മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം സുബ്രമണ്യം ബദരീനാഥ്. ബാറ്റിംഗ് മികവുള്ളവരെ അവഗണിച്ചു കൊണ്ട് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് മുന്‍താരം വിമര്‍ശനവുമായി രംംഗത്തുവന്നത്. ദേഹത്ത് ടാറ്റൂ പതിപ്പിച്ച, നടികളുമായി ബന്ധമുള്ള കളിക്കാര്‍ക്കേ ടീമില്‍ അവസരം ലഭിക്കുകയുള്ളൂവെന്ന് താരം പരിഹസിച്ചുകൊണ്ട് പറഞ്ഞു. മികച്ച ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനെ ശ്രീലങ്കക്കെതിരായ ഏകദിന-ട്വന്റി20 പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

'ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ നിങ്ങള്‍ക്ക് ഒരു 'ബാഡ് ഗയ്' ഇമേജ് ആവശ്യമാണെന്ന് തോന്നിപ്പോകുന്നു. റിങ്കു സിങ്ങിനെയും ഋതുരാജിനെയും പോലുള്ളവര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നില്ല. ബോളിവുഡ് നടിമാരുമായി ബന്ധം വേണം, ദേഹം നിറയെ ടാറ്റൂ വേണം, മീഡിയ മാനേജര്‍ വേണം. ഇതൊക്കെയുള്ളവര്‍ക്കേ ടീമില്‍ സ്ഥാനമുള്ളൂ' -താരം സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു.

സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവര്‍ ടീമിലേക്കു തിരിച്ചെത്തിയതോടെയാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ടീമില്‍നിന്ന് ഋതുരാജ് ഗെയ്ക്വാദ് പുറത്തായത്. സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഗെയ്ക്വാദ് മൂന്നു മത്സരങ്ങളില്‍നിന്ന്, ഏഴ്, 77, 49 എന്നിങ്ങനെ സ്‌കോര്‍ നേടി മികവ് കാട്ടിയിരുന്നു.

ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെയും സഞ്ജു സാംസണെയും ഏകദിന ടീമില്‍നിന്ന് ഒഴിവാക്കിയതും ട്വന്റി 20യില്‍ ഹാര്‍ദികിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ നായകനാക്കിയതും സിംബാബ്?വെ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മയെ തഴഞ്ഞതും ചര്‍ച്ചയായി. ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ളവരും ടീം സെലക്ഷനെതിരെ വിമര്‍ശനമുയര്‍ത്തി.

ഏകദിന ടീമിനെ രോഹിത് ശര്‍മയും ട്വന്റി 20 ടീമിനെ സൂര്യകുമാര്‍ യാദവുമാണ് നയിക്കുന്നത്. രോഹിത് ശര്‍മ ട്വന്റി 20യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഹാര്‍ദിക് പാണ്ഡ്യയാണോ സൂര്യയാണോ അടുത്ത നായകനെന്ന സസ്?പെന്‍സിന് ഇതോടെ വിരാമമായിരുന്നു. ഇരു ഫോര്‍മാറ്റിലും ശുഭ്മന്‍ ഗില്‍ ആണ് വൈസ് ക്യാപ്റ്റന്‍. ട്വന്റി 20യില്‍ വിക്കറ്റ് കീപ്പര്‍മാരായി ഋഷബ് പന്തും സഞ്ജു സാംസണും ടീമിലുണ്ട്. അതേസമയം, ഏകദിനത്തില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയപ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത് കെ.എല്‍ രാഹുലാണ്.

ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍, ഋഷബ് പന്ത്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹ്മദ്, ഹര്‍ഷിത് റാണ.

ട്വന്റി 20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, ഋഷബ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹ്മദ്, മുഹമ്മദ് സിറാജ്.