- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രിക്കറ്റിന്റെ നിയമം പറയുന്ന ഒരു പുസ്തകത്തിലും കൈകൊടുക്കലിനെ കുറിച്ച് പരാമര്‍ശമില്ല; പാക് താരങ്ങള്‍ക്ക് കൈകൊടുക്കാത്തതില്‍ വിശദീകരണവുമായി ബി.സി.സി.ഐ
'ക്രിക്കറ്റിന്റെ നിയമം പറയുന്ന ഒരു പുസ്തകത്തിലും കൈകൊടുക്കലിനെ കുറിച്ച് പരാമര്‍ശമില്ല
മുംബൈ: ഏഷ്യാകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഹസ്തദാനം നടത്താതെ തിരികെ മടങ്ങിയത് വലിയ വിവാദമായിരുന്നു. പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയെ ടോസിങ്ങിനിടെ ഉള്‍പ്പെടെ അവഗണിച്ചാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഗ്രൗണ്ട് വിട്ടത്. മത്സരശേഷം എതിര്‍ ടീം അംഗങ്ങള്‍ക്ക് കൈകൊടുത്ത് പിരിയുന്ന സാധാരണ നടപടിയും ഇന്ത്യ അുസരിച്ചില്ല. ഈ വിഷയത്തില്‍ ബിസിസിഐ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു.
താരങ്ങള്‍ പരസ്പരം ഹസ്തദാനം നടത്തണമെന്ന് ക്രിക്കറ്റ് നിയമങ്ങളില്‍ എവിടെയും പരാമര്‍ശമില്ലെന്നും നിലവിലെ ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷ സാഹചര്യത്തില്‍ സ്വീകരിച്ച സമീപനത്തെ തെറ്റാണെന്ന് പറയാനാകില്ലെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ''ക്രിക്കറ്റിന്റെ നിയമം പറയുന്ന ഒരു പുസ്തകത്തിലും കൈകൊടുക്കലിനെ കുറിച്ച് പരാമര്‍ശമില്ല. അതൊരു സൗഹാര്‍ദ സമീപനവും പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന കീഴ്വഴക്കവുമാണ്. നിയമമല്ല. എല്ലാ കായിക മത്സരങ്ങളിലും നിലനില്‍ക്കുന്ന രീതിയാണത്. അത്തരത്തില്‍ നിയമം നിഷ്‌കര്‍ഷിക്കാത്തിടത്തോളം, നല്ല ബന്ധത്തിലല്ലാത്ത ഒരു എതിരാളിക്ക് കൈകൊടുക്കേണ്ട കാര്യം ഇന്ത്യന്‍ ടീമിനില്ല'' -ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് മാച്ച് റഫറിയെ മാറ്റണമെന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി. ടൂര്‍ണമെന്റിന്റെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ഒഴിവാക്കിയില്ലെങ്കില്‍ ഏഷ്യകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നായിരുന്നു പി.സി.ബി അധ്യക്ഷന്‍ മുഹ്‌സിന്‍ നഖ്‌വിയുടെ ഭീഷണി. കളിക്കളത്തിലെ ഇത്തരമൊരു സാഹചര്യത്തിന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റാണ് ഉത്തരവാദിയെന്നാരോപിച്ചാണ് പി.സി.ബി ഐ.സി.സിക്ക് പരാതി നല്‍കിയത്.
ഐ.സി.സി പെരുമാറ്റ ചട്ടവും എം.സി.സി ചട്ടങ്ങളും ലംഘിക്കുന്നതായിരുന്നു മാച്ച് റഫറിയുടെ നടപടിയെന്നാണ് പി.സി.ബി ആക്ഷേപം. ഇന്ത്യന്‍ ക്യാപ്റ്റനുമായി ഹസ്തദാനം വേണ്ടെന്ന് ടോസിങ്ങിനിടെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാകിസ്താന്‍ നായകന്‍ സല്‍മാന്‍ അലി ആഗയെ അറിയിച്ചുവെന്നായിരുന്നു മുഹ്‌സിന്‍ നഖ്‌വി വ്യക്തമാക്കിയത്. കായിക സ്പിരിറ്റിന് ചേര്‍ന്നതല്ലെന്ന് ആരോപിച്ച് പാകിസ്താന്‍ ടീം മാനേജ്‌മെന്റ് സംഭവത്തില്‍ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.