ഇസ്ലാമാബാദ്: വരാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ കളിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് മുൻ പാക് ക്രിക്കറ്റ് താരം ബാസിത് അലി. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ പാക്കിസ്ഥാൻ ടീം നേരിട്ട നാണംകെട്ട പരാജയങ്ങളുടെ പശ്ചാത്തലത്തിലാണ് അലിയുടെ ഈ പ്രസ്താവന. ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ നാണംകെട്ട് തോൽക്കുമെന്നും മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക്കിസ്ഥാൻ ഏഷ്യ കപ്പിൽ ഏറ്റുമുട്ടുന്നത്. മത്സരത്തെക്കുറിച്ചും സൂപ്പർ ഫോർ ഘട്ടത്തിൽ വീണ്ടും ഏറ്റുമുട്ടാനുള്ള സാധ്യതയെക്കുറിച്ചും സംസാരിക്കവെയാണ് അലി തന്റെ ആശങ്ക പ്രകടിപ്പിച്ചത്. അടുത്തിടെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പാക്കിസ്ഥാൻ 2-1 ന് പരാജയപ്പെട്ടിരുന്നു. 34 വർഷങ്ങൾക്ക് ശേഷമാണ് പാക്കിസ്ഥാൻ വെസ്റ്റിൻഡീസിനോട് ഒരു ഏകദിന പരമ്പരയിൽ തോൽക്കുന്നത്. ഈ പരാജയം അദ്ദേഹത്തിന്റെ ആശങ്ക വർദ്ധിപ്പിച്ചു.

'ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ സംഭവിച്ചതുപോലെ, ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ വിസമ്മതിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കാരണം, അവർ നമ്മളെ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി തോൽപ്പിക്കും' ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കവെ ബാസിത് അലി പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇതുവരെ കളിച്ച 13 മത്സരങ്ങളിൽ 10 ലും ഇന്ത്യയാണ് വിജയിച്ചത്. 2024 ടി20 ലോകകപ്പിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ 120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് ആറ് റൺസിന്റെ പരാജയം നേരിട്ടിരുന്നു. സമീപകാലത്ത് യുഎസ്എ, സിംബാവെ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ താഴെ റാങ്കിലുള്ള ടീമുകളോട് പോലും പാക്കിസ്ഥാൻ നാണംകെട്ട പരാജയങ്ങൾ ഏറ്റുവാങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്റെ പ്രകടനം മോശമാവുകയാണെന്നും ഏഷ്യാ കപ്പിലും സമാനമായ വിധി നേരിടേണ്ടി വരുമെന്നുമാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം.

ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്ന് ഇന്ത്യ ആദ്യം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റി. ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നെങ്കില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംശയത്തിലാകുമായിരുന്നു. ടൂര്‍ണമെന്റിന്റെ സാമ്പത്തിക പിന്തുണയുടെ വലിയൊരു പങ്കും ഇന്ത്യന്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നാണ്.