- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിച്ച് തയാറാക്കിയത് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം; മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; പ്രസ്താവനയില്‍ ബിസിസിഐക്ക് അതൃപ്തി; ഗംഭീറിനെതിരെ തല്ക്കാലം നടപടിയുമുണ്ടാകില്ല
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കൊൽക്കത്ത ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കോച്ച് ഗൗതം ഗംഭീർ നടത്തിയ പ്രസ്താവനയിൽ ബിസിസിഐക്ക് (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) കടുത്ത അതൃപ്തി. എന്നാൽ, തൽക്കാലം ഗംഭീറിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും ടി20 ലോകകപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
രണ്ടര ദിവസം കൊണ്ട് അവസാനിച്ച കൊൽക്കത്ത ടെസ്റ്റിൽ നാലാം ഇന്നിംഗ്സിൽ 124 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93 റൺസിന് ഓൾ ഔട്ടായി 30 റൺസിന്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു. സ്പിന്നർമാരെ അമിതമായി തുണച്ച പിച്ചിൽ സിമോൺ ഹാർമർ, കേശവ് മഹാരാജ് എന്നിവരുടെ സ്പിൻ ആക്രമണത്തിലാണ് ഇന്ത്യ അടിതെറ്റി വീണത്.
മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ, തങ്ങൾ ആഗ്രഹിച്ച വിക്കറ്റ് തന്നെയാണ് കൊൽക്കത്തയിൽ ലഭിച്ചതെന്നും തോൽവിയിൽ പിച്ചിനെ കുറ്റം പറയാനാകില്ലെന്നും ഗംഭീർ പറഞ്ഞിരുന്നു. ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ നിർദേശപ്രകാരമാണ് പിച്ച് തയ്യാറാക്കിയതെന്ന് ചീഫ് ക്യൂറേറ്റർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഗംഭീറിന്റെ ഈ പ്രതികരണം. ക്യൂറേറ്റർ മികച്ച പിച്ച് ഒരുക്കിയെന്നും, എന്നാൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഗംഭീറിന്റെ ഈ പ്രസ്താവനയിൽ ബിസിസിഐക്ക് കടുത്ത അതൃപ്തിയുണ്ടെങ്കിലും, നിലവിൽ മറ്റൊരാളെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാൻ ഇല്ലാത്തതിനാലും, അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് കേവലം രണ്ട് മാസത്തിൽ താഴെ മാത്രം ബാക്കിയുള്ളതിനാലും തൽക്കാലം നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ബോർഡ് നിർബന്ധിതരാവുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കോച്ച് ഗൗതം ഗംഭീറുമായും ചീഫ് സെലക്ടർ അജിത് അഗാർക്കറുമായും ബിസിസിഐ വിലയിരുത്തൽ നടത്തുമെങ്കിലും, ഉടൻ നടപടികൾ ഉണ്ടാകില്ല.




