി20 ഫോർമാറ്റ് ഏഷ്യാ കപ്പിൽ മത്സരിച്ചത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോംഗ്, യുഎഇ, ഒമാൻ എന്നീ ടീമുകളാണ് പങ്കെടുത്തത്. ആദ്യ റൗണ്ടിൽ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് മുന്നേറിയ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി. സൂപ്പർ ഫോറിലെ മത്സരങ്ങൾക്കൊടുവിൽ ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തുകയായിരുന്നു. എട്ട് തവണ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യയാണ് നിലവിലെ ജേതാക്കൾ.